Sorry, you need to enable JavaScript to visit this website.

കാവി രഥത്തിനു മുന്നിൽ കോൺഗ്രസ് ഇനി എന്തുചെയ്യും

അവസാന ബസിന് ഇനിയും സമയമുണ്ടെന്നാണ് ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പുകൾ നൽകുന്ന പാഠം. തികച്ചും അസംതൃപ്തരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. നെഞ്ചളവും വർഗീയതയും കൊണ്ട് അവരെ അധിക കാലമൊന്നും വഞ്ചിക്കാനാവില്ല


നാലു സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും നടന്ന തെരഞ്ഞെടുപ്പു ഫലങ്ങൾ തീർച്ചയായും ജനാധിപത്യ വിശ്വാസികളെ പൂർണമായും നിരാശപ്പെടുത്തുന്നില്ല. മറുവശത്ത് കണക്കുകൾ കൊണ്ട് എങ്ങനെ വ്യാഖ്യാനിച്ചാലും സംഘപരിവാറിനെ പൂർണമായി നിരാശപ്പെടുത്തിയ തെരഞ്ഞെടുപ്പു ഫലം തന്നെയാണ് പുറത്തു വന്നത്. കേരളത്തിൽ ഒരു സീറ്റ് പോലും നേടാനാകാഞ്ഞതും തമിഴ്‌നാട്ടിൽ കേവലം നാലു സീറ്റ് മാത്രം നേടിയതും അവർക്ക് കനത്ത തിരിച്ചടിയാണ്. ബംഗാളിൽ കുറെ സീറ്റുകൾ നേടാനായത് നേട്ടമെന്നൊക്കെ വ്യാഖ്യാനിക്കാമെങ്കിലും അവിടെ അവരുടെ ലക്ഷ്യം ഭരണം തന്നെയായിരുന്നു. അതിനായി സർവ ശക്തിയുമെടുത്തായിരുന്നു പോരാടിയത്. എന്നാൽ മമതക്കു മുന്നിൽ ആ പ്രതീക്ഷ തകർന്നടിഞ്ഞു. അസമും പോണ്ടിച്ചേരിയും നൽകിയ ആശ്വാസത്തിനു പിറകെ പുണ്യഭൂമികളെന്നവർ വിശേഷിപ്പിക്കുന്ന വരാണസിയിലും അയോധ്യയിലും മഥുരയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ പരാജയം ബി.ജെ.പിയെ തളർത്തിയെന്നതിൽ ഒരു സംശയവുമില്ല. 


അതേസമയം അഖിലേന്ത്യാ തലത്തിലെ ഈ മുന്നേറ്റത്തെ രാഷ്ട്രീയമായി സമാഹരിക്കാൻ കഴിവുള്ള ഒരു പ്രസ്ഥാനവും നിലവിലില്ല എന്നതാണ് ദുരന്തം. സ്വാഭാവികമായും അതിനുള്ള ഏക സാധ്യത കോൺഗ്രസായിരുന്നു. എന്നാൽ അതിനുള്ള രാഷ്ട്രീയ ആർജവം കോൺഗ്രസിനില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പോരാട്ടം നടന്ന അസമിൽ പോലും കോൺഗ്രസ് പരാജയപ്പെടുന്ന കാഴ്ച നിരാശാജനകമാണ്. വ്യക്തമായ നേതൃത്വത്തിന്റെയും രാഷ്ട്രീയ പരിപാടിയുടെയും  അഭാവം മൂലം കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്കു നാൾക്കുനാൾ വർധിക്കുകയും അധികാരത്തിലിരുന്ന സംസ്ഥാനങ്ങൾ ഒന്നൊന്നായി നഷ്ടമാവുകയും ചെയ്യുകയാണ്. ആ പട്ടികയിൽ കേരളവുമെത്തിയിരിക്കുന്നു. 
കോൺഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്തു തന്നെയായാലും തങ്ങൾക്ക് ഭീഷണി കോൺഗ്രസാണെന്ന് അവർക്കറിയാം. സ്വാതന്ത്ര്യ സമരകാലം മുതൽ കോൺഗ്രസിനകത്തും പുറത്തും തുടരുന്ന സംഘർഷം തന്നെയാണ് ഇപ്പോഴും തുടരുന്നത്. 


കോൺഗ്രസിനെ തന്നെ ഒരു ഹിന്ദുത്വ പാർട്ടിയാക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോഴാണ് ആർ.എസ്.എസും മറ്റു സംഘപരിവാർ സംഘടനകളും രൂപം കൊണ്ടത്. എന്നാൽ പല വിഷയങ്ങളിലും ശക്തമായ ഭിന്നതയുണ്ടായിട്ടും ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമടങ്ങുന്ന കോൺഗ്രസിലെ നേതൃനിര സംഘപരിവാറിന്റെ വളർച്ചക്കു ഭീഷണിയായി. ഗാന്ധിയെ വധിച്ചതോടെ പതിറ്റാണ്ടുകൾ രാഷ്ട്രീയ വനവാസത്തിലേക്കും  അവർക്ക് പോകേണ്ടിവന്നു. അംബേദ്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇന്ത്യൻ ഭരണഘടനയാകട്ടെ, അവരുടെ രാഷ്ട്രീയ മോഹങ്ങൾക്ക് താൽക്കാലികമായെങ്കിലും കടിഞ്ഞാണിട്ടു.

പിന്നീട് കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ വങ്കത്തമായ അടിയന്തരാവസ്ഥ കാലത്ത് വീണുകിട്ടിയ അവസരത്തെ ഭംഗിയായി ഉപയോഗിച്ചും വർഗീയവിഷം വമിപ്പിച്ചുമാണ് ഇന്നത്തെ അവസ്ഥയിലേക്ക് അവരെത്തിയത്. അതിനെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിരോധിക്കാൻ കോൺഗ്രസിനായില്ല. പലപ്പോഴും അതിനായി മൃദുഹിന്ദുത്വ നിലപാടുകളായിരുന്നു കോൺഗ്രസ് എടുത്തത്. ഇന്ന് കോൺഗ്രസ് സമ്പൂർണ തകർച്ചയിലുമെത്തി. അപ്പോഴും കോൺഗ്രസ് വേരുകൾ രാജ്യമാകെ പടർന്നു കിടക്കുന്നുണ്ടെന്ന് ബി.ജെ.പിക്ക് നന്നായറിയാം. അവർ മാത്രമാണ് അഖിലേന്ത്യാ തലത്തിലെ ഭീഷണിയെന്നും. അതിനാലാണ് കോൺഗ്രസ് മുക്ത ഭാരതം എന്നത് അവരുടെ ആദ്യ ലക്ഷ്യമാകുന്നത്. അത് തെരഞ്ഞെടുപ്പു പ്രക്രിയകളിലൂടെ സാധ്യമായില്ലെങ്കിൽ മറ്റു മാർഗങ്ങളിലൂടെ അവർ ചെയ്യുമെന്നാണല്ലോ നാൾക്കുനാൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. നിർലോഭം പണം ഒഴുക്കിയോ അധികാര കസേരകൾ വാഗ്ദാനം നൽകിയോ കേസുകളിൽ കുടുക്കിയോ അവരതു സാധിച്ചിരിക്കും. സംസ്ഥാന ഭരണങ്ങൾ പിടിച്ചെടുക്കാൻ മാത്രമല്ല, രാജ്യസഭാ സീറ്റിനു വേണ്ടി പോലും അവർ എം.എൽ.എമാരെ വിലക്കെടുക്കും. ഗുജറാത്തിലൊക്കെ നാമതു കണ്ടതാണല്ലോ. 


രാഷ്ട്രീയം തന്നെ അവർക്ക് വർഗീയതക്കൊപ്പം വ്യാപാരവുമാണ്.  വ്യാപാരത്തിൽ സമർത്ഥരെന്നു ഖ്യാതിയുള്ള ഗുജറാത്തികളുടെ കൈകളിലാണല്ലോ ഇപ്പോൾ ബി.ജെ.പിയുടെ കടിഞ്ഞാൺ.
നിർഭാഗ്യവശാൽ ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് പ്രതിരോധ നിര പടുത്തുയർത്താൻ കോൺഗ്രസിനാകുന്നില്ല. നിലവിലെ വൃദ്ധനേതൃത്വത്തിന് അതിനു കഴിയില്ലെന്ന് വ്യക്തം. എന്നാലത് അംഗീകരിച്ച് ഒഴിഞ്ഞുനിൽക്കാൻ അവർ തയാറല്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചെറുപ്പക്കാർക്കാകട്ടെ അവസരത്തിനൊത്ത് ഉയരാനും സാധിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ബി.ജെ.പിയെ പ്രതിരോധിക്കുന്ന പ്രസ്ഥാനങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയാകുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാനും കോൺഗ്രസ് പരാജയപ്പെടുന്നു. പകരം ഒറ്റക്കക്ഷി ഭരണമാണ് അവരുടെ സ്വപ്‌നം. വർഷങ്ങളോളം ഭരണത്തിലിരുന്ന, അതിന്റെ പിൻബലത്തിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന പല കോൺഗ്രസ് നേതാക്കൾക്കും അധികാരമില്ലാത്ത അവസ്ഥയെ ഉൾക്കൊള്ളാനാവില്ല. സ്വാഭാവികമായും അവർ അധികാരവും സമ്പത്തും ലഭ്യമാകുന്നിടത്തേക്കു കൂറുമാറുന്നു. അതാണ് പലം സംസ്ഥാനങ്ങളിലും നടക്കുന്നത്. 


നെഹ്‌റുവിനു ശേഷം പാർട്ടിയിൽ ആധിപത്യം സ്ഥാപിച്ച കാമരാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സിൻഡിക്കേറ്റ് പക്ഷത്തെ ഒതുക്കി ഇന്ദിരാഗാന്ധി ആധിപത്യം സ്ഥാപിച്ചതോടെ വളരെയധികം കേന്ദ്രീകൃതമായ സംഘടനയായി കോൺഗ്രസ് പരിണമിച്ചു. പാർട്ടിയെ മാത്രമല്ല, ജനാധിപത്യ ഭരണ സംവിധാനങ്ങളെയെല്ലാം തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണവർ നടത്തിയത്.  


'ഇന്ദിരയാണ് ഇന്ത്യ'എന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങളെത്തി. പാർട്ടിയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തി കേന്ദ്രീകരണത്തിനു പ്രാമുഖ്യം നൽകാനുള്ള ശ്രമങ്ങളും ആരംഭിച്ചു. നെഹ്‌റുവിയൻ പാരമ്പര്യത്തെ വെറുക്കുമ്പോഴും നരേന്ദ്ര മോഡിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഇന്ദിരാഗാന്ധിയാവുന്നതിന്റെ കാരണവും ഇതാവാം. കോൺഗ്രസിലുണ്ടായിരുന്ന ജനാധിപത്യം ക്രമേണ ഇല്ലാതാവുകയും എല്ലാം ഹൈക്കമാൻഡിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. ഈ ഹൈക്കമാൻഡാകട്ടെ, കുടുംബാധിപത്യമായി പരിണമിച്ചു. അതിനെ അംഗീകരിക്കാത്തവരെല്ലാം അവഗണിക്കപ്പെടുകയോ ഒതുക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. വർഷങ്ങളായി തുടരുന്ന ഈ വിധേയത്വ മാനസികാവസ്ഥയിൽ നിന്നും മുക്തരാകാത്തതിനാലാണ് നെഹ്‌റു കുടുംബത്തിനു പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം പോലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് ഉൾക്കൊള്ളാനാവാത്തത്. രാഹുൽ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ മനസ്സിലാക്കാനും അവർക്കാകുന്നില്ല.


ഇതൊക്കെയാണെങ്കിലും അവസാന ബസിന് ഇനിയും സമയമുണ്ടെന്നാണ് ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പുകൾ നൽകുന്ന പാഠം. തികച്ചും അസംതൃപ്തരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. നെഞ്ചളവും വർഗീയതയും കൊണ്ട് അവരെ അധിക കാലമൊന്നും വഞ്ചിക്കാനാവില്ല. സാമൂഹികമായും സാമ്പത്തികമായും അടിച്ചമർത്തപ്പെട്ടവർ, കർഷകർ, ചെറുകിട-ഇടത്തരം വ്യവസായികൾ, കുടിയേറ്റ തൊഴിലാളികൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തയാറാകേണ്ടത്. നേരത്തെ സൂചിപ്പിച്ച പോലെ വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ ചെറുക്കുന്ന പ്രസ്ഥാനങ്ങളുമായി ഐക്യപ്പെടണം.  ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സാമൂഹ്യ നീതി തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാകണം ഓരോ പ്രവർത്തനവും. താൽക്കാലിക അധികാര മോഹം മാറ്റിവെച്ച് ഈ ദിശയിൽ മുന്നോട്ടു പോകാൻ കോൺഗ്രസിനാകുന്നില്ലെങ്കിൽ സമ്പൂർണ തകർച്ചയായിരിക്കും അനന്തര ഫലം. കോൺഗ്രസിന്റേതു മാത്രമല്ല, രാജ്യത്തിന്റേയും. കാവിരഥം അതിന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുമെന്നതായിരിക്കും അതിന്റെ അവസാന ഫലം.

 

Latest News