Sorry, you need to enable JavaScript to visit this website.

ഓക്‌സിജന്‍ വിതരണം ഇനി സുപ്രീം കോടതി നിയോഗിച്ച ദേശീയ ദൗത്യസേനയുടെ മേല്‍നോട്ടത്തില്‍

ന്യൂദല്‍ഹി- കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി 12 അംഗ ദൗത്യസേനയെ നിയോഗിച്ചു. കടുത്ത ക്ഷാമം നേരിടുന്ന മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് ശാസ്ത്രീയമായ മാതൃക രൂപീകരിക്കാനാണ് കോടതി ദൗത്യസേനയുടെ ചുമതലപ്പെടുത്തിയത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് ഈ ദേശീയ ദൗത്യസേനയുടെ കണ്‍വീനര്‍. രാജ്യത്തെ പ്രമുഖ സ്വകാര്യ, പൊതുമേഖലാ ആശുപത്രി മേധാവിമാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരാണ് ഈ ദൗത്യസംഘത്തിലുള്ളത്.

സമയാസമയം റിപോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംഘം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ തുല്യമായും യുക്തിപരമായും വിതരണം ചെയ്യാന്‍ ശാസ്ത്രീയമായ മാര്‍ഗമുണ്ടാക്കുക എന്നതാണ് ഈ സംഘത്തിന്റെ പ്രധാന ചുമതല. കോവിഡ് പ്രതിസന്ധിയുടെ രൂക്ഷതയും പ്രതീക്ഷിക്കപ്പെടുന്ന ആവശ്യകതയും കണക്കിലെടുത്ത് ഓക്‌സിജന്‍ വിതരണം സംബന്ധിച്ച് കൃത്യസമയങ്ങളില്‍ നിര്‍ദേശങ്ങളും ഈ സംഘം നല്‍കണം. 

ദല്‍ഹിയിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ഓക്‌സിജന്‍ വിതരണവും വിശദമായി വിലയിരുത്താനായി ഒരു ഉപസംഘത്തേയും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എംആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് ചുമതലപ്പെടുത്തി. ദല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ മേധാവി സന്ദീപ് ബുദ്ധിരാജ, ജോയിന്റ് സെക്രട്ടറി റാങ്കിനു താഴെയുള്ള രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് ഉപസംഘം.

കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് ഈ ദൗത്യസംഘത്തെ സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത്. മേയ് ആറിനാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. ശനിയാഴ്ചയാണ് ഈ ഉത്തരവ് സൈറ്റില്‍ അപ്ലോഡ് ചെയ്തത്.
 

Latest News