Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

മുസ്‌ലിം ലീഗ്: തിരിച്ചടി നൽകുന്ന പാഠങ്ങൾ  

'എന്റെ സമുദായത്തിന്റെ അവകാശങ്ങളിൽ തലനാരിഴ വിട്ടു കൊടുക്കില്ല, അന്യ സമുദായങ്ങളുടെ അവകാശങ്ങളിൽ നിന്ന് ഒരു മുടിനാരിഴ ഞാൻ പിടിച്ചെടുക്കുകയുമില്ല'. ഇതിഹാസ തുല്യനായ സി.എച്ച്. മുഹമ്മദ് കോയയുടെ ഈ വാക്കുകൾ ഇന്നും കേരളീയ രാഷ്ട്രീയ നഭോമണ്ഡലത്തിൽ അലയടിക്കുന്നുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അസ്ഥിവാരമായിത്തീർന്ന ആ വാക്കുകളോട് നീതിപുലർത്താൻ കഴിയുന്നത്രയും കാലം മാത്രമേ സി.എച്ചിനെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളമണ്ണിൽ സ്ഥാനമുള്ളൂവെന്ന് തിരിച്ചറിയണം. സാമുദായിക രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ പ്രായോഗിക രാഷ്ട്രീയത്തിന്റെ നിലവാരത്തകർച്ചയിലേക്ക് പലപ്പോഴും ഇറങ്ങിനിൽക്കുന്നുണ്ടെന്ന് വിനയപൂർവം ഓർമപ്പെടുത്തട്ടെ. 


മുസ്‌ലിം ലീഗ് ഏറ്റവും സ്ട്രൈക്കിങ് പവറുള്ള പാർട്ടിയാണെന്ന് ഇന്നലെ വരെ അഭിമാനിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികം അംഗങ്ങളെ വിവിധ ജനപ്രതിനിധി സഭകളിലേക്ക് തെരഞ്ഞെടുത്തയക്കുക വഴി അതൊന്ന് ഊട്ടിയുറപ്പിച്ചിരുന്നതുമാണ്. എന്നാൽ മൂന്ന് മാസങ്ങൾക്കിപ്പുറം നിയമസഭാ ഫലപ്രഖ്യാപനം വിലയിരുത്തുമ്പോൾ അടിമണ്ണ് ഇളകിയ പ്രതീതി ദൃശ്യമാണ്. ഇരുപത്തിയേഴിടത്ത് ജനവിധി തേടിയതിൽ പതിനഞ്ചിടത്തേ വിജയിക്കാനായുള്ളൂ. അതിൽ പലതും നേരിയ വോട്ടുകൾക്കാണ് രക്ഷപ്പെട്ടത്. പാർലമെന്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറം മണ്ഡലത്തിൽ നേരത്തെ ലഭിച്ചതിന്റെ നേർപകുതിയായി ഭൂരിപക്ഷം കുറഞ്ഞു. നേതൃത്വം കണ്ണ് തുറന്ന് കാഴ്ചകൾ കാണണമെന്നാണ് സൂചിപ്പിക്കാനുള്ളത്.
ലീഗ് ഉയർത്തിപ്പിടിക്കുന്ന സ്വത്വ രാഷ്ട്രീയത്തിന് സവിശേഷമായ വെല്ലുവിളികളൊന്നും ഇല്ലെന്നിരിക്കേ ഇങ്ങനെയൊരു നിലവാരത്തകർച്ചയുടെ കാരണങ്ങൾ അണികളോട് ന്യായീകരിക്കാൻ അത്രയെളുപ്പമല്ല എന്നതാണ് സത്യം. തങ്ങളിലർപ്പിതമായിരിക്കുന്നത് അതിസൂക്ഷ്മത അനിവാര്യമായൊരു ഉത്തരവാദിത്തമാണെന്ന് ഓർക്കാൻ പലപ്പോഴും നേതൃത്വം അലസത കാണിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം ഓരോ പ്രവൃത്തിയിലും നിഴലിക്കുന്നുണ്ട്. സംസ്ഥാനത്തും ദേശീയ രാഷ്ട്രീയത്തിലും ലീഗുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയാദർശത്തിന്റെ പ്രസക്തിയെ നിഷ്പ്രഭമാക്കുകയും പാർട്ടി തന്നെ രാഷ്ട്രീയ ശ്മശാനത്തിലെ ഒരു മീസാൻ കല്ലായി രൂപാന്തരപ്പെടുകയും ചെയ്യും.


എം.എൽ.എമാരും ജനപ്രതിനിധികളും തെരെഞ്ഞെടുത്തയക്കുക മാത്രമല്ല സ്വത്വ രാഷ്ട്രീയമെന്നത്. സമുദായം നേരിടുന്ന എല്ലാ വിഷയങ്ങളിലും ആധികാരിക കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുക എന്നത് മുഖ്യമാണ്. അന്താരാഷ്ട്ര ചലനങ്ങൾ സക്രിയമായി പ്രതിനിധീകരിക്കുന്ന ഒരു സമൂഹമാണ് കേരളീയ മുസ്‌ലിംകൾ. അവരുടെ ലോക കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നതിൽ മുൻകാലങ്ങളിൽ ലീഗിന് കൃത്യമായ പങ്കുണ്ടായിരുന്നു. ഇന്ന് പാർട്ടിക്ക് ഒരു റോളുമിക്കാര്യത്തിലില്ല. 1930 കൾ മുതൽ എൺപതുകളുടെ ഒടുവിൽ വരെ ലോകരാഷ്ട്രീയത്തിലെ മുസ്‌ലിം കാഴ്ചപ്പാട് രൂപീകരിക്കുന്നതിൽ പാർട്ടി മുഖപത്രമായ ചന്ദ്രികക്ക് മുഖ്യ പങ്കുണ്ടായിരുന്നെങ്കിൽ ഇന്ന് പല മുസ്‌ലിം പത്രങ്ങളിൽ അവസാനത്തേത് മാത്രമായി ചന്ദ്രികയുടെ സ്ഥാനം ചുരുങ്ങി. പലർക്കും സ്വന്തമായി ചാനലുകൾ ഉള്ളപ്പോൾ പാർട്ടിക്ക് സ്വന്തമായി ഒരു ഓൺലൈൻ പോർട്ടൽ പോലും ഇല്ലെന്നതാണ് വസ്തുത.  


സി.എച്ച്. മുഹമ്മദ് കോയയും റഹീം മേച്ചേരിയും എഴുതിയുണ്ടാക്കിയതാണ് പാർട്ടിയെന്ന് പറയാറുണ്ട്. ഇരുപത്തിരണ്ടാം വയസ്സിൽ ചന്ദ്രികയുടെ പത്രാധിപരായി അവരോധിതനായ സി.എച്ച്, പിന്നീട് പല പദവികളും വഹിച്ചപ്പോഴും ചന്ദ്രികയുടെ പത്രാധിപ സ്ഥാനത്തേക്ക് വീണ്ടും വീണ്ടും കടന്നുവന്നിട്ടുണ്ട്. ഇന്നത്തെ നേതാക്കൾക്ക് പാർട്ടി ജിഹ്വയുമായുള്ള ബന്ധമൊന്ന് ആഴത്തിൽ പഠിക്കാവുന്ന വിഷയമാണ്. പതിനായിരത്തിനടുത്ത് ബൈത്തു റഹ്മകൾ ഉണ്ടാക്കിയ പാർട്ടിക്ക് ഒരു പത്രം പരാതികൾ കൂടാതെ കൊണ്ടുനടക്കാൻ കഴിയുന്നില്ല എന്ന ദുരവസ്ഥയിലാണ് ചെന്നുപെട്ടിരിക്കുന്നത്. പത്രത്തോട് മാത്രമല്ല, സാംസ്‌കാരിക രംഗവുമായി നേതാക്കൾക്കുള്ള അടുപ്പവും വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്.


കേരളത്തിലെ മുസ്‌ലിംകൾ പതിയെ ഇസ്‌ലാമോഫോബിയയുടെ ഇരകളായിക്കഴിഞ്ഞു. അതിൽനിന്നാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മധ്യ-തെക്കൻ കേരളത്തിൽ യു.ഡി.എഫിന് എതിരായി പല ക്രിസ്ത്യൻ വിഭാഗങ്ങളും വോട്ട് ചെയ്തത്. ഭരണകൂടങ്ങൾ മുസ്‌ലിം പ്രീണനം നടത്തുന്നുണ്ടെന്ന തോന്നലിൽ നിന്നാണ് ഈ ഭീതിയുണ്ടാകുന്നത്. 
രാഷ്ട്രീയത്തിലെ ചില കള്ള നാണയങ്ങൾ തങ്ങളുടെ താൽപര്യങ്ങൾക്കു വേണ്ടി ഇത്തരം നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ തെറ്റിദ്ധാരണകൾ തീർക്കാൻ ബാധ്യതയുള്ള പാർട്ടിക്ക് ഈ മേഖലകളിൽ കാര്യമായ സംഘടനാ സ്വാധീനമില്ല. കേരളം രൂപീകരിച്ച ഉടനെ മധ്യ-തെക്കൻ കേരളത്തിൽ പാർട്ടി വളർത്താൻ വേണ്ടി തലശ്ശേരിയിൽ നിന്ന് കൊച്ചിയിലേക്ക് തട്ടകം മാറ്റിക്കൊണ്ട് ത്യാഗം സഹിച്ച സീതി സാഹിബിനെ മറന്നുവെന്നതാണ് സത്യം.  


കേരളത്തിലെ എല്ലാ കോർപറേഷനുകളിലും മേയർ, ഡെപ്യൂട്ടി മേയർ പദവികളിളൊക്കെ ലീഗിരുന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം അടക്കമുള്ള ജില്ലകളിൽ നിന്ന് എം.എൽ.എമാർ ഉണ്ടായിരുന്നു. ഇന്ന് ലീഗിന്റെ പ്രാതിനിധ്യം മലബാറിലെ നാല് ജില്ലകളിലേക്ക് ചുരുങ്ങി. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളിലായി മുപ്പത്തിയഞ്ച് ലക്ഷം മുസ്‌ലിംകളുണ്ട്. അവരെ  പ്രതിനിധീകരിക്കാൻ എംഎൽഎമാരോ എംപിമാരോ മറ്റു ജനപ്രതിനിധികളോ ലീഗിനില്ല. ലീഗിന്റെ സംഘടനാ സംവിധാനം ഈ മേഖലകളിൽ ശക്തിപ്പെടുത്തിയെങ്കിൽ മാത്രമേ പൊതുസമൂഹത്തിന്റെ ഭീതിയകറ്റാൻ സാധിക്കുകയുളളൂ.


 സി.എച്ച് മുന്നോട്ട് വെച്ച രചനാത്മക രാഷ്ട്രീയത്തോട് ഇന്നത്തെ നേതൃത്വം പ്രതിബദ്ധത കാണിക്കുന്നില്ല. ഉറൂബിനെ സാഹിത്യ അക്കാദമി അധ്യക്ഷനാക്കുകയും ലീഗ് വിരുദ്ധനായ പള്ളിക്കര വി.പി. മുഹമ്മദിനെ അക്കാദമിയുടെ അംഗമാക്കുകയും ചെയ്ത മാതൃക, ഒന്നാം നിയമസഭയിലേക്ക് തലശ്ശേരിയിൽനിന്ന് സ്വതന്ത്രനായി വി.ആർ. കൃഷ്ണയ്യർക്ക് പിന്തുണ, എസ്.കെ പൊറ്റക്കാടിനെ 1962 ൽ പാർലമെന്റിലേക്ക് ജയിപ്പിച്ചത്, അടക്കം ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെ എമ്പാടും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. എന്നാലിന്ന്, ആദർശ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് സർവരാലും അറിയപ്പെടുന്ന നേതാക്കൾ തന്നെ സ്ഥാനാർഥിപ്പട്ടികയിൽ പേരില്ലെന്നതിന്റെ പേരിൽ പാർട്ടിയോട് ഇടയുന്ന കാഴ്ച പാർട്ടിയകപ്പെട്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴം വ്യക്തമാക്കുന്നു. 


മലപ്പുറത്തിനപ്പുറം പാർട്ടിയുടെ അടിസ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. കോഴിക്കോട് കോർപറേഷനിൽ ലീഗിന്റെ അംഗങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. കോഴിക്കോട് സൗത്തിൽ ഐ.എൻ.എല്ലിനോട് അടിയറ പറയേണ്ടിവന്നിരിക്കയാണ്. മാത്രമല്ല, കോഴിക്കോട് ജില്ലയിൽ മത്സരിച്ച ആറ് മണ്ഡലങ്ങളിൽ ഒരിടത്ത് മാത്രമാണ് ജയമുണ്ടായത്. ഉൾപാർട്ടി ജനാധിപത്യം തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. മത്സരിച്ച സ്ഥാനാർത്ഥികളെ കുറിച്ച് പരാതിയുണ്ടായിട്ടല്ല; അവരെ കണ്ടെത്തിയ രീതി പരക്കെ ആക്ഷേപങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്. പുതിയ കാലത്തിനൊത്ത് പാർട്ടിക്ക് നയപരിപാടികൾ ഉണ്ടാവേണ്ടതുണ്ട്. 


പാർട്ടി ഏറ്റെടുക്കേണ്ട വിഷയങ്ങളും ബന്ധങ്ങളും ദീർഘവീക്ഷണത്തോടു കൂടിയുള്ള അജണ്ടകൾക്ക് വിധേയമാക്കേണ്ടതുണ്ട്. അടിസ്ഥാന വർഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ദളിതുകളുമായും പിന്നോക്ക വിഭാഗങ്ങളുമായും അനിവാര്യമായും ഒരന്തർധാര പാർട്ടിക്കുണ്ടാവേണ്ടതുണ്ട്. പാർട്ടി ഒരു തിരുത്തലിന് തയാറാകണം. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ദർപ്പണമായി സ്വത്വ രാഷ്ട്രീയം പുനർനിർവചിക്കേണ്ടതുണ്ട്. 

Latest News