മസ്ജിദുല്‍ അഖ്‌സയില്‍ കണ്ടത് വലിയ അതിക്രമം; കൂടുതല്‍ പേര്‍ക്ക് പരിക്ക്

അഖ്സ കോമ്പൗണ്ടിലെ ഡോം ഓഫ് ദി റോക്ക് മസ്ജിദിനുപുറത്ത് ശനിയാഴ്ച രാത്രി നടന്ന നമസ്കാരം

ജറൂസലം- ഫലസ്തീനി വീടുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം അവസാനിപ്പിക്കുന്നതിന് ഇസ്രായിലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം തുടരുന്നതിനിടെ, ജറൂസലമില്‍ പോലീസ് നടപടിയില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. ഇസ്രായില്‍ പോലീസ് ജലപീരങ്കികളും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ഫലസ്തീനികള്‍ക്ക് പരിക്കേറ്റത്. മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരച്ചുകയറിയ പോലീസും ഫലസ്തീനികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് അല്‍ അഖ്‌സ സമുച്ചയം വലിയ സംഘര്‍ഷ ഭൂമിയായത്.
അഖ്‌സ പള്ളിയില്‍ നടത്തിയ അതിക്രമത്തിനു പിന്നാലെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായെങ്കിലും പോലീസ് നടപടിയെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യായീകരിച്ചു. ക്രമസമാധാന പാലനം ഉറപ്പുവരുത്തുക മാത്രമാണ് പോലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് ശൈഖ് ജര്‍റാഹില്‍ നടന്ന റാലിയെ പിരിച്ചുവിട്ടതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ ഗാസയില്‍നിന്ന് ഇസ്രായിലിലേക്ക് റോക്കറ്റ് തൊടുത്തുവെന്നും പിന്നാലെ ഇസ്രായില്‍ സേന ഗാസയില്‍ വ്യാമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജറൂസലമില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് ഇസ്രായില്‍ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും 13 പേരെ അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

 

Latest News