Sorry, you need to enable JavaScript to visit this website.

ബി.ജെ.പി വോട്ടുകൾ എങ്ങോട്ടൊഴുകി?

ദൂരൂഹ സാഹചര്യത്തിൽ തിരുവനന്തപുരത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഭാരത്‌ലൈവ്  ഓൺലൈൻ ചാനൽ റിപ്പോർട്ടർ എസ്.വി. പ്രദീപിന്റെ ഒരു വാർത്ത ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനും മുമ്പ് പുറത്തുവന്ന വാർത്തയിൽ പിണറായി വിജയന് ഭരണത്തുടർച്ചയുണ്ടാക്കാൻ ബി.ജെ.പി. ദേശീയ നേതൃത്വം തീരുമാനിച്ചുവെന്നു പറയുന്നു. ഇതിന് ശേഷമാണ് ഒരു ചാനൽ ചർച്ചയിൽ രാഹുൽ ഈശ്വർ തീവ്രവലതുപക്ഷം ആഗ്രഹിക്കുന്നത് പിണറായിയുടെ ഭരണത്തുടർച്ചയാണെന്ന് വെളിപ്പെടുത്തുന്നത്. ഇതിനും ശേഷം ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ സി.പി.എം- ബി.ജെ.പി ഡീൽ എന്ന് ഇതിനെ വിളിച്ചു. 


ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് നൽകിയെന്ന ആരോപണം കേരള രാഷ്ട്രീയത്തിൽ പുതുമയില്ലാത്തതാണ്. ഇരുപത് വർഷമായിട്ടെങ്കിലും കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോഴെല്ലാം ബി.ജെ.പിക്ക് വോട്ടു കുറഞ്ഞിട്ടുണ്ട്. 1991 ൽ രണ്ടു സംയുക്ത സ്ഥാനാർഥികളെ യു.ഡി.എഫും ബി.ജെ.പിയും നിർത്തുകയും ചെയ്തു. ഇതാദ്യമായി കൊട്ടും കുരവയുമായി പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് വോട്ടു കുറഞ്ഞുവെന്ന് മാത്രമല്ല, നേട്ടമുണ്ടായത് ഇടതുപക്ഷത്തിനുമാണ്. ബി.ജെ.പിക്ക് മുമ്പ് കിട്ടിയ വോട്ടുകൾ എവിടെയെന്ന ചോദ്യത്തിന് ലളിത ഉത്തരമായിരുന്നു യു.ഡി.എഫ്, അത് നിഷേധിച്ചിരുന്നുവെങ്കിൽ കൂടി. 


കേരളത്തിൽ ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏതാനും പഞ്ചായത്തുകളിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 2015 ലും ഇതേ സ്ഥിതി ഉണ്ടായിരുന്നു. അന്ന് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ എൽ.ഡി.എഫും യു.ഡി.എഫും കൈകോർത്തു. 2020 ൽ പക്ഷേ ഇടതുപക്ഷം ഇതിന് തയാറായില്ലെന്ന് മാത്രമല്ല യു.ഡി.എഫ് ഏകപക്ഷീയമായി എൽ.ഡി.എഫിന് വോട്ട് നൽകി വിജയിച്ച സി.പി.എം പഞ്ചായത്ത് പ്രസിഡന്റുമാർ രാജിവെച്ചു. രണ്ടു തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയപ്പോഴും ഇടതിന്റെ പ്രതിനിധികൾക്ക് യു.ഡി.എഫ് വോട്ട് നൽകി വിജയിപ്പിച്ചു. എന്നാൽ അവർ ഉടനെ രാജിവെച്ചു. ഫലം ഈ പഞ്ചായത്തുകൾ ബി.ജെ.പിക്ക് ലഭിച്ചു. 


കേരളത്തിന് തൊട്ടു കിടക്കുന്ന തമിഴ്‌നാട്ടിൽ കോൺഗ്രസും മുസ്‌ലിംലീഗും സി.പി.എമ്മും സി.പി.ഐയും ഒരേ മുന്നണിയിലെ ഘടക കക്ഷികളായി പ്രവർത്തിച്ചുകൊണ്ടിരിക്കേ സി.പി.എമ്മിന്റെ  ഈ അയിത്തം ബി.ജെ.പിയെ അധികാരത്തിലെത്താൻ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തം. ബി.ജെ.പിയെ തോൽപിക്കാൻ ഇടതും വലതും കൈ കോർക്കാനാണ് ഭാവമെങ്കിൽ അവരെ പ്രത്യേകം തോൽപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയതുമാണ്. 


കേരളത്തിൽ ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കണമെങ്കിൽ കേരളത്തിലെ മുന്നണികളുടെ ബലാബലം തകരണം. ഇരു മുന്നണികൾ വീറുറ്റ മത്സരം നടത്തുമ്പോൾ മൂന്നാമതൊന്നിന് പ്രസക്തിയില്ലാതാവുകയും സ്വന്തം വോട്ടുകൾ പോലും നഷ്ടമാകുകയും ചെയ്യുന്നുവെന്ന വിലയിരുത്തലിൽ നിന്നാണ് പിണറായിക്ക് തുടർഭരണം നൽകുകയെന്നത് ബി.ജെ.പിയുടെ അജണ്ടയാകുന്നത്. അഞ്ചു വർഷം കൂടി അധികാരത്തിന് പുറത്തിരിക്കേണ്ടിവരുന്ന യു.ഡി.എഫ് ദുർബലമാകുകയും പ്രധാന പ്രതിപക്ഷമായി മാറാൻ ബി.ജെ.പി.ക്ക് കഴിയുമെന്നും കണക്കു കൂട്ടുന്നു. കേരളത്തിലെ  എണ്ണത്തിൽ കൂടുതലുള്ള കമ്യൂണിസ്റ്റ് വിരുദ്ധരുടെ നേതൃത്വം ബി.ജെ.പിക്ക് ലഭിച്ചാൽ പത്തു വർഷത്തിന് ശേഷമെങ്കിലും കേരളം പിടിക്കാൻ കഴിയുമെന്നുള്ള ചിന്ത ബി.ജെ.പിയിൽ ഏറെക്കാലമായി ചർച്ചയിലാണ്. ഇത്തവണ ബി.ജെ.പിയുടെ കേരള അജണ്ട നിർണയിക്കുന്നതിൽ കേന്ദ്ര നേതൃത്വം വലിയ പങ്കു വഹിക്കുകയുണ്ടായി. 


ദേശീയ തലത്തിൽ ബി.ജെ.പിയുടെ മുഖ്യ ശത്രു കോൺഗ്രസാണ്. കോൺഗ്രസ് മുക്ത ഭാരതം ആണ് ലക്ഷ്യമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുമുണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ തോൽവി രാഹുൽ ഗാന്ധിയുടെ തോൽവി കൂടിയായതിനാൽ ബി.ജെ.പി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത് പിണറായിയുടെ ഭരണത്തുടർച്ചയാണ്. ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ കഴിയാത്ത ഒരു സംസ്ഥാനത്ത് കോൺഗ്രസോ സി.പി.എമ്മോ എന്ന ചോദ്യം ഉയരുമ്പോൾ ബി.ജെ.പിക്ക് താൽപര്യം സി.പി.എമ്മാവുന്നത് സ്വാഭാവികം. 


ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന സവർണ ഹിന്ദു വോട്ടുകളെ സ്വാധീനിക്കാവുന്ന പ്രചാരണ വിഷയങ്ങളും ഇടതിന് വശമുണ്ട്. ഇതിലൊന്നു സവർണ സംവരണമാണ്. നിയമം പാസാക്കിയത് കേന്ദ്ര സർക്കാരാണെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അത് പരമാവധി മേഖലകളിൽ നടപ്പാക്കാൻ പിണറായി ശ്രദ്ധിച്ചു. പോയ വർഷത്തെ പ്രൊഫഷനൽ കോളേജ് അഡ്മിഷനിൽ തന്നെ സവർണ സംവരണത്തിന്റെ ഗുണം ബന്ധപ്പെട്ടവർക്ക് ലഭ്യമാക്കുകയും ചെയ്തു. ഇതിനെ എതിർത്ത മുസ്‌ലിം ലീഗിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രചാരണവും നടത്തി. അമീർ - ഹസൻ- കുഞ്ഞാലിക്കുട്ടി ത്രയം കേരളം യു.ഡി.എഫിനെ നയിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോൺഗ്രസിന്റെ അജണ്ട നിശ്ചയിക്കുന്നത് മുസ്‌ലിംലീഗാണെന്ന് പിണറായി വിജയനും കോറസായി പറഞ്ഞതും ഈ പദ്ധതി പ്രകാരം. 


ശബരിമല പോലെ വിഷയങ്ങളിൽ നേരത്തെ എടുത്ത കർക്കശ നിലപാടിൽ നിന്ന് വ്യക്തമായ വ്യതിയാനം പ്രഖ്യാപിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ബന്ധപ്പെട്ട സമുദായങ്ങൾക്കിടയിലേക്ക് തെറ്റിദ്ധാരണ നീക്കാൻ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. ഇനി പുനപ്പരിശോധനാ ഹരജിയിൽ വിധി വന്നാൽ മുമ്പത്തെ പോലെ നടപ്പാക്കില്ല, ചർച്ച നടത്തുമെന്ന് ഇടതുമുന്നണി അിറയിച്ചുവെന്നതും ഈ വിഭാഗം വോട്ടർമാരെ ലക്ഷ്യം വെച്ചാണ്. 


പ്രത്യക്ഷത്തിൽ ബി.ജെ.പി വിരുദ്ധ പ്രതിഛായ സൂക്ഷിക്കുമ്പോഴും കേന്ദ്ര ഭരണ നേതൃത്വവുമായി തന്ത്രപരമായ സൗഹൃദം പിണറായിക്കുണ്ടെന്നത് ഭരണ ആരംഭത്തിലേയുള്ള ആരോപണമാണ്. പിണറായി വിജയൻ പ്രതിയായ ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ മുപ്പതിലേറെ തവണ മാറ്റിവെച്ചത് ഈ ബന്ധത്തിന്റെ പ്രത്യക്ഷ തെളിവായി ചൂണ്ടിക്കാണിക്കുന്നു. മറ്റൊന്ന് പോലീസിലെ സംഘ് പരിവാർ ഇടപെടലാണ്. ഡി.ജി.പി ബെഹ്‌റയുടെയും രമൺ ശ്രീവാസ്തവയുടെ ഉപദേശി നിയമനവും ഈ ബന്ധത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് വേട്ട മുതൽ കേന്ദ്ര അജണ്ടകൾക്ക് പിണറായിയുടെ പിന്തുണ ലഭിച്ചു. മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലകളെ സി.പി.ഐ പോലും കൊലപാതകങ്ങളെന്ന് വിശേഷിപ്പിച്ചപ്പോഴും മുഖ്യമന്ത്രി വക വെച്ചില്ല.

കോഴിക്കോട്ട് അലൻ, താഹ കേസുകൾ കൈകാര്യം ചെയ്ത രീതിയിൽ പാർട്ടിയിൽ നിന്ന് വിമർശനങ്ങളുയർന്നതാണ്. പോലീസ് നിയമത്തിൽ 118 എ വകുപ്പ് നടപ്പാക്കാൻ തുനിഞ്ഞത് സി.പി.എം കേന്ദ്ര നേതൃത്വം ഇടപെട്ടതുകൊണ്ട് മാത്രം മാറ്റിവെച്ചു. കണ്ണൂർ ജില്ലയിലെ പാലത്തായിയിൽ ആർ.എസ്.എസ് നേതാവിനെതിരെ ബാലിക പരാതി നൽകിയിട്ടും പോക്‌സോ വകുപ്പുകൾ ചുമത്താതിരുന്നത് ഈ ബാന്ധവത്തിന്റെ തെളിവായി പ്രതിപക്ഷം വിശദീകരിച്ചിരുന്നു. 
കേരളത്തിൽ വിജയിച്ചത് ബി.ജെ.പിയുടെ ദീർഘകാല പദ്ധതിയോ അതോ ഇടതുപക്ഷ ജനകീയ അജണ്ടയോ എന്ന ചോദ്യം ഉത്തരം തേടുന്നത് തന്നെ.

Latest News