Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഖുർആൻ: മാനവികം, അമാനുഷികം

ലൈലത്തുൽ ഖദ്‌റിനെയും കാത്ത് പ്രതീക്ഷാനിർഭരമായ മനസ്സോടെ അല്ലാഹുവിങ്കലേക്ക് കൈകൾ ഉയർത്തി റമദാനിന്റെ അവസാന ദിനങ്ങളിൽ പ്രാർഥനകളും ആരാധനകളുമായി വിശ്വാസികൾ കഴിഞ്ഞുകൂടുകയാണ്. ലൈലത്തുൽ ഖദ്‌റിന്റെ സവിശേഷത ഖുർആൻ വിവരിക്കുന്നത് ഇങ്ങനെയാണ്: 'തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) നിർണയത്തിന്റ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു.' ഖുർആൻ ലോകജനതയ്ക്കുള്ള മാർഗദർശനവും മാർഗദർശനങ്ങൾക്കുള്ള വിശദീകരണവും സത്യാസത്യ വിവേചന ഗ്രന്ഥവുമാണ്. ഏറ്റവും ശരിയായ മാർഗത്തിലേക്ക് ലോകത്തെ നയിക്കുക എന്ന ദൗത്യമാണ് ഖുർആൻ നിർവഹിക്കുന്നത് എന്ന് ഖുർആൻ തന്നെ പറയുന്നു. 

ഇരുട്ടുകളിൽനിന്നും വെളിച്ചത്തിലേക്ക് മാനവസമൂഹത്തെ നയിക്കുക എന്നതാണ് ഖുർആൻ നിർവഹിച്ചുകൊണ്ടിരിക്കുന്ന ധർമം. ഖുർആൻ അനന്തമായ അറിവുകളെ മനുഷ്യർക്ക് സമ്മാനിക്കുന്നുണ്ടെങ്കിലും ഖുർആനിന്റെ അവതരണോദ്ദേശ്യം അറിവുകൾ പ്രസരിപ്പിക്കുക എന്നതല്ല. മറിച്ച്, അറിവുകൾ പ്രസരിപ്പിക്കുന്നതിലൂടെ മനുഷ്യന് തന്റെ അസ്തിത്വത്തെ കുറിച്ചും ജീവിതലക്ഷ്യത്തെ കുറിച്ചുമുള്ള തിരിച്ചറിവ് ലഭ്യമാക്കുന്നതിനും സംസ്‌കാരസമ്പന്നമായ ജീവിതം നയിക്കുവാൻ അവനെ പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് ഖുർആൻ അവതീർണമായിട്ടുള്ളത്. മനുഷ്യൻ ഘട്ടം ഘട്ടമായി സ്വയം അന്വേഷണത്തിലൂടെയും ഗവേഷണത്തിലൂടെയും കണ്ടെത്തുന്ന ശാസ്ത്ര കാര്യങ്ങളിലെ സങ്കീർണതകളെ കുറിച്ച് സംസാരിക്കുവാനോ പഠിപ്പിക്കുവാനോ അല്ല ഖുർആൻ അവതീർണമായത്. ആകാശങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ചോ ആഴക്കടലിന്റെ അനന്തതകളെക്കുറിച്ചോ മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങളെകുറിച്ചോ പഠിപ്പിക്കുവാനല്ല ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. ദൈവം, സ്വർഗം, നരകം തുടങ്ങി മനുഷ്യന്റെ ഗവേഷണങ്ങൾക്ക് അപ്പുറമുള്ള യാഥാർഥ്യങ്ങളെ കുറിച്ചുള്ള അറിവുകൾ പകരുകയും അതിലൂടെ മനുഷ്യനെ വഴിനടത്തുകയും ചെയ്യുക എന്നതാണ് ഖുർആനിന്റെ ലക്ഷ്യം. 

ഇഹലോക ജീവിതത്തിന്റെ നശ്വരതയെ ഓർമപ്പെടുത്തുന്ന ഖുർആൻ അനശ്വരമായ പരലോക ജീവിതത്തിന്റെ സത്യതയെക്കുറിച്ച് മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. ജനനം ഉണ്ടെങ്കിൽ ഒരു മരണം സുനിശ്ചിതമാണെന്നും ഭൂമിയിലെ മനുഷ്യന്റെ ഓരോ പ്രവർത്തനങ്ങളും മരണശേഷം ചോദ്യം ചെയ്യപ്പെടുമെന്നും ഖുർആൻ മനുഷ്യനെ അറിയിക്കുന്നു. സംഭവിക്കാൻ പോകുന്ന ഈ സത്യത്തെ അറിയിക്കുക വഴി മാനവ സമൂഹത്തോട് ഖുർആൻ ചെയ്തിട്ടുള്ളത് ഏറ്റവും വലിയ കാരുണ്യവും സേവനവുമാണ്. വിശുദ്ധ ഖുർആൻ അല്ലാതെ മറ്റൊരു ഗ്രന്ഥവും വരാനിരിക്കുന്ന ലോകത്തിന്റെ ഗൗരവം വിവരിക്കുന്നില്ല. വരാനിരിക്കുന്ന ലോകത്തെ കുറിച്ച് പ്രതിപാദിക്കുക മാത്രമല്ല, ആ ലോകത്ത് വിജയം കൈവരിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ഈ ലോകത്ത് ചെയ്തുതീർക്കണമെന്ന് കൂടി ഖുർആൻ കൃത്യമായി പറയുന്നുണ്ട്. ഇഹലോക ജീവിതത്തിൽ എത്രതന്നെ നഷ്ടങ്ങൾ സഹിക്കേണ്ടിവന്നാലും അതെല്ലാം ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ്. എന്നാൽ പരലോകത്ത് നഷ്ടം സംഭവിച്ചാൽ നരകത്തിൽ നിന്നും മോചനമില്ലാതെ കാലാകാലവും ദുരിതമനുഭവിക്കേണ്ടി വരുമെന്നും പരലോക വിജയമാണ് മനുഷ്യൻ ലക്ഷ്യമാക്കേണ്ടത് എന്നുമാണ് ഖുർആൻ നൽകുന്ന വിജ്ഞാനത്തിന്റെ മാനവിക തലം.

'അന്നാസ്' (ജനത) എന്ന ഖുർആനിന്റെ പ്രയോഗം മനുഷ്യരെ മുഴുവൻ ഒന്നായിക്കണ്ടുകൊണ്ടുള്ളതാണ്. മനുഷ്യർ അവർക്കിടയിൽ സൃഷ്ടിച്ചെടുത്തിട്ടുള്ള വിഭാഗീയതകളെയും ഉച്ചനീചത്വങ്ങളെയും ഖുർആൻ തള്ളിക്കളയുന്നു. പ്രാദേശിക വാദം, ഭാഷാ സങ്കുചിതത്വം, വർണവെറി, മതവർഗീയത, ജാതീയത, ഗോത്രപ്പെരുമ തുടങ്ങി മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന മുഴുവൻ വിഭാഗീയ ചിന്താഗതികളെയും ഖുർആൻ നിരാകരിക്കുന്നു. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ സഹോദരനാണ് എന്നാണ് ഖുർആൻ പറയുന്നത്. ഇങ്ങനെ സകല സങ്കുചിതത്വങ്ങളെയും വെടിഞ്ഞ് പരസ്പരം ഏകോദര സഹോദരങ്ങളായി ജീവിക്കുന്ന മനുഷ്യരിൽ ഏകമാനവ സങ്കൽപം ഉടലെടുക്കുന്നു. അതിനുള്ള കാരണം, തന്നെ സൃഷ്ടിച്ച രക്ഷിതാവ് തന്നെയാണ്, അപരനെയും സൃഷ്ടിച്ചത് എന്ന തിരിച്ചറിവാണ്. ഇങ്ങനെ ഓരോ മനുഷ്യനെയും മറ്റു സൃഷ്ടിജാലങ്ങളെയും സൃഷ്ടിച്ചത് ഒരേ സ്രഷ്ടാവാണെന്നും സൃഷ്ടികളെല്ലാം അവന്റെ തീരുമാനങ്ങൾക്ക് വിധേയമാണ് എന്നും തിരിച്ചറിയുകയും തന്റെ ആരാധനകളും പ്രാർത്ഥനകളും തേട്ടങ്ങളുമെല്ലാം ആ സ്രഷ്ടാവിന് മാത്രം നൽകുകയും ചെയ്യുന്നതിനെയാണ് ഏകദൈവ വിശ്വാസം അഥവാ 'തൗഹീദ്' എന്ന് പറയുന്നത്. ഏകദൈവത്വം മനുഷ്യരിൽ രൂഢമൂലമായെങ്കിൽ മാത്രമേ ഏകമാനവത യാഥാർഥ്യമാവുകയുള്ളൂ എന്നതാണ് ഖുർആനിന്റെ കാഴ്ചപ്പാട്. 

സ്രഷ്ടാവിനെ കുറിച്ചും അവന്റെ ഏകത്വത്തെ കുറിച്ചും പരലോകത്തെ കുറിച്ചും ജനങ്ങൾക്ക് വിവരങ്ങൾ എത്തിച്ചുകൊടുക്കുന്നത് ദിവ്യസന്ദേശങ്ങൾ ലഭിക്കുന്ന പ്രവാചകന്മാരാണ്. മനുഷ്യരിൽനിന്നും സ്രഷ്ടാവ് ഉദ്ദേശിക്കുന്നവരെ അവൻ പ്രവാചകന്മാരായി തെരഞ്ഞെടുക്കുന്നു. മനുഷ്യർക്കും സ്രഷ്ടാവിനുമിടയിലുള്ള കണ്ണിയാണ് പ്രവാചകന്മാർ. ദിവ്യസന്ദേശങ്ങൾ കൈമാറുകയും അവയുടെ പ്രയോഗികരൂപം ജനങ്ങൾക്ക് ജീവിച്ചുകാണിച്ചു കൊടുക്കുകയും ചെയ്യുക എന്നതാണ് പ്രവാചകന്മാർ നിർവഹിക്കുന്നത്. എന്നാൽ പ്രവാചകന്മാർക്ക് ദിവ്യത്വമില്ല. ദിവ്യത്വത്തിന്റെ ഒരു അംശം പോലുമില്ല. 

തൗഹീദ് (ഏകദൈവത്വം), രിസാലത്ത് (പ്രവാചകത്വം), ആഖിറത്ത് (പരലോകം) എന്നീ മൂലക്കല്ലുകളിൽ ഊന്നിക്കൊണ്ടുള്ള ആശയങ്ങളാണ് വിശുദ്ധ ഖുർആൻ മനുഷ്യർക്ക് നൽകുന്നത്. തന്റെ സൃഷ്ടികർത്താവായ ഏകദൈവത്തെ ആരാധിച്ചും അവനോട് മാത്രം പ്രാർഥിച്ചും തേട്ടങ്ങളർപ്പിച്ചും പ്രവാചക സന്ദേശങ്ങൾക്ക് അനുസൃതമായി ജീവിതം ക്രമീകരിച്ചും ഐഹിക ജീവിതത്തിന്റെ പൊലിമയിൽ സ്വയം മറക്കാതെ പരലോകമെന്ന പരമ സത്യത്തിന് വിധേയമായി ജീവിതം നയിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് മനുഷ്യരോട് വിശുദ്ധ ഖുർആൻ ഉദ്‌ബോധിപ്പിക്കുന്നത്. ഇഹലോക ജീവിതത്തിൽ മനുഷ്യന് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത് മനുഷ്യരെ കഷ്ടപ്പെടുത്തുന്നതിന് വേണ്ടിയല്ല. മറിച്ച് മനുഷ്യന്റെ പരലോകം ധന്യമാക്കുന്നതിന് വേണ്ടിയാണ്. 

മനുഷ്യ പ്രകൃതിയിലൂടെ മനുഷ്യർ പരസ്പരം തിരിച്ചറിഞ്ഞ നന്മ, മാനവികത, സ്‌നേഹം തുടങ്ങിയ മൂല്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നും ഖുർആനിൽ ദർശിക്കാൻ സാധിക്കില്ല. ഖുർആൻ അവതരിപ്പിക്കപ്പെട്ട അറബ് സമൂഹത്തിൽ നിലനിന്നിരുന്ന ശത്രുതയും പരസ്പര വൈരവും വളരെ പ്രസിദ്ധമാണ്. നിങ്ങളുടെ സ്രഷ്ടാവും സംരക്ഷകനും ഒരുവനാണെങ്കിൽ നിങ്ങൾ പരസ്പരം എന്തിന് കലഹിക്കണമെന്ന് ഖുർആൻ അവരോട് ചോദിച്ചു. നിങ്ങൾ സ്വയം സൃഷ്ടിച്ചുണ്ടാക്കിയ നിങ്ങളുടെ ദൈവങ്ങളും ദൈവവിശ്വാസങ്ങളും നിങ്ങൾക്കിടയിൽ വിടവുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പകരം നിങ്ങൾ സങ്കൽപിച്ചുണ്ടാക്കുന്ന നിങ്ങളുടെ ദൈവങ്ങളെ മുഴുവൻ സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിലേക്ക് നിങ്ങൾ മടങ്ങുമ്പോൾ നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ ഐക്യമുണ്ടാകുമെന്നും ഖുർആൻ അവരോട് പറഞ്ഞു. 'നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ച് പോകരുത്. നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക. അവൻ നിങ്ങളുടെ മനസ്സുകൾ തമ്മിൽ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു. നിങ്ങൾ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതിൽ നിന്ന് നിങ്ങളെ അവൻ രക്ഷപ്പെടുത്തി.' (ഖുർആൻ 3:103). 

ഭിന്നിച്ചും കലഹിച്ചും കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ ഒരു ചരടിൽ കോർത്ത മുത്തുമണികളെപ്പോലെയാക്കിത്തീർത്ത ഖുർആൻ പഠിപ്പിക്കുന്നത് ശുദ്ധ മാനവികതയാണ്. ദൈവമൊന്ന്, മാനവരൊന്ന് എന്ന് പഠിപ്പിക്കുന്ന ഖുർആൻ ശത്രുവെന്ന് ഗണിക്കപ്പെടുന്നവരോട് പോലും ഏറ്റവും ഉദാത്തമായ ബന്ധം സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. 'നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതാണോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.' (ഖുർആൻ 41:34). ശത്രുത നിലനിൽക്കാനല്ല, അതിനെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഖുർആൻ പഠിപ്പിക്കുന്നു. യുദ്ധം ആഗ്രഹിക്കാൻ പാടില്ല. മനുഷ്യനെ നശിപ്പിക്കാൻ പുറപ്പെട്ടിട്ടുള്ള പിശാചിന്റെ വൈതാളികന്മാർ യുദ്ധങ്ങൾ സംഘടിപ്പിക്കുമ്പോൾ അവയെ പ്രതിരോധിക്കുവാനല്ലാതെ യുദ്ധത്തെ ഖുർആൻ പ്രോത്സാഹിപ്പിച്ചില്ല. യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് ആവശ്യമെന്നും ഖുർആൻ പഠിപ്പിച്ചു. 

അശാന്തി നിറഞ്ഞ ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കാനുള്ള മാർഗം സ്രഷ്ടാവുമായുള്ള അറ്റുപോവാത്ത ബന്ധമാണെന്ന് ഖുർആൻ പറഞ്ഞു: 'അലാ ബി ദിക്‌രില്ലാഹി തഥ്വ്മഇന്നുൽ ഖുലൂബ്'. ദൈവസ്മരണ കൊണ്ട് മാത്രമാണ് ഹൃദയങ്ങൾ ശാന്തമാകുന്നത് എന്നാണ് ഖുർആനിന്റെ വീക്ഷണം. സന്തോഷാവസരത്തിലും സന്താപവേളകളിലും ഒരുപോലെ സ്രഷ്ടാവിനെ സ്മരിക്കുകയും നന്ദി കാണിക്കുകയും ക്ഷമ അവലംബിക്കുകയും ചെയ്യാൻ ഖുർആൻ പ്രേരിപ്പിക്കുന്നു. സ്രഷ്ടാവുമായുള്ള ബന്ധം എന്നും ഒരുപോലെ നിലനിൽക്കുന്നതിന് വേണ്ടിയാണ് അഞ്ചു നേരത്തെ നമസ്‌കാരം നിർബന്ധമാക്കിയത്. അത് ആത്മാർഥതയോടെ, ഭയഭക്തിയോടെ നിർവഹിക്കുന്ന ഏതൊരാളും തന്റെ നാഥനെ സദാ സ്മരിക്കുകയും തിന്മകളിൽനിന്നും മാറി നിൽക്കുകയും ചെയ്യും. അഞ്ചുനേരം ഒരു പുഴയിൽനിന്നും സ്‌നാനം ചെയ്യുന്നവന്റെ ശരീരത്തിൽ ഒരഴുക്കും ശേഷിക്കുകയില്ല എന്നതുപോലെ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുന്നവരുടെ മനസ്സിൽ ഒരു പാപക്കറയും ശേഷിക്കുകയില്ലെന്ന് പ്രവാചകൻ പറഞ്ഞു. 'തീർച്ചയായും നമസ്‌കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധകർമത്തിൽ നിന്നും തടയുന്നു. അല്ലാഹുവെ ഓർമിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു.' (ഖുർആൻ 29:45). 

ഉള്ളവനും ഇല്ലാത്തവനും ലോകത്ത് നിലനിൽക്കുന്ന യാഥാർഥ്യങ്ങളാണെന്ന് ഖുർആൻ സിദ്ധാന്തിച്ചു. ഒരാൾ സ്വന്തം ശ്രമഫലമായി സാമ്പത്തികമായി ഉയരുന്നുവെങ്കിൽ അതിനെ ഖുർആൻ നിരുത്സാഹപ്പെടുത്തിയില്ല. പക്ഷെ തന്റെ സമ്പാദ്യത്തിന്റെ നിശ്ചിത ശതമാനം തനിക്ക് അവകാശപ്പെട്ടതല്ലെന്നും അത് ഇല്ലാത്തവന്റെ മുതലാണെന്നും ഖുർആൻ ഓർമപ്പെടുത്തി. അങ്ങനെ ഉള്ളവനും ഇല്ലാത്തവനുമിടയിലുള്ള അന്തരം കുറച്ചുകൊണ്ടുവരികയും ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുക എന്ന വളരെ മാനവികമായ നിർദ്ദേശമാണ് ഖുർആൻ മുന്നോട്ടുവെച്ചത്. ഇല്ലാത്തവരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികളാണ് പണ്ടുകാലം മുതൽ നിലനിന്നുവന്നിരുന്നത്. ഇല്ലാത്തവനെ സഹായിക്കുക എന്ന വ്യാജേന അവനു പണം കടം കൊടുക്കുകയും തിരിച്ചുവാങ്ങുമ്പോൾ ഇരട്ടിയിലധികം വസൂലാക്കുകയും ചെയ്യുകയെന്ന പലിശ സമ്പ്രദായമാണ് ഇന്നും ലോകത്ത് നടപ്പുള്ള വ്യവസ്ഥിതി. എന്നാൽ ഖുർആൻ പലിശയെ നിഷിദ്ധമാക്കുകയും പകരം ദാനധർമങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്തു. കടം വാങ്ങിയവരിൽ ഞെരുക്കമനുഭവിക്കുന്നവർ ഉണ്ടെങ്കിൽ അയാൾക്ക് ആശ്വാസമുണ്ടാകുന്നത് വരെ സമയം നൽകണമെന്നും ദാനമായി അത് വിട്ടു കൊടുക്കുന്നതാണ് കൂടുതൽ ഉത്തമമെന്നും ഖുർആൻ ഉപദേശിച്ചു. പ്രവാചക കാലം കഴിഞ്ഞതോടെ ദാനധർമങ്ങൾ സ്വീകരിക്കാൻ ആളില്ലാത്ത അവസ്ഥയിലേക്ക് ഇസ്‌ലാമിക പ്രദേശങ്ങൾ മാറുവാനുണ്ടായ കാരണം ഖുർആനിന്റെ ഈ ഉപദേശങ്ങൾ നടപ്പിൽ വരുത്തിയതുകൊണ്ടായിരുന്നു. 

ഖുർആൻ ദൈവികഗ്രന്ഥമാണ്. അത് പഠിപ്പിക്കുന്നത് വിശ്വമാനവികതയാണ്. വിശുദ്ധ ഖുർആനിനെ പോലെ ഒരു ഗ്രന്ഥം രചിക്കുവാൻ ഒരാൾക്കും സാധിക്കില്ല. കാരണം അത് അല്ലാഹുവിന്റെ വചനങ്ങളാണ്. അതിൽ മനുഷ്യരുടേതായി യാതൊന്നുമില്ല. ഖുർആൻ മനുഷ്യനിർമിതിയാണെന്ന് വാദിച്ചവരെ മുഴുവൻ ഖുർആൻ വെല്ലുവിളിച്ചു. പക്ഷെ ഖുർആനിന്റെ ആശയങ്ങൾക്കും ആത്മാർഥമായ സമീപനങ്ങൾക്കും ആകർഷണീയമായ ഭാഷാശൈലിക്കും മുമ്പിൽ വിമർശകർ പരാജയപ്പെട്ടു. ഖുർആൻ അമാനുഷികമെന്ന് അവർക്കും സമ്മതിക്കേണ്ടി വന്നു. വിശുദ്ധ ഖുർആനിന്റെ അമാനുഷികതയും അത് നൽകുന്ന മാനവിക സന്ദേശങ്ങളും ഉൾക്കൊണ്ട് ഇഹപര വിജയം നേടുവാൻ വിശുദ്ധ ഖുർആൻ അവതരിച്ച റമദാനിന്റെ അവസാന ദിനങ്ങൾ പ്രചോദനമാകട്ടെ.


 

Latest News