കോവിഡ് ഭേദമായവര്‍ക്ക് അപൂര്‍വ ഫംഗസ് ബാധ; ദല്‍ഹിയില്‍ ആശങ്ക

ന്യൂദല്‍ഹി- കോവിഡ് മഹാമാരിക്കിടെ ദല്‍ഹിയില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യുകോര്‍മികോസിസ് വര്‍ധിക്കുന്നു. ദല്‍ഹി ആശുപത്രികളിലെത്തിയ രോഗികളിലാണ് ഫംഗസ് ബാധ വര്‍ധിച്ചത്. വളരെ വേഗം വ്യാപിച്ച് കണ്ണുകളെ കാഴ്ചയെ ബാധിക്കുന്നതിനാല്‍ ഈ രോഗം വലിയ ആശങ്ക ഉയര്‍ത്തുന്നു. മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഇതു ബാധിക്കും.
കോവിഡ് ചികിത്സക്കായി സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചതാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അണുബാധ വര്‍ധിക്കാനുള്ള കാരണമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. ദല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ കറുത്ത ഫംഗസ് ബാധയെന്നു കൂടി അറിയപ്പെടുന്ന നിരവധി മ്യുകോര്‍മികോസിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ തന്നെ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയാണ് ഇത് ബാധിക്കുന്നതെന്നും മൂക്കിലെ തടസ്സമാണ് പ്രധാന ലക്ഷണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കണ്ണുകളും കവിളുകളും വീര്‍ക്കുകയും ചെയ്യും. ചികിത്സിച്ചെല്ലെങ്കില്‍ സ്ഥിരമായ അന്ധതക്കുവരെ കാരണമാകാമെന്ന് വൈസിഎം ഹോസ്പിറ്റലിലെ ഡോ. യശ്വന്ത് ഇംഗലെ പറയുന്നു.
കോവിഡിന്റെ തുടക്കത്തില്‍ സ്റ്റിറോയിഡ് അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് ഉപകാരത്തേക്കാള്‍ ഉപദ്രവം വരുത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

 

Latest News