Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു

തിരുവനന്തപുരം- തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം ശക്തമാവുന്നു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിലാണ് മുല്ലപ്പള്ളിക്കും എ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും എതിരെ പ്രതിഷേധം. പ്രതിഷേധക്കാരുടെ ഫഌക്‌സിൽ 'മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കി കോൺഗ്രസിനെ അനുഗ്രഹിച്ച എ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി' എന്ന് എഴുതിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് പിന്നിൽ യൂത്ത് കോൺഗ്രസുകാരാണെന്നാണ് സൂചന. എന്നാൽ യൂത്ത് കോൺഗ്രസ് ഇത് നിഷേധിച്ചു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇതൊന്നും അറിഞ്ഞതായി പോലും നടിച്ചിട്ടില്ല. പ്രതിഷേധങ്ങളുടെ പേരിൽ രാജിവെക്കാൻ തയാറല്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. തന്നെ അപമാനിച്ചു ഇറക്കിവിടാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. പരാജയത്തിൽ കൂട്ടുത്തരവാദിത്തമാണെന്നും ഇക്കാര്യത്തിൽ തനിക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നുമാണ് മുല്ലപ്പള്ളി പറയുന്നത്. അതേസമയം മുല്ലപ്പള്ളിയുടെ കാര്യത്തിൽ ഹൈക്കമാന്റ് നിലപാട് സ്വീകരിക്കുമെന്നാണ് കെ. സുധാകരൻ അടക്കമുള്ളവർ കരുതുന്നത്. ഏതെങ്കിലും പരസ്യ പ്രതികരണം നടത്തി അവശേഷിക്കുന്ന സാധ്യത കൂടി ഇല്ലാതാക്കാനില്ലെന്ന നിലപാടിലാണ് സുധാകരൻ.


അതേസമയം തന്റെ നിലപാട് മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചതായാണ് വിവരം. ഒരു സ്ഥാനത്തും കടിച്ചുതൂങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ഏത് നിമിഷവും സ്ഥാനം ഒഴിയാൻ തയാറാണ്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ ഇട്ടെറിഞ്ഞു പോയെന്ന വിമർശനം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഹൈക്കമാന്റ് പറഞ്ഞാൽ ഏത് നിമിഷവും അധ്യക്ഷ സ്ഥാനം ഒഴിയാൻ തയാറാണെന്നും ഹൈക്കമാന്റിന് എന്തു വേണമെങ്കിലും തീരുമാനിക്കാമെന്നും മുല്ലപ്പള്ളി അറിയിച്ചതായാണ് സൂചന. തോൽവിയിൽ കൂട്ടുത്തരവാദിത്തം ഉണ്ടെന്നുള്ള കാര്യം എല്ലാവരും മറക്കുന്നു. ലോക്‌സഭയിൽ ജയിച്ചപ്പോൾ ആരും ക്രെഡിറ്റ് തന്നില്ല. ഇപ്പോൾ പരാജയം തന്റെ മാത്രം ഉത്തരവാദിത്തമാക്കുന്നു. അപമാനിച്ചിറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു. 

 

Latest News