Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

മമതയുടെ മൂന്നാമൂഴം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. മൂന്നാം തവണയാണ് തുടർച്ചയായി മമത ബാനർജി ബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. ബി.ജെ.പിക്കെതിരെ ശക്തമായ വെല്ലുവിളി ഉയർത്തുന്ന പ്രതിപക്ഷ നേതാവായി മമത മാറിയിരിക്കുകയാണ്. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയാണ് ബംഗാളിൽ ഇത്തവണ മമതയും തൃണമൂൽ കോൺഗ്രസും വിജയം നേടിയത്. അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പ്രധാന നേതാക്കളായ നരേന്ദ്ര മോഡി, അമിത് ഷാ, ജെ.പി. നദ്ദ തുടങ്ങിയവർ ഏറെ സമയവും ചെലവഴിച്ചത് ബംഗാളിലായിരുന്നു.  ബംഗാളിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ട് ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം തൃണമൂലിനെ താഴെയിറക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  പരിക്കേറ്റ മമത ബാനർജി വീൽ ചെയറിലെത്തി വോട്ട് ചോദിച്ചതും പ്രചാരണം നടത്തിയതിനും  തെരഞ്ഞെടുപ്പ് നാളുകൾ  സാക്ഷിയാവുകയും ചെയ്തിരുന്നു. ഇതെല്ലാം മമതയ്ക്ക് അനുകൂല വികാരമാണ് ഉണ്ടാക്കിയത്. എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മമതയെ പൂട്ടിക്കെട്ടാൻ സർവ സന്നാഹങ്ങളും പ്രയോഗിച്ചു. മമതയുടെ കൂടെയുണ്ടായിരുന് പുംഗവന്മാർ പലരും മറുകണ്ടം ചാടി. 


തൃണമൂൽ വിട്ട് നിരവധി പ്രമുഖർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തിയിരുന്നു. ഇതെല്ലാം ബിജെപി അനുകൂല ഘടകമായാണ് വിലയിരുത്തുന്നത്. ഇവരിൽ മമതാ ബാനർജിയുടെ അനുയായിയായിരുന്ന സുവേന്ദു അധികാരിയും അദ്ദേഹത്തിന്റെ സഹോദരനും ഉൾപ്പെട്ടിരുന്നു അധികാരി പാർട്ടി വിട്ടതിന് പിന്നാലെ തൃണമൂലിൽ വലിയ തോതിൽ കൊഴിഞ്ഞുപോക്കുണ്ടായി. ഇതിന് പുറമെ മമതാ ബാനർജിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയെ ഇറക്കിയാണ് ബിജെപി മമതയെ വെല്ലുവിളിച്ചത്.
സുദീർഘമായ എട്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പ് ബംഗാളിലെ മാത്രം സവിശേഷതയായിരുന്നു. ഇതിനൊക്കെ പുറമെ ടിവി ചാനലുകൾ നടത്തിയ എക്‌സിറ്റ് പോളുകളിലെല്ലാം ബി.ജെ.പി അധികാരത്തിലേക്ക് എന്നായിരുന്നു പ്രവചനം. ഒരെണ്ണം മാത്രം തൂക്കുസഭയെന്ന് പറഞ്ഞു. ദീദി വീണ്ടുമെത്തുമെന്ന് പറയാനുള്ള ജ്ഞാനദൃഷ്ടി ആർക്കുമുണ്ടായില്ല. 


നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തിയേറിയ പോരാട്ടത്തിന് സാക്ഷിയായ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ്  ജൻ കി ബാത്ത് സർവേ കണ്ടെത്തിയത്. ബിജെപിക്ക് 162-185 നിടയിൽ സീറ്റുകൾ ലഭിക്കുമെന്നും സർവേ വിലയിരുത്തി.  ഇടതുപക്ഷത്തിന് കീഴിലുള്ള മഹാസഖ്യത്തിന് 39 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ പ്രവചിച്ചിരുന്നു. 
ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചതായിരുന്നു  റിപ്പബ്ലിക് സിഎൻഎക്‌സ് എക്‌സിറ്റ് പോൾ ഫലം. മറ്റു എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബി.ജെ.പി ജയം പ്രവചിക്കുമ്പോൾ റിപ്പബ്ലിക് ഫലത്തിൽ തൃണമൂൽ നേരിയ സീറ്റുകൾക്ക് പിന്നിലാണ്. ബിജെപിക്ക് 138 മുതൽ 148 വരെ സീറ്റുകൾ ലഭിക്കുമെന്ന് ഈ സർവേ വ്യക്തമാക്കി.  തൃണമൂലിന് 128 മുതൽ 138 വരെ സീറ്റുകൾ കിട്ടുമെന്നും പറഞ്ഞു.  ഇടതുപക്ഷ മുന്നണിക്ക് 11 മുതൽ 21 വരെ സീറ്റും പ്രവചിച്ചു.  ഈ എക്‌സിറ്റ് പോൾ ഫലം ശരിയായിരുന്നുവെങ്കിൽ  ബംഗാളിൽ തൂക്കു സഭ വരണമായിരുന്നു. 


294 അംഗ നിയമസഭയാണ് ബംഗാളിലേത്. 148 സീറ്റ് ലഭിക്കുന്ന പാർട്ടിക്ക് ഭരണം നടത്താം. ബിജെപിക്ക് 148 സീറ്റ് വരെ റിപ്പബ്ലിക് സിഎൻഎക്‌സ് പ്രവചിച്ചു. ബിജെപിയിലേക്ക് കൂടുതൽ പേർ ഒഴുകാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങൾ പ്രതീക്ഷിച്ചിരുന്നു. 
ടൈംസ് നൗ സിവോട്ടർ എക്‌സിറ്റ് പോൾ ഫലം മാത്രമാണ് തൃണമൂലിന്റെ സാധ്യത അൽപമെങ്കിലും തിരിച്ചറിഞ്ഞത്.  158 സീറ്റ് വരെ തൃണമൂലിന് കിട്ടുമെന്ന് അവർ നിരീക്ഷിച്ചു. ബിജെപിക്ക് 115 സീറ്റും ഇടതുസഖ്യത്തിന് 19 സീറ്റുമാണ് ഇവർ പ്രവചിച്ചിരുന്നത്. 
ഫലം വന്നപ്പോൾ ബി.ജെ.പിക്ക് നൂറ് സീറ്റ് പോലും തികയ്ക്കാനായില്ല. കേന്ദ്ര നേതൃത്വത്തിന് ആരെയും കുറ്റപ്പെടുത്താനാവാത്ത സ്ഥിതി. 


അമിത് ഷായും നരേന്ദ്ര മോഡിയും ബംഗാളിൽ ക്യാമ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അമിത് ഷാ ബംഗാളിലെ തോൽവിയിൽ ശരിക്കും ഞെട്ടലിലാണ്. ദീദിയെ ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ബംഗാളിന്റെ ചാർജ് കൈലാഷ് വിജയ് വർഗീയക്കാണ് അമിത് ഷാ നൽകിയത്. ചാണക്യനെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. ലോക്‌സഭയിൽ  സംസ്ഥാനത്തു നിന്ന് 18 സീറ്റ് ബിജെപിക്ക് നേടിക്കൊടുത്തത് വിജയ് വർഗീയയായിരുന്നു. തോറ്റ ഉടനെ അദ്ദേഹത്തെയാണ് അമിത് ഷാ വിളിച്ചത്. എന്താണ് നാണക്കേടെന്ന ചോദ്യത്തിന് ഒന്നും മനസ്സിലാവുന്നില്ലെന്നായിരുന്നു മറുപടി. 


അമിത് ഷാ ഒരിക്കൽ കൂടി താൻ ഗുജറാത്ത് രാഷ്ട്രീയക്കാരൻ മാത്രമാണെന്ന് ബംഗാളിൽ തെളിയിച്ചിരിക്കുകയാണ്. ഹിന്ദി ഹൃദയ ഭൂമിയിലെ തന്ത്രങ്ങളാണ് ഇവിടെ ഉപയോഗിച്ചത്. ബംഗാളിന് സാംസ്‌കാരിക സത്വം കൂടുതലാണെന്ന് അമിത് ഷാ തിരിച്ചറിഞ്ഞില്ല. ബുദ്ധിജീവി സമൂഹത്തെ മുഴുവൻ ബിജെപി ഭയപ്പെടുത്തിയിരുന്നു. സാംസ്‌കാരിക ലോകം ഒന്നടങ്കം ബിജെപിയെ കൈവിട്ട അവസ്ഥയിലായിരുന്നു. ഇതെല്ലാം കൃത്യമായി മമത ഉപയോഗിച്ചു. ബിജെപിയെ കുറിച്ചുള്ള ഭയം വോട്ടർമാരിലേക്ക് എത്തിയത് കൂടുതൽ വോട്ടുകൾ ലഭിക്കാനും തൃണമൂലിനെ സഹായിച്ചു.  


പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. തുടർച്ചയായി ബംഗാളിൽ അധികാരം നിർത്തുന്ന തൃണമൂലിനെ താഴെയിറക്കി അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ അമിത് ഷായും ജെ.പി. നദ്ദയും അടക്കമുള്ള നേതാക്കളെ പശ്ചിമ ബംഗാളിലിറക്കി ബിജെപി തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുകയായിരുന്നു. ദേശീയ നേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും അടക്കം പല പ്രമുഖരെയും ഇറക്കിയായിരുന്നു പ്രചാരണം. എന്നാൽ അധികാരം നിലനിർത്തുമെന്ന് തൃണമൂലും മമതാ ബാനർജിയും ആവർത്തിച്ചുകൊണ്ടിരുന്നു. ആദ്യാവസാനം കരുത്തുറ്റ പോരാട്ടത്തിനാണ് ബംഗാൾ സാക്ഷിയായത്.


വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം പതിപ്പ് പടർന്നു പിടിച്ചപ്പോഴാണ് ഇതൊന്നും ഗൗനിക്കാതെ ബി.ജെ.പി ബംഗാൾ എന്ന ഒറ്റ ലക്ഷ്യത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത്. ബി.ജെ.പി റാലികളിൽ പതിവില്ലാത്ത ജനസാന്നിധ്യം കണ്ട് പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ മറ്റു പാർട്ടികൾ വ്യാപക വിമർശനമുന്നയിക്കുകയായിരുന്നു. 
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനിടെ തൃണമൂൽ കോൺഗ്രസും ഇടത്, കോൺഗ്രസ് മുന്നണിയും വലിയ റാലികൾ റദ്ദാക്കിയിരിക്കുകയാണ്. എന്തുകൊണ്ട് ബംഗാളിൽ മാത്രം കോവിഡ് ഒരു പ്രശ്‌നമാകുന്നെന്ന് അമിത് ഷാ ചോദിച്ചു. തനിക്ക് ശരിക്കും മനസ്സിലാകുന്നില്ല, എന്തുകൊണ്ടാണ് കേരളത്തിലും അസമിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പിൽ കോവിഡ് വ്യാപനം ഒരു വിഷയമാകാത്തത്. എന്തുകൊണ്ട് ബംഗാളിൽ മാത്രം ഇത് ചർച്ചയാകുന്നു? തെരഞ്ഞെടുപ്പ് നടത്തണമോ അതോ നടത്താതിരിക്കണമോയെന്ന് ബി.ജെ.പിക്ക് തീരുമാനിക്കാൻ സാധിക്കില്ല. സർക്കാരിനും സാധിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അക്കാര്യത്തിൽ തിരുമാനമെടുക്കേണ്ടത് -പ്രചാരണ നാളുകളിൽ  ഷാ പറഞ്ഞു. അതേസമയം റാലികൾ ഉപേക്ഷിച്ച് രാഹുൽ ഗാന്ധി പ്രശംസയ്ക്ക് പാത്രമാവുകയായിരുന്നു. 


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി  ബംഗാളിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കിയിരുന്നു. മറ്റു പാർട്ടികളും കൂറ്റൻ റാലി നടത്തുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. കൂടുതൽ പേർ റാലിയിൽ പങ്കെടുക്കാനെത്തിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി പരിപാടിയിൽ പുകഴ്ത്തിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് മമത നന്ദിഗ്രാം മണ്ഡലത്തിലാണ് ഇത്തവണ മൽസരിച്ചത്. എന്നാൽ മുൻ അനുയായി സുവേന്ദു അധികാരിയോട് മമത 2000 ത്തിൽ താഴെ വോട്ടുകൾക്ക് തോറ്റു. ഏറെ നേരം ഉദ്വേഗ നിമിഷങ്ങളായിരുന്നു വോട്ടെണ്ണൽ വേളയിൽ. പലപ്പോഴും മമത മുന്നിലെത്തി. പിന്നെ സുവേന്ദു അധികാരിയും മുന്നിലെത്തി. ഒടുവിൽ മമത ജയിച്ചുവെന്ന് വാർത്തകൾ വന്നു. തൃണമൂൽ കേന്ദ്രങ്ങളിൽ ആഹ്ലാദം തുടങ്ങി. പിന്നീടാണ് ബിജെപി കേന്ദ്രങ്ങൾ സുവേന്ദു അധികാരി ജയിച്ചുവെന്ന് പ്രഖ്യാപിച്ചത്. വൈകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പഴയ പ്രഖ്യാപനം മാറ്റി സുവേന്ദു ജയിച്ചു എന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ മമത കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.


തോറ്റെങ്കിലും മമതയ്ക്ക് മുഖ്യമന്ത്രിയാകുന്നതിൽ തടസ്സമില്ല. ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തിൽ മൽസരിച്ച് ജയിച്ചാൽ മതിയാകും. 200 ലധികം സീറ്റ് നേടി, എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളെയും നിഷ്പ്രഭമാക്കിയാണ് മമതയുടെ വിജയം. അതുകൊണ്ടു തന്നെ ബിജെപിക്കെതിരേ ദേശീയ തലത്തിൽ പ്രധാന നേതാവായി മാറുകയാണ് മമത. പ്രത്യേകിച്ചും കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചുവരുന്ന സാഹചര്യത്തിൽ.


പശ്ചിമ ബംഗാളിൽ മൂന്ന് പതിറ്റാണ്ടിലേറെ തുടർഭരണം നടത്തിയത് ഇടതുപക്ഷമായിരുന്നു. എന്നാൽ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഇപ്പോഴത്തെ ദയനീയ പരാജയം താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പറഞ്ഞു. ഇവരെ സംപൂജ്യരായി കാണാൻ താൻ ആഗ്രഹിച്ചിട്ടില്ല. പ്രതിപക്ഷത്ത് ബിജെപിയേക്കാൾ താൻ ഇടത്-കോൺഗ്രസ് സഖ്യത്തെയാണ് ആഗ്രഹിച്ചിരുന്നതെന്ന് മമത പറഞ്ഞു. ബിജെപിക്ക് ലഭിച്ച സീറ്റുകൾ ഇടതുമുന്നണിക്കായിരുന്നു ലഭിച്ചിരുന്നെങ്കിൽ നന്നായേനേ എന്ന് അവർ വ്യക്തമാക്കി.  തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ  വ്യാപകമായി അക്രമങ്ങളും നടന്നിരുന്നു. ആക്രമണം മുതൽ വെടിവെപ്പിന് വരെ തെരഞ്ഞെടുപ്പു കാലം  സാക്ഷ്യം വഹിച്ചിരുന്നു. ഫലപ്രഖ്യാപന ശേഷവും അക്രമങ്ങൾ ശമിച്ചിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഒരു ഡസൻ ആളുകളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതിന് അറുതി വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രി മമത ബാനർജിയുടേതാണ്. 

Latest News