Sorry, you need to enable JavaScript to visit this website.

കമ്മീഷൻ അംഗീകാരം നഷ്ടമാകുന്നു; അനൂപിനേയും കാപ്പനെയും അനുനയിപ്പിക്കാൻ പി.ജെ. ജോസഫിന്റെ ശ്രമം

കോട്ടയം- തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിലേക്ക് പി.ജെ. ജോസഫ് വിഭാഗം ഒതുങ്ങിയതോടെ സംസ്ഥാന പാർട്ടി അംഗീകാരത്തിനായി എം.എൽ.എമാരെ ഒപ്പം ചേർക്കാൻ പാർട്ടി തലത്തിൽ നീക്കം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിൽ ലയിച്ചുവെങ്കിലും ഇലക്ഷനിൽ നല്ല പ്രകടനം കാഴ്ചവെക്കാനായില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാന പാർട്ടി പദവി അംഗീകാരത്തിനായി ആളെ കൂട്ടാനുള്ള നടപടി തുടങ്ങിയത്. പിറവം എം.എൽ.എ അനൂപ് ജേക്കബിനെയും പാലായിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച മാണി സി. കാപ്പനെയും ചേർത്തു നിർത്താനാണ് പരിപാടി. ഇരുവരും ജോസഫിനൊപ്പം എത്തിയാൽ നാല് എം.എൽ.എമാരാവും കൂടാരത്തിൽ. ഇതോടെ സംസ്ഥാന പാർട്ടി അംഗീകാരം കിട്ടും. പി.ജെ. ജോസഫ് നേരിട്ടാണ് രണ്ട് എം.എൽ.എമാരെയും ക്യാമ്പിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്. പി.ജെ. ജോസഫിന്റെ ഒപ്പമുള്ള മോൻസ് ജോസഫ് എം.എൽ.എയാണ് മധ്യസ്ഥ നീക്കങ്ങൾ നടത്തുന്നത്.


തെരഞ്ഞെടുപ്പിന് മുമ്പ് അനൂപുമായും കാപ്പനുമായും ജോസഫ് വിഭാഗം പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം കിട്ടുമെന്നതിനാൽ അനൂപ് ഇതിനോട് താത്പര്യം കാട്ടിയില്ല. മാത്രമല്ല പഴയ ചെയർമാൻ ജോണി നെല്ലൂർ അനൂപിനെവിട്ട് ജോസഫ് ഗ്രൂപ്പിൽ ലയിച്ചതിനാൽ വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ മടികാണിച്ചു. ജോണി നെല്ലൂരിന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരാൻ അനൂപിന് താൽപര്യമില്ല. 


കാപ്പനെ സംബന്ധിച്ചിടത്തോളം സ്വന്തം പാർട്ടി രൂപവൽകരിച്ച് രണ്ടു സീറ്റും മത്സരിക്കാൻ നേടിയ സാഹചര്യത്തിൽ മറ്റൊരു ലയനം താത്പര്യപ്പെട്ടില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാലയെ അവരുടെ സിറ്റിംഗ് സീറ്റായാണ് കണക്കാക്കുന്നത്. അത് കാപ്പന് വിട്ടുകൊടുക്കുന്നതായി ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അംഗീകാരം എന്ന ലക്ഷ്യത്തോടെ ഒന്നിച്ചുപോകലിന് ശ്രമം നടത്തിയത്.


നിലവിൽ പി.സി. തോമസുമായി ലയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രജിസ്റ്റേഡ് പാർട്ടി സ്ഥാനംനേടി. ഇപ്പോൾ കിട്ടിയ ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരൻ എന്ന ചിഹ്നം സ്ഥിരമായി അംഗീകരിച്ച് കിട്ടണമെങ്കിൽ അംഗീകൃത പാർട്ടിയാകണം. അതിന് നാല് എം.എൽ.എ.മാരോ അല്ലെങ്കിൽ രണ്ട് എം.എൽ.എമാരും ഒരു എം.പിയോ ഒപ്പമുണ്ടാകണം. ആറ് ശതമാനം വോട്ടെന്ന കടമ്പയിലും പാർട്ടിക്ക് പാളി. 5.50 ശതമാനമാണ് വോട്ട്. 


അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുമ്പോൾ അംഗീകാരം പ്രധാനമാണ്. എം.പി സ്ഥാനം നേടുക എന്നത് സമീപഭാവിയിൽ നടക്കുന്ന കാര്യമല്ല. അനൂപും കാപ്പനും ഒപ്പം നിന്നാൽ പി.ജെ. ജോസഫിന് സംസ്ഥാന പാർട്ടിയാവാം. പി.ജെയോട് കാപ്പൻ അനുകൂല നിലപാട് സ്വീകരിച്ചാലും അനൂപിന് താൽപര്യക്കുറവാണ്. 
പിറവത്ത് ഇടതു തരംഗത്തിനിടയിലും വിജയിക്കാനായതിനാൽ തന്നെ അനൂപിന് യു.ഡി.എഫിൽ പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ ജോസഫിന്റെ വിലാസം അനൂപിന് ആവശ്യമില്ല. എങ്കിലും അനൂപിനെ വലയിലാക്കാൻ ജോസഫ് അനുനയ നീക്കത്തിലാണ്.

 

Latest News