അഖില്‍ ഗൊഗോയിയെ ജയിലിലടച്ചത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

ഗുവാഹത്തി- അസമിലെ വിവരാവകാശ പ്രവര്‍ത്തകനും ക്രിഷക് മുക്തി സന്‍ഗ്രം സമിതി നേതാവുമായ അഖില്‍ ഗൊഗോയിയെ ദേശ സുരക്ഷാ നിയമ (എന്‍എസ്എ) പ്രകാരം തടങ്കലിലിട്ടത് നിയമ വിരുദ്ധമാണെന്ന് ഗുവാഹത്തി ഹൈക്കോടതി. അദ്ദേഹത്തെ മറ്റേതെങ്കിലും കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ വിട്ടയക്കണമെന്ന് ജസ്റ്റിസ് അചിന്ത്യ മല്ല ബുജാര്‍ ബറുവ ഉത്തരവിട്ടു. സെപ്റ്റംബര്‍ 13 നാണ് ദേശദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്തത്. 11 ദിവസത്തനു ശേഷം എന്‍എസ്എ ചുമത്തി. സെപ്റ്റംബര്‍ 12 ന് മൊറാന്‍ പട്ടണത്തില്‍ ഗൊഗോയി നടത്തിയ പ്രസംഗമാണ് വിവാദമായിരുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരെ തടഞ്ഞില്ലെങ്കില്‍  സംസ്ഥാനത്ത അസം ജനതയെ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നായിരുന്നു പ്രസംഗം. അടുത്ത ദിവസം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കുകയായിരുന്നു.
കൃഷക് മുക്തി സന്‍ഗ്രം സമിതി നേതാവിനെ ദിബുഗഢ് ജയിലിലാണ് അടച്ചിരുന്നത്. അസമിലെ കാര്‍ഷിക പ്രതിസന്ധി, അണക്കെട്ട് നിര്‍മാണം, ഭൂമാഫി, പൊതുരംഗത്തെ അഴിമതി എന്നിവ ചൂണ്ടിക്കാട്ടി ഗൊഗോയി പ്രക്ഷോഭം നയിച്ചുവരികയായിരുന്നു.

 

Latest News