ജിദ്ദ - അല്‍മര്‍വ ഡിസ്ട്രിക്ടില്‍ ഫ് ളാറ്റിന് തീപ്പിടിച്ച് എട്ടു ഫലസ്തീനികള്‍ മരിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ഫലസ്തീനി പൗരന്‍ ഇസ്‌ലാം സുബ്ഹി ദഹ്‌ലാന്റെ ഭാര്യ റഈസ അബ്ദുല്ല അല്‍ഹുലൈമിയും മകള്‍ ഗാദ ഇസ്‌ലാം ദഹ്‌ലാനും ഫലസ്തീനി പൗരന്‍ നാദിര്‍ അബ്ദുല്‍കരീം അല്‍ബ്രൂണോയുടെ ഭാര്യ ബദൂറും മക്കളായ നഗം, താലീന്‍, ബസ്‌നത്ത്, കനാന്‍, ഹത്താന്‍ എന്നിവരുമാണ് മരിച്ചതെന്ന് ജിദ്ദ ഫലസ്തീന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഭാര്യമാരെയും മക്കളെയും നഷ്ടപ്പെട്ട ഫലസ്തീനി കുടുംബനാഥന്മാര്‍.
ഫ് ളാറ്റില്‍ അഗ്നിബാധയുണ്ടാകുന്നതിനു ഏഴു മിനിറ്റു മുമ്പു മാത്രമാണ് താന്‍ വീട്ടില്‍ നിന്ന് പുറത്തുപോയതെന്ന് ഇസ്‌ലാം ദഹ്‌ലാന്‍ പറഞ്ഞു. തന്റെ ഭാര്യയും 15 കാരിയായ മകളും കനത്ത പുക മൂലം ശ്വാസംമുട്ടിയാണ് മരിച്ചത്. ഫ്ളാറ്റില്‍ തീ പടര്‍ന്നുപിടിച്ചതോടെ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും കനത്ത പുകയും കെട്ടിടത്തിന്റെ ടെറസ്സിലേക്കുള്ള വാതില്‍ അടച്ചതും മൂലം രക്ഷപ്പെടാന്‍ സാധിച്ചില്ല. കുട്ടികള്‍ തീ കൊണ്ട് കളിച്ചതാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമികാന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു.
താന്‍ ഫ് ളാറ്റില്‍ നിന്ന് പുറത്തുപോയി ഏഴു മിനിറ്റിനു ശേഷം ഭാര്യ ഫോണില്‍ ബന്ധപ്പെട്ട് ഫ്ളാറ്റില്‍ തീ പടര്‍ന്നുപിടിച്ചതായി അറിയിച്ചു. വേഗത്തില്‍ ഓടിയെത്തിയ തനിക്ക് സെന്‍ട്രല്‍ എയര്‍ കണ്ടീഷനര്‍ സ്ഥാപിച്ച സിമന്റ് മൂലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൂത്ത മകനെ കാണാനായി. മകന്‍ ജനല്‍ വഴി പുറത്തുകടക്കുകയായിരുന്നു. മറ്റുള്ളവര്‍ ഫ്ളാറ്റിനകത്ത് കുടുങ്ങി. പരിക്കേറ്റ തന്റെ ഇളയ മകന്‍ റശീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു മകന്‍ ഖാലിദ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഭാര്യയെയും അഞ്ചു മക്കളെയും നഷ്ടപ്പെട്ട നാദിര്‍ അഹ്മദ് അയ്യൂശിന്റെ കുടുംബവുമായി തങ്ങള്‍ക്ക് അടുത്ത കുടുംബ, സൗഹൃദ ബന്ധമുണ്ട്. കാലം തങ്ങളെ ഒരിക്കലും വേര്‍പ്പെടുത്തിയിരുന്നില്ല. മരണത്തില്‍ പോലും ഇരു കുടുംബങ്ങളും ഒന്നിച്ചതായി ഇസ്‌ലാം ദഹ്‌ലാന്‍ പറഞ്ഞു. തന്റെ കുടുംബത്തെ മുഴുവന്‍ തനിക്ക് നഷ്ടപ്പെട്ടതായി നാദിര്‍ അബ്ദുല്‍കരീം അല്‍ബ്രൂണോ പറഞ്ഞു. ഭാര്യയും രണ്ടു ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണ് ദുരന്തത്തില്‍ മരിച്ചത്. തന്റെ കുടുംബത്തില്‍ ഇനി ആരും അവശേഷിക്കുന്നില്ലെന്നും നാദിര്‍ പറഞ്ഞു.






