ഏഷ്യാനെറ്റ് ലേഖികക്കെതിരെ ബലാത്സംഗ, വധ ഭീഷണി; നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ 

പാലക്കാട്- പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിന് പറഞ്ഞ മറുപടിയില്‍ പരിധിവിട്ട രീതിയില്‍ പെരുമാറിയെന്ന വിഷയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകക്കെതിരെ ഭീഷണിയുമായി സംഘപരിവാര്‍ അനുകൂലികള്‍. ഏഷ്യാനെറ്റ് ന്യൂസ് ലേഖിക പി.ആര്‍ പ്രവീണയെയാണ് ബലാല്‍സംഗം ചെയ്യുമെന്നും കൊല്ലുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏഷാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസിലേക്ക് ഫോണില്‍ വിളിച്ച് പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ചാനല്‍ ഒന്നും മിണ്ടാത്തത് എന്നായിരുന്നു ചോദ്യം. കൊവിഡ് മഹാമാരിക്കിടയിലെ സ്വന്തം സംസ്ഥാനത്തെ ഗുരുതര അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ലേഖിക വിശദീകരിച്ചു. ഈ ഫോണ്‍ സംഭാഷണം സംഘപരിവാര്‍ അനുകൂലികള്‍ പിന്നീട് പുറത്തുവിട്ടു. സംഭവം വിവാദമായതോടെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും പി.ആര്‍ പ്രവീണയും സാമൂഹിക മാധ്യമത്തിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. പ്രകോപനപരമായി സംസാരിച്ച ജീവനക്കാരിക്കെതിരെ കര്‍ശന നടപടിയെടുത്തതായി എഡിറ്റര്‍ അറിയിച്ചു.
ഇതിനു ശേഷവും ലേഖികക്കെതിരെ ബലാല്‍സംഗവധ ഭീഷണികള്‍ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ലേഖികയുടെ അക്കൗണ്ടുകള്‍ക്കും ഏഷ്യാനെറ്റ് ജീവനക്കാരുടെയും ചാനലിന്റെയും അക്കൗണ്ടുകളിലും അസഭ്യം വര്‍ഷം തുടരുകയാണ്.
കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിനു നിന്നുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ഏഷ്യാനെറ്റിന്റെ പ്രഭാത വാര്‍ത്താ പരിപാടിയായ 'നമസ്‌തേ കേരള'ത്തില്‍ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്റര്‍ പി.ജി സുരേഷ്‌കുമാര്‍ വ്യക്തമാക്കി. 
ഒരു സ്ത്രീക്കെതിരെ എന്നല്ല ഒരു വ്യക്തിക്കെതിരെയും നടത്താന്‍ കഴിയാത്തത്ര ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ലേഖിക വിധേയമാകുന്നത്. ഇത് അപലപനീയമാണ്. വകവെച്ചുകൊടുക്കുന്ന പ്രശ്‌നമില്ല. കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിനു നിന്നുകൊടുക്കുന്ന പ്രശ്‌നമില്ല, ശക്തമായി പ്രതികരിക്കുമെന്നും പി.ജി സുരേഷ്‌കുമാര്‍ വ്യക്തമാക്കി.

Latest News