Sorry, you need to enable JavaScript to visit this website.

ലണ്ടന്‍ മേയറായി വീണ്ടും സാദിഖ് ഖാന്‍; യൂറോപ്പിലെ ആദ്യ മുസ്ലിം മേയര്‍ക്ക് ഭരണത്തുടര്‍ച്ച

ലണ്ടന്‍- ലേബര്‍ പാര്‍ട്ടി നേതാവ് സാദിഖ് ഖാന്‍ വീണ്ടും ബ്രിട്ടീഷ് തലസ്ഥാന നഗരമായ ലണ്ടനിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷോണ്‍ ബെയ്‌ലിയ പരാജപ്പെടുത്തിയാണ് മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാദിഖ് ഖാന്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. 2016ല്‍ ആദ്യമായി മേയര്‍ പദവിയിലെത്തുമ്പോള്‍ ഒരു പടിഞ്ഞാറന്‍ രാജ്യത്തിന്റെ തലസ്ഥാന നഗര മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം ആയിരുന്നു സാദിഖ് ഖാന്‍. പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ ഒരു ബസ് ഡ്രൈവറുടെ മകനായി സാധാരണക്കാരനായി വളര്‍ന്നാണ് സാദിഖ് ഖാന്‍ ഈ പദവിയിലെത്തിയത്. 

മേയര്‍ പദവിയില്‍ തന്റെ മുന്‍ഗാമിയായിരുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സാദിഖ് പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. ബ്രെക്‌സിറ്റിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക യാത്രാവിലക്കേര്‍പ്പെടുത്തിയതിനെ ചൊല്ലി മുന്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപുമായും സാദിഖ് ഖാന്‍ വാക്‌പോരിലേര്‍പ്പെട്ടിരുന്നു. ട്രംപിന്റെ അധിക്ഷേപങ്ങളെ ശക്തമായി എതിരിട്ട് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

1970ല്‍ ലണ്ടനില്‍ ജനിച്ച സാദിഖ് ഖാന്‍ ടൂട്ടിങിലെ ഒരു പബ്ലിക് ഹൗസിങിലാണ് വളര്‍ന്നത്. യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ലണ്ടനില്‍ നിന്ന് നിയമ ബിരുദം നേടി. 15ാം വയസ്സിലാണ് ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 1994ല്‍ ടൂട്ടിങ് നഗരസഭയിലേക്ക് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ പാര്‍ലമെന്റ് അംഗമായി. മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരില്‍ 2008ല്‍ സാദിഖ് ഖാന്‍ ഗതാഗത മന്ത്രിയായിരുന്നു. ഭാവിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തുമെന്ന് കരുതപ്പെടുന്ന നേതാവ് കൂടിയാണ് സാദിഖ് ഖാന്‍. ബ്രിട്ടനില്‍ ഒരു മുസ്ലിം പ്രധാനമന്ത്രിക്കായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും എന്നാല്‍ അത് താനായിരിക്കില്ലെന്നും സാധിഖ് ഖാന്‍ നേരത്തെ പ്രവചിച്ചിരുന്നു.

സൗദിയില്‍ പെരുന്നാളിന് സാധ്യത വ്യാഴാഴ്ച

Latest News