Sorry, you need to enable JavaScript to visit this website.

വാക്‌സിന്‍ കിട്ടാനില്ലെ? യുഎസിലേക്ക് ഒരു 'വാക്‌സിന്‍ ടൂര്‍' പോകാം; ഓഫറുമായി ട്രാവല്‍ ഏജന്‍സികള്‍

ബാങ്കോക്ക്- കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ച പുതിയ ബിസിനസ് സാധ്യതകളെ ലോകം തിരിച്ചറിഞ്ഞ് വരുന്നതെയുള്ളൂ. അതിനിടെയാണ് ഇപ്പോള്‍ ലോകം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കൊറോണ വൈറസ് വാക്‌സിന്‍ ക്ഷാമത്തേയും മികച്ചൊരു ബിസിനസ് അവസരമാക്കി തായ്‌ലാന്‍ഡിലെ ട്രാവല്‍ ഏജന്‍സികള്‍ മാറ്റിയിരിക്കുന്നത്. സംഗതി വിചിത്രമായ ഒരു വിനോദ യാത്രാ പാക്കേജാണ്. വാക്‌സിന്‍ ടൂര്‍, അതും യുഎസിലേക്ക്. തായ്‌ലാന്‍ഡില്‍ ഇപ്പോള്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ വാക്‌സിന്‍ ലഭിക്കാന്‍ നീണ്ട കാത്തിരിപ്പ് വേണം. ചുരുങ്ങിയത് ഒരു മാസമെങ്കിലും കാത്തിരിക്കണം. ജൂണിലെ തായ്‌ലാന്‍ഡ് തങ്ങളുടെ പ്രധാന വാക്‌സിനേഷന്‍ പരിപാടി ആരംഭിക്കൂ. എന്നാല്‍ സമ്പന്നരായ തായ്‌ലാന്‍ഡുകാര്‍ക്ക് വാക്‌സിനു വേണ്ടി ഇത്രകാലം കാത്തരിക്കാന്‍ ക്ഷമയില്ല. ഇതാണ് ട്രാവല്‍ ഏജന്‍സികള്‍ മുതലെടുത്ത് പുതിയ ടൂര്‍ പാക്കേജാക്കി മാറ്റിയത്. 

ബാങ്കോക്കിലെ ഒരു ടൂര്‍ ഓപറേറ്ററായ യുനിതായ് ട്രിപ് 2,400 യുഎസ് ഡോളര്‍ മുതല്‍ 6,400 ഡോളര്‍ വരെ ചെലവ് വരുന്ന യുഎസ് വാക്‌സിന്‍ ടൂര്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. യുഎസ് നഗരങ്ങളായ സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ആഞ്ചലസ്, ന്യൂ യോര്‍ക്ക് എന്നിവിടങ്ങളിലേക്കാണ് ഈ ടൂര്‍. വാക്‌സിന്‍ ഡോസുകളുടെ കാലാവധിക്കനുസരിച്ച് ഈ പാക്കേജിന്റെ നിരക്കില്‍ മാറ്റമുണ്ടാകും. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനു വേണ്ടിയാണെങ്കില്‍ ഒറ്റഡോസ് മതി. എന്നാല്‍ കൂടുതല്‍ പേരും ആവശ്യപ്പെടുന്നത് രണ്ടു ഡോസ് ആവശ്യമുള്ള ഫൈസര്‍ വാക്‌സിന്‍ ആണ്. 20 ദിവസത്തെ ഇടവേള വേണം ഈ രണ്ടു ഡോസുകള്‍ക്കുമിടയില്‍. അടുത്തയാഴ്ച ഒരു സംഘം പുറപ്പെടാനിരിക്കുകയാണെന്ന് യുനിതായ് ഉടമ റാച്‌ഫോള്‍ യമസയെങ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. സെര്‍ബിയയിലേക്കും സമാന ടൂര്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മറ്റൊരു ഏജന്‍സിയായ മൈ ജേണി ട്രാവല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെക്ക് 10 ദിവസ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ ടൂര്‍ സംഘടിപ്പിക്കുന്നുണ്ട്. റഷ്യയിലേക്കും വാക്‌സിനെടുക്കാനായി ടൂറിസ്റ്റുകളെ തായ് ഏജന്‍സികള്‍ കൊണ്ടു പോകുന്നുണ്ട്. 

Latest News