സിദ്ദിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി

ന്യൂദല്‍ഹി- മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുരയിലെ ജയിലിലേക്ക് മാറ്റി. കോടതി ഉത്തരവ് പ്രകാരമാണ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയത്. എന്നാല്‍ ജയിലിലേക്ക് മാറ്റിയ വിവരം ഭാര്യയെയോ അഭിഭാഷകനെയോ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ അനുവദിക്കാതെ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പനെ കോടതി ഉത്തരവ് പ്രകാരം വിദഗ്ദ ചികിത്സയ്ക്കായി ദല്‍ഹിയിലേക്ക് മാറ്റിയത്. ചികിത്സ കഴിഞ്ഞാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. യുഎപിഎ ചുമത്തപ്പെട്ട് മഥുരയിലെ ജയിലില്‍ കഴിയുന്ന കാപ്പനെ കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ജാമ്യത്തിന് ശ്രമിക്കാമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
 

Latest News