കേരളത്തിലെ വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കും?  കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി- സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കു സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്ന് അറിയിക്കാന്‍ നിര്‍ദേശിച്ചത്. കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എപ്പോള്‍ ലഭ്യമാക്കുമെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജനസംഖ്യയും രോഗവ്യാപനവും വാക്‌സിനേഷനിലെ കാര്യക്ഷമതയും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് വാക്‌സിന്‍ വിതരണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനുള്ള വാക്‌സിനുകള്‍ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ പ്രസ്താവനകളല്ല, നടപടികളാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ കോടതി വാക്‌സിന്‍ വിതരണത്തിന് കര്‍മപദ്ധതി വേണമെന്നും നിരീക്ഷിച്ചു. വാക്‌സിന്‍ ലഭിക്കില്ലെന്ന ആശങ്കയാണ് വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്കിനു കാരണം. ഇത്തരം ആള്‍കൂട്ടം കോവിഡ് ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ആശങ്കയോടെയുള്ള പരക്കം പാച്ചില്‍ സ്ഥിതി മോശമാക്കുമെന്ന് ജനം മനസ്സിലാക്കണമെന്ന് കോടതി അഭ്യര്‍ഥിച്ചു. തിരക്ക് ഒഴിവാക്കാന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പോലീസും ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. പോലീസ് സഹായം ലഭ്യമാക്കാന്‍ 24 മണിക്കൂറിനകം എല്ലാ സ്‌റ്റേഷനുകള്‍ക്കും ഡിജിപി സര്‍ക്കുലര്‍ അയയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.


 

Latest News