Sorry, you need to enable JavaScript to visit this website.

സംവരണ വിധി: പുതിയ സർക്കാരിന്  വലിയ വെല്ലുവിളി

ഇരുതല മൂർച്ചയുള്ള വാളാണ് സംവരണം. സർക്കാരുകളെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയും അതേ സമയം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള ഏറ്റവും മികച്ച ഉപാധിയും. സംവരണത്തിന്റെ തോത് ഒരു കാരണവശാലും 50 ശതമാനം കവിയരുതെന്ന കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി കേരളത്തെയും തുടർഭരണത്തിലേക്ക് എത്തിയിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിയതോടെ കേരളത്തിലെ ആകെ സംവരണ തോത് 60 ശതമാനത്തിലെത്തിയിരിക്കുകയാണ്.

ഇതിന് പുറമെ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സി സംവരണത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 
മറാത്താ വിഭാഗത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന നിയമം കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ഈ വിധിയിലാണ് സംവരണ തോത് 50 ശതമാനം കവിയരുതെന്ന സുപ്രധാന ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ഉത്തരവിനെ എങ്ങനെ നേരിടുമെന്നതാണ് വീണ്ടും  അധികാരത്തിലേറുന്ന ഇടതുമുന്നണി സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സുപ്രീം കോടതി വിധിയെ മറികടന്ന് നിലവിലുള്ള മുന്നോക്ക സംവരണം സംരക്ഷിച്ചു നിർത്തുകയെന്നത് എളുപ്പമല്ല.


ആകെ സംവരണം 50 ശതമാനം കവിയരുതെന്ന് 1992 ലെ ഇന്ദ്രാസാഹ്നി കേസിൽ കോടതി നേരത്തെ തന്നെ വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. ഇതിനെതിരെ നിലപാടെടുത്ത കേന്ദ്ര സർക്കാരിന്റെയും കേരളം ഉൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകളുടെയും വാദങ്ങൾ പൂർണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇപ്പോൾ അന്തിമ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. 
കേരളത്തെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകൾ ഉൾപ്പെടെയുള്ള വിവിധ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം നേരത്തെ 50 ശതമാനത്തിൽ നിജപ്പെടുത്തിയിരുന്നതാണ്. എന്നാൽ 2020 ജനുവരിയിൽ മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെ സംവരണത്തിന്റെ തോത് 60 ശതമാനമായി ഉയരുകയായിരുന്നു.


സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനെതിരെ ഉയർന്ന വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളും കണക്കിലെടുക്കാതെയാണ് 10 ശതമാനം സംവരണം സർക്കാർ കൊണ്ടുവന്നത്. പിന്നോക്കക്കാർക്കുള്ള സംവരണം വെട്ടിച്ചുരുക്കുകയോ നിലവിലുള്ള 50 ശതമാനം സംവരണത്തിൽ മുന്നോക്കക്കാർക്കുള്ള സംവരണം കൂടി ഉൾപ്പെടുത്തുകയോ ചെയ്യുമെന്ന ഭയമാണ് പ്രതിഷേധങ്ങൾ ഉയരാൻ പ്രധാന കാരണമായിരുന്നത്. മാത്രമല്ല, സാമുദായിക പിന്നോക്കാവസ്ഥ മാത്രമാണ് സംവരണത്തിന് പരിഗണിക്കേണ്ടതെന്നും ആരെയും സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തലല്ല സംവരണത്തിന്റെ ലക്ഷ്യമെന്നും ഭരണഘടനാ ശിൽപികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് സാമ്പത്തിക സംവരണത്തെ എതിർക്കുന്നവരുടെ വാദം. 


രാജ്യത്ത് നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ ഭാഗമായി സവർണരുടെ അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും വിധേയരാകേണ്ടി വന്ന പിന്നോക്ക ജാതിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി മാത്രമാണ് സംവരണം കൊണ്ടുവന്നതെന്നും ഇതിൽ സാമ്പത്തിക വിഷയങ്ങൾ കൂട്ടിക്കലർത്തുന്നത് സംവരണത്തിന്റെ അന്തഃസത്തയെ തന്നെ തകിടം മറിക്കുന്നതാണെന്നുമാണ് പ്രബലമായ വാദം. ഈ നിലപാടിന് സമൂഹത്തിൽ വലിയ തോതിൽ പിന്തുണ ലഭിക്കുന്നുമുണ്ട്. എന്നാൽ മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അതിന്റെ പേരിൽ മാത്രം പഠനത്തിനും ജോലി തേടുന്നതിനുമുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്കെതിരാണ് എന്ന നിലപാടാണ് സർക്കാരിനുള്ളത്. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയതിനെ ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ന്യായീകരിക്കുന്നത്.


നിലവിലുള്ള പിന്നോക്ക സമുദായ സംവരണത്തിന് യാതൊരു ഇടിവും സംഭവിക്കില്ലെന്നും കൂടുതലായി 10 ശതമാനം സംവരണം കൊണ്ട് വരികയാണ് ചെയ്യുന്നതെന്നുമായിരുന്നു സർക്കാരിന്റെ ഉറപ്പ്. ഈ ഉറപ്പിൻമേൽ മാത്രമാണ് സംവരണത്തിന്റെ കാര്യത്തിൽ പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ള  വലിയ പ്രക്ഷോഭങ്ങൾ കേരളത്തിൽ ഒഴിവായത്. എന്നാൽ ഇപ്പോഴത്തെ സുപ്രീം കോടതി വിധി മുന്നോക്ക സംവരണത്തെയാകെ തകിടം മറിച്ചിരിക്കുകയാണ്. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണം നിലനിർത്തുന്നതിന് ഇനി എന്ത് ചെയ്യാനാകും എന്നതാണ് സംസ്ഥാന സർക്കാർ അഭിമുഖീകരിക്കുന്ന എറ്റവും വലിയ ചോദ്യം.

മുന്നോക്ക സംവരണം കേരളത്തിൽ പ്രാബല്യത്തിൽ വരികയും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ അത് റദ്ദാകുകയും ചെയ്യുന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധികളും രാഷ്ട്രീയമായ പ്രത്യാഘാതങ്ങളുമായിരിക്കും പുതിയ സർക്കാരറിന് നേരിടേണ്ടി വരിക.
ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നതാണ് പുതുതായി വരുന്ന സർക്കാരിനു മുന്നിലുള്ള വെല്ലുവിളി. പുതിയ സർക്കാരിന്റെ സ്ഥാനാരോഹണം നടക്കാത്തതിനാലും കാവൽ സർക്കാർ തുടരുന്നതിനാലുമാണ് സുപ്രീം കോടതിയുടെ സംവരണ വിധി ഇപ്പോൾ വലിയ ഒരു ചർച്ചയായി ഉയർന്നു വരാത്തത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുതിയ സർക്കാരിന്റെ നിലപാട് എന്തായിരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


സംവരണ നിയമം നിലവിലുണ്ടെങ്കിലും മുസ്‌ലിംകൾ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് കേരളത്തിൽ നിയമാനുസൃതമായ സംവരണം അതിന്റെ പൂർണ അർത്ഥത്തിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ  കണ്ടെത്തിയതാണ്.  തൊഴിലിൽ സംവരണ തത്വങ്ങൾ വലിയ തോതിൽ അട്ടിമറിക്കപ്പെട്ടതായി വ്യക്തമായിരുന്നു. ബാക്ക് ലോഗ് നികത്തുന്നതിനാവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും  കമ്മീഷൻ നിർദേശിച്ചിരുന്നതാണ്. ഇതിനിടയിലാണ് മുന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം കൂടി കൊണ്ടുവന്നത് വലിയ ആശയക്കുഴപ്പത്തിനിടയാക്കിയത്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്ന മുറവിളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള  ആദ്യ ഭരണ പരിഷ്‌കാര കമ്മീഷൻ തന്നെ സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ട് വെച്ചിരുന്നതാണ്. മുന്നോക്ക വിഭാഗങ്ങൾ ഇതിനു വേണ്ടിയുള്ള ശക്തമായ സമ്മർദങ്ങൾ പിന്നീട് വന്ന സർക്കാരുകളിൽ നിരന്തരമായി ചെലുത്തുകയും ചെയ്തിരുന്നു.


1992 ലെ മണ്ഡൽ കേസ് എന്ന് അറിയപ്പെടുന്ന ഇന്ദ്രാസാഹ്നി കേസിൽ സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന നിലപാട് സുപ്രീം കോടതി നേരത്തെ തന്നെ തീരുമാനിച്ചതാണ്. എന്നാൽ ഈ നിലപാട് കോടതി തിരുത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം കൊണ്ടുവന്നത്. മറ്റു ചില സംസ്ഥാനങ്ങളും വിവിധ വിഭാഗങ്ങൾക്ക് സംവരണം നൽകാനായി ഇതേ രീതി തന്നെയാണ് അവലംബിച്ചത്.  സംവരണം 50 ശതമാനത്തിനപ്പുറം പാടില്ലെന്ന് സുപ്രീം കോടതി ഭരണഘടാനാ ബെഞ്ച് അന്തിമ വിധി പ്രഖ്യാപിച്ചതോടെ കേരളത്തിലെ മുന്നോക്ക സംവരണം നിയമപരമായി റദ്ദാക്കപ്പെട്ടിരിക്കുകയാണ്. 


സുപ്രീം കോടതി വിധി മറികടന്ന് 50 ശതമാനത്തിലധികം സംവരണം നിലനിർത്തണമെങ്കിൽ നിയനിർമാണം നടത്തുക മാത്രമാണ് ഏക പോംവഴി. എന്നാൽ സംസ്ഥാനത്തിന് അത്തരമൊരു നിയമ നിർമാണം സാധ്യമല്ല. കേന്ദ്ര സർക്കാരാണ് അതിന് മുൻകൈ എടുക്കേണ്ടത്. സംവരണം 50 ശതമാനത്തിൽ അധികമാകുന്നതിൽ തെറ്റില്ലെന്നാണ് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ വാദിച്ചത്. അതുകൊണ്ട് തന്നെ വിധി മറികടക്കാനായി കേന്ദ്രം നിയനിർമാണം നടത്തുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി കേന്ദ്രത്തിൽ പരമാവധി സമ്മർദം ചെലുത്തുകയാകും കേരളം ഇനി ചെയ്യാൻ പോകുന്നത്.


സംവരണത്തിന് അർഹരായ സമുദായങ്ങളെ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും കേന്ദ്രത്തിനും രാഷ്ട്രപതിക്കുമാണ് അതിനുള്ള അധികാരമെന്നും സുപ്രീം കോടതിയുടെ വിധിയിൽ പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ ക്രിസ്ത്യൻ നാടാർ സമുദായത്തിന് അടുത്തിടെ കൊണ്ടുവന്ന ഒ.ബി.സി സംവരണവും റദ്ദാകുമെന്ന വലിയ പ്രശ്‌നവും സർക്കാരിന് വെല്ലുവിളി സൃഷ്ടിക്കും.

Latest News