Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

മാനവികതയുടെ  മഹാസുവിശേഷകൻ


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു മാർ ക്രിസോസ്റ്റം. ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന അപൂർവ നേട്ടത്തിന് ഉടമയുമാണ്. 


ആത്മീയ ജീവിതത്തിന്റെ ആഴവും പരപ്പും തലമുറകളെ നർമം ചാലിച്ച് പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന വാഗ്മി. നർമഭാഷണം കൊണ്ട് ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാമനീഷി.
ഒരിക്കൽ കേട്ടവരെയും അടുത്തറിഞ്ഞവരെയും ആകമാനം സ്വാധീനിച്ച അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളാണ് തിരുമേനി. സമാനതകളില്ലാത്ത ജീവിത വഴികളിലൂടെ നടന്ന മാർ ക്രിസോസ്റ്റത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. 


പ്രസംഗത്തിലൂടെയും സ്വകാര്യ സംഭാഷണത്തിലൂടെയും ചിരിയുടെ ഓളങ്ങൾ തീർക്കുന്ന തിരുമേനി, പ്രസംഗവും ജീവിതവും രണ്ടു വഴിക്കാകരുതെന്ന് എന്നും ഓർമപ്പെടുത്തുന്നു. വൈദികനായിരിക്കേ, തമിഴ്‌നാട്ടിലെ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിലെ പോർട്ടറായി പ്രവർത്തിച്ചത് ആ മഹദ് ജീവിതത്തിന്റെ അപൂർവതയായി. 
ചുമട്ടുതൊഴിലാളിയുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ അറിയാനായിരുന്നു ഈ പരീക്ഷണം. മദ്യം കഴിച്ച് പണം പാഴാക്കി നടന്ന അവരെ ആശ്രമത്തിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചു. അവരെ കുടുംബം നോക്കുന്നവരാക്കി. 


ബിഷപ്പായപ്പോഴും മാർ ക്രിസോസ്റ്റം തിരുമേനി ലളിത ജീവിതം കൈവിട്ടില്ല. ചെറിയ ചായക്കടകളിലെ ഭക്ഷണം കഴിച്ചു, ചന്തയിൽ കയറി കച്ചവടക്കാരോടും ചുമട്ടു തൊഴിലാളികളോടും കുശലം പറഞ്ഞു. ജനകീയ തിരുമേനിയായി അദ്ദേഹം എന്നും സമൂഹത്തിന്റെ സ്വന്തം പ്രതിനിധിയായി ജീവിച്ചു കടന്നുപോയി. അക്ഷരാർഥത്തിൽ ക്രിസ്തുവിൽ നിന്ന് ക്രിസോസ്റ്റത്തിലേക്ക് ഒരു പുഞ്ചിരിയുടെ വിരൽ ദൂരമേയുള്ളൂ. 


ഇല്ലാത്തവനെ കരുതാൻ, ചേർത്തു പിടിക്കാൻ എല്ലാ നിലവറകളും തുറന്നിട്ടിരിക്കുന്ന ഈ മനുഷ്യ സ്‌നേഹിക്ക് എല്ലാവരും മനുഷ്യത്വമുളള മനുഷ്യരാകണമെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
പുരോഹിതന്മാരും മതപണ്ഡിതന്മാരും ആത്മീയ ദർശനങ്ങളെ പരമത നിന്ദയുടെയും മതമൗലികവാദത്തിന്റെയും കുടുസ്സു മുറിയാക്കി മാറ്റിത്തീർക്കുന്ന സമകാലീന സാമൂഹിക പരിസരത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തീർച്ചയായും ഒരു വേറിട്ട വ്യക്തിത്വത്തിന്റെ ആത്മീയാടയാളമായിരുന്നു. ജീവിതത്തെയും ദർശനത്തെയും നർമത്തോടെ കണ്ട ഈ വലിയ മെത്രാപ്പൊലീത്തയുടെ കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ജീവിതാനുഭവങ്ങളുടെ ആത്മാഖ്യാനമായ കഥ പറയും കാലം എന്ന ആത്മകഥ വായിക്കുമ്പോൾ ഒരു വേള കാരുണ്യത്തിന്റെയും സഹനത്തിന്റെയും കരുതലിന്റെയും ബലിപ്പേരായ ക്രിസ്തുവിനെ ഓർമിക്കാതെ തരമില്ല. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ എന്ന വേദവാക്യത്തെ ജീവിത പ്രമാണമാക്കിയ മഹാനായ മനുഷ്യ സ്‌നേഹിക്ക് അകം നിറഞ്ഞ സ്‌നേഹത്തോടെ, അത്ര മേൽ ദുഃഖത്തോടെ ആദരാഞ്ജലിയർപ്പിക്കുന്നു. 

Latest News