ന്യൂദല്‍ഹി- ഡിഫന്‍സ് റിസര്‍ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ചെടുത്ത കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. വെള്ളത്തില്‍ ലയിപ്പിച്ച് കുടിക്കാവുന്ന പൊടി രൂപത്തിലുള്ള മരുന്നാണിത്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബും ഡിആര്‍ഡിഒയും സംയുക്തമായാണ് ഈ മരുന്ന് വികസിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ കോവിഡ് വേഗത്തില്‍ സുഖപ്പെടുന്നതായി ക്രിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗത്തിന് അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചത്. കോവിഡ് രോഗികളില്‍ ഇത് സുരക്ഷിതമാണെന്നും വേഗത്തില്‍ സുഖപ്പെടുന്നതായും ഫലം തെളിയിച്ചു. ഇന്ത്യയിലുടനീളം 11 ആശുപത്രികളിലാണ് ഈ മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്.






