ചെന്നൈ- പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരെ സമരസമിതി നല്‍കിയ ഹരജി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് തള്ളി. പ്ലാന്റ് നിര്‍മാണവുമായി ഐഒസിക്ക് മുന്നോട്ടു പോകാം. ജനവാസ മേഖലയില്‍ സ്ഥാപിക്കുന്ന പ്ലാന്റ് ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. നിയമ പോരാട്ടം പരാജയപ്പെട്ട സ്ഥിതിക്ക് സമരം ശക്തമാക്കാനാണ് പുതുവൈപ്പ് സമര സമിതിയുടെ തീരുമാനം. 300-ലേറെ ദിവസമായി ഇവിടെ സമരം തുടരുകയാണ്.
ജസ്റ്റിസ് എം.എസ്. നമ്പ്യാരുടെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. പുതുവൈപ്പിനിലെ തീരദേശമേഖലയ്ക്ക് വന്‍തോതില്‍ പരിസ്ഥിതിനാശം ഉണ്ടാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ പുതുവൈപ്പ് ടെര്‍മിനലില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികാനുമതിക്ക് അനുസൃതമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ധാംഗമില്ലാതെ ജുഡീഷ്യല്‍ അംഗം മാത്രമായി വിധി പറയരുതെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആക്ടിലെ ചട്ടം. എന്നാല്‍ ജഡ്ജിമാരുടെ അപര്യാപ്തത മൂലം അടിയന്തര സാഹചര്യങ്ങളിള്‍ സിംഗിള്‍ ബെഞ്ചിനും വിധി പറയാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.