കോവിഡ് മൃതദേഹ സംസ്‌കരണ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക്

കോഴിക്കോട് -കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് 19 രോഗികള്‍ മരിക്കുമ്പോള്‍ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്‌കരിക്കാനും ബന്ധുക്കള്‍ തയാറാകാത്ത സാഹചര്യത്തില്‍ അതിനുള്ള  ഉത്തരവാദിത്വം തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിക്കാണ്.
കോവിഡ് രോഗികള്‍ മരിച്ചാല്‍ ആ വിവരം ആശുപത്രി അധികൃതര്‍ ഉടന്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും തദ്ദേശ ഭരണ സെക്രട്ടറിയെയും ബന്ധുക്കളെയും അറിയിക്കണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സെക്രട്ടറി മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും ഏറ്റുവാങ്ങി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം സംസ്‌കരണം.
ജില്ലയിലെ 70 പഞ്ചായത്തുകളില്‍ 32 എണ്ണത്തിലും ഏഴു മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണത്തിലും മാത്രമാണ് പൊതുശ്മശാനമുള്ളത്. കോര്‍പ്പറേഷനില്‍ ആറു പൊതുശ്മശാനങ്ങളുണ്ട്. പൊതുശ്മശാനങ്ങളില്ലാത്ത പഞ്ചായത്തുകളില്‍ മൃതദേഹം പ്രസ്തുത പഞ്ചായത്ത് ഉള്‍പ്പെട്ട ബ്ലോക്ക് പഞ്ചായത്തിലെ മറ്റേതെങ്കിലും പൊതുശ്മശാനത്തില്‍ സംസ്‌കരിക്കണം. മരണം സംഭവിച്ച് പരമാവധി 10 മണിക്കൂറിനകം കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വവും അതത് തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിയുടെതാണ്.

 

 

Latest News