യുപിയില്‍ തെരുവു പശുക്കള്‍ക്ക് ഓക്‌സിമീറ്ററും തെര്‍മല്‍ സ്‌കാനറുകളും

ലഖ്‌നൗ- കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഗോശാലകളിലെ പശുക്കള്‍ക്കായി ഓക്‌സിമീറ്ററും തെര്‍മല്‍ സ്‌കാനറും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കോവിഡ് കാരണം മനുഷ്യര്‍ ദുരിതമനുഭവിക്കുമ്പോള്‍ വന്ന ഇത്തരമൊരു ഉത്തരവ്  ചര്‍ച്ചയായി. ഇതോടെ ഈ ഉപകരണങ്ങള്‍ ഗോശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്കു വേണ്ടിയുള്ളതാണെന്ന് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. 

മുഖ്യമന്ത്രിയുടെ ശ്രമങ്ങളുടെ ഫലമായി ഗോശാലകളില്‍ ധാരാളമായി തെരുവു പശുക്കളെ സംരക്ഷിച്ചു വരുന്നതായും കുറിപ്പില്‍ പറയുന്നു. തെരുവു പശുക്കളുടെ ശല്യം കുറയ്ക്കാന്‍ ഇവയ്ക്കായി കൂടുതല്‍ ഗോശാലകള്‍ തുറക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു. 

പശു സംരക്ഷണത്തിനായി എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഈയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു. 700 ഹെല്‍പ് ഡെസ്‌കുകള്‍ സംസ്ഥാനത്തുടനീളം തുറന്നു. 51 ഓക്‌സിമീറ്ററുകളും 341 തെര്‍മല്‍ സ്‌കാനറുകളും വിതരണം ചെയ്തു. എല്ലാ ഗോശാലകളും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കലും തെര്‍മല്‍ സ്‌കാനിങും നിര്‍ബന്ധമാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഗോശാലകളെ കുറിച്ചുള്ള കുറിപ്പില്‍ ഓക്‌സിമീറ്ററും തെര്‍മല്‍ സ്‌കാനറും അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ പശുക്കള്‍ക്കു വേണ്ടിയാണെന്ന് പറയുന്നുണ്ട്.


 

Tags

Latest News