Sorry, you need to enable JavaScript to visit this website.

കുറ്റം മുസ്ലിം ജീവനക്കാരില്‍ കെട്ടിവെച്ച് ബി.ജെ.പി എം.പി, നിഷേധിച്ച് പോലീസ്

ബെംഗളൂരു- കര്‍ണാടകയിലെ കോവിഡ് വാര്‍ റൂമുകളില്‍ ജോലി ചെയ്യുന്ന മുസ്്‌ലിംകള്‍ പണമുണ്ടാക്കുന്നതിനായി വ്യാജ പേരുകളില്‍ ഹോസപിറ്റല്‍ ബെഡുകള്‍ ബുക്ക് ചെയ്തിട്ടിരിക്കയാണെന്ന ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ആരോപണം നിഷേധിച്ച് പോലീസ്.
കോവിഡ് രോഗികള്‍ക്ക് അധിക നിരക്കില്‍ നല്‍കുന്നതിനായി  നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ തടഞ്ഞ കേസില്‍ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരില്‍ മുസ്ലിംകളില്ല.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങളിലേക്ക് പോകാനാവില്ലെന്നും  ബെഡ് ബ്ലോക്കിംഗ് അഴിമതിയെക്കുറിച്ച് മാത്രമാണ്  അന്വേഷിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാനല്‍ പരിപാടിയിലാണ് മുസ്ലിം ജീവനക്കാരുടെ പേരുകള്‍ എം.പി എണ്ണിപ്പറഞ്ഞിരുന്നത്.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും നാലഞ്ചു പേരെ കൂടാതെ ഞങ്ങള്‍ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇക്കാര്യം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നേത്രാവതി, രോഹിത്, വെങ്കട്ട് സുബ്ബറാവു, മഞ്ജുനാഥ്, പുനീത് എന്നിവരാണ് ബെഡ് ബ്ലോക്കിംഗ് അഴിമതിയില്‍ അറസ്റ്റിലായവര്‍
ബെംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ ചൊവ്വാഴ്ച തത്സമയ ചാനല്‍ പരിപാടിയില്‍ പരാമര്‍ശിച്ച മുസ്ലിംകളുടെ പങ്കാളിത്തത്തിന് ഇതുവരെ അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് കോവിഡ് വാര്‍ റൂമുകളില്‍ പരിശോധന നടത്തി ഡാറ്റകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇതിനുപുറമെ, ഓരോ മേഖലയിലേയും കോവിഡ് വാര്‍ റൂമുകളുടെ ചുമതലയുള്ള ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നുമുണ്ട്.
എല്ലാ വാര്‍റൂമുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം ശേഖരിച്ചു. ഇവിടെ അനധികൃതമായി എത്തിയ വ്യക്തികളെ കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും അവര്‍ പറഞ്ഞു.
കര്‍ണാടകയില്‍ കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍  പണമുണ്ടാക്കാനായി വ്യാജ പേരുകളില്‍ കിടക്കകള്‍ തടഞ്ഞിരിക്കയാണെന്നായിരുന്നു തേജസ്വി സൂര്യയുടെ ആരോപണം.
കോവിഡ് രോഗികള്‍ക്കായി സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകള്‍ മാറ്റിവെക്കാന്‍  കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്ന ചുമതല  ബെംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ബിബിഎംപിക്കാണ് നല്‍കിയിരുന്നത്.  എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക ആശുപത്രികളിലും ബെഡുകള്‍ ഒഴിവില്ലാതായി.
ഈ സാഹചര്യം കണക്കിലെടുത്ത് മേഖലാ തലത്തില്‍ ഒമ്പത് കോവിഡ് വാര്‍ റൂമുകള്‍  സ്ഥാപിച്ച  ബിബിഎംപി കരാര്‍ അടിസ്ഥാനത്തില്‍  തൊഴിലാളികളെ വിന്യസിക്കാന്‍ ഒരു തൊഴില്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തി.
വാര്‍ റൂമുകളില്‍ 214 ജോലിക്കാരുണ്ടെന്നും ബിജെപി എംപി പറയുന്നതു പോലെ 16 പേര്‍ മാത്രമല്ലെന്നും ബിബിഎംപി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ക്രിസ്റ്റല്‍ കമ്പനിയിലെ 205 ലെറെ ജീവനക്കാര്‍ കോവിഡ് വാര്‍ റൂമില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും 16 മുസ്‌ലിംകളെ മാത്രം പേരെടുത്ത് പറഞ്ഞത് ന്യായീകരിക്കാനാവില്ലെന്നും ചാമരാജ്‌പേട്ട് കോണ്‍ഗ്രസ് എംഎല്‍എ ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്‍ വീഡിയോ സന്ദേശത്തില്‍ ബി.ജെ.പി നേതാവ് സൂര്യയെ ചോദ്യം ചെയ്തുകൊണ്ട് പറഞ്ഞു.
എം.പി പേരുകള്‍ വെളിപ്പെടുത്തിയവരില്‍ മുഹമ്മദ് സൈദ് എന്നയാള്‍ക്ക് മാത്രമേ, ബെഡ് അനുവദിക്കുന്ന ചുമതലയുള്ളൂവന്നും ബാക്കിയുള്ളവര്‍ക്ക് വേറെ ജോലികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  
മാസം 13,000 രൂപ മാത്രം ശമ്പളം ലഭിക്കുന്ന 16 പേരുടെ ജോലി എം.പിയുടെ ആരോപണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായെന്നും എം.എല്‍.എ പറഞ്ഞു.

 

Latest News