Sorry, you need to enable JavaScript to visit this website.

ട്രാവൽ,ടൂറിസം മേഖലയിൽ ഉയരാൻ ഐ.ഐ.ടി.ടി.എം കോഴ്‌സുകൾ 

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ പ്രകടമാകുന്നതിനുമുമ്പ് ഇന്ത്യയിൽ തുടർച്ചയായി   ശക്തമായ വളർച്ച രേഖപ്പെടുത്തിയിരുന്ന മേഖലയായിരുന്നു ട്രാവൽ ആൻഡ് ടൂറിസം. കോവിഡ് പ്രതിസന്ധി ഈ മേഖലയുടെ വളർച്ചയെ കീഴ്‌മേൽ മറിച്ചുവെങ്കിലും പ്രതിസന്ധി അയയുന്നതോടെ നല്ല വളർച്ചക്ക് സാധ്യത കൽപിക്കപ്പെടുന്ന മേഖലകളിലൊന്നാണ് ഇത്.  ആഗോളീകരണവും വിവര സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടവും ടൂറിസം രംഗത്ത്  നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിനോദ ടൂറിസം, രാജ്യാന്തര ടൂറിസം സാഹസിക ടൂറിസം, വന്യജീവി ടൂറിസം, മെഡിക്കൽ ടൂറിസം, ഇക്കോ ടൂറിസം, തീർത്ഥാടന ടൂറിസം, ബീച്ച് ടൂറിസം തുടങ്ങിയ നിരവധി വകഭേദങ്ങളിൽ പരന്നു കിടക്കുകയാണ് സാധ്യതകൾ.
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശനം തേടാവുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലും വിദേശത്തുമായി  ഉണ്ട്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക്  വിദേശ/ആഭ്യന്തര ടൂർ ഓപ്പറേറ്റിംഗ് ഏജൻസികൾ, ഹെൽത്ത് ടൂറിസം ആരോഗ്യ ടൂറിസം, സ്പാ, ഹോട്ടലുകൾ, റിസോർട്ടുകൾ, തീം പാർക്കുകൾ, ഇവന്റ് മാനേജ്‌മെന്റ്, ടൂർ ഗൈഡിങ് ആൻഡ് കൺസൾട്ടൻസി, സഞ്ചാര സാഹിത്യം, ബിസിനസ് കൺവൻഷൻ,  ട്രാവൽ ബി.പി.ഒ, ട്രാവൽ ഏജൻസി, ട്രാവൽ ഫെയർ, കാർഗോ, ലോജിസ്റ്റിക്‌സ്, എയർ കാബിൻ ക്രൂ എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ മേഖലകളിലെ വിവിധ തസ്തികകളിൽ തൊഴിൽ സാധ്യത കണ്ടെത്താവുന്നതാണ്. താല്പര്യമുള്ളവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ പരിഗണിക്കുകയുമാവാം. 
ഐഐടിടിഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് എന്നത് ടൂറിസം മേഖലയിൽ ശ്രദ്ധേയമായ സ്ഥാപനമാണ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള  സ്വയംഭരണ സ്ഥാപനമായ  ഐഐടിടിഎമ്മിലെ കോഴ്‌സുകൾ മികച്ച തൊഴിൽ സാധ്യത ഉള്ളവയാണ്. ഗ്വാളിയോർ, ഗോവ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നിവിടങ്ങളിലാണ്  കകഠഠങ ക്യാമ്പസുകൾ സ്ഥിതി ചെയ്യുന്നത്.
അമർക്കന്തിലുള്ള (മധ്യപ്രദേശ്) കേന്ദ്ര സർവകലാശാലയായ  ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ഐഐടിഎം,നടത്തുന്ന ബാച്ചിലർ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് 50% എങ്കിലും മാർക്കോടെ പ്ലസ്ടൂ ജയിച്ചവർക്കും 2021 ൽ  പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. വിഷയ നിബന്ധനയില്ല. 2021 ജൂലൈ ഒന്നിന് 22 വയസ് കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. പട്ടിക വിഭാഗക്കാർക്ക് 27 വയസ്സ് വരെ അപേക്ഷിക്കാം.
ഗ്വാളിയോർ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നീ നാല് ക്യാമ്പസുകളിലുമായി മൊത്തം 375 സീറ്റുകൾ ഉണ്ട്. IGNTU IITTM നടത്തുന്ന പ്രവേശന പരീക്ഷ (IIAT) ജൂൺ ആറിനു നാലു ക്യാമ്പസ് സെന്ററുകളിലും തെരഞ്ഞെടുക്കപ്പെട്ട മറ്റു കേന്ദ്രങ്ങളിലും  വെച്ച് നടക്കും. മേയ് 21 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ ചോദ്യങ്ങൾക്കും നാല് ഉത്തരങ്ങൾ വീതം ഉള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടാവും. പൊതു വിജ്ഞാനം, വെർബൽ എബിലിറ്റി, ക്വാണ്ടിറ്റിറ്റീവ് എബിലിറ്റി എന്നിവയിൽ ചോദ്യങ്ങൾ ഉണ്ടാവും. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് വീതം ലഭിക്കും. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല. സെലക്ഷന്റെ ഭാഗമായി എഴുത്തുപരീക്ഷക്ക് പുറമെ  ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുമുണ്ട്. പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടാൽ  നാല് സെന്ററുകളിൽ  എവിടെ വെച്ചാണ് ഗ്രൂപ്പ് ചർച്ചയും  അഭിമുഖവും താൽപര്യപ്പെടുന്നത് എന്നത്  അപേക്ഷയോടൊപ്പം രേഖപ്പെടുത്തണം. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവക്ക് യഥാക്രമം 70%, 15%, 15% വെയിറ്റേജ് ലഭിക്കും. ബിബിഎ പഠനം പൂർത്തിയാക്കാൻ 2,80,000 രൂപയോളം പഠന ചെലവ് വരും. താമസ ഭക്ഷണ ചെലവുകൾ പുറമെ കണ്ടെത്തണം. അർഹരായ വിദ്യാർഥികൾക്ക് സർക്കാർ സ്‌കോളർഷിപ് ലഭിക്കാൻ സാധ്യതയുണ്ട്.

ഏതെങ്കിലും  വിഷയത്തിൽ  ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്ന എം.ബി.എ കോഴ്‌സും  ഐഐടിടിഎമ്മിൽ ഉണ്ട്. MAT, CAT, CMAT, XAT, GMAT, ATMA  ഇവയൊന്നിലെ സ്‌കോറില്ലാത്തവർ, ഇന്ദിരാഗാന്ധി ട്രൈബൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന്  ഇൻസ്റ്റിറ്റിയൂട്ട് നടത്തുന്ന പരീക്ഷയെഴുതണം. ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുമുണ്ടാകും. 

MBA, BBA പ്രവേശനത്തിനായി
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന 
അവസാനതീയതി: മേയ് 21

BBA, MBA കോഴ്‌സുകളുടെ 
പ്രവേശന പരീക്ഷാ തീയതി: ജൂൺ 6  
(കോവിഡ് പ്രതിസന്ധി കാരണം 
തീയതി മാറ്റാനിടയുണ്ട്)

കൂടുതൽ വിവരങ്ങൾക്കും 
അപേക്ഷ സമർപ്പിക്കാനും
www.iittm.ac.in എന്ന വെബ്‌സൈറ്റ് 
പരിശോധിക്കാം.

Latest News