Sorry, you need to enable JavaScript to visit this website.

യു.കെ ടെക്‌നോളജി കമ്പനിയുമായി കൈകോർത്ത് ഊബർ, ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു

ഇലക്ട്രിക് കാർ നിർമിക്കുന്നതിന് ഓൺലൈൻ ടാക്‌സി കമ്പനിയായ ഊബറും യു.കെയിലെ ടെക്‌നോളജി സ്റ്റാർട്ടപ്പായ അറൈവലും കൈകോർക്കുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് യു.എസ് ആസ്ഥാനമായുള്ള ഊബറും ലണ്ടൻ ആസ്ഥാനമായുള്ള അറൈവലും അവകാശപ്പെട്ടു. 
2023 മൂന്നാം പാദത്തോടെ വാഹന നിർമാണത്തിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ. യു.കെയിലും യൂറോപ്യൻ യൂനിയനിലും വലിയ വിപണി കണ്ടെത്താനാകുമെന്നും അതിനായുളള തന്ത്രങ്ങളിലാണെന്നും ഇരുകമ്പനികളും പറഞ്ഞു. ആറു വർഷം മുമ്പ് സ്ഥാപിതമായ അറൈവൽ ഇലക്ട്രിക് വാനുകളും ബസുകളും നിർമിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ വാൾസ്ട്രീറ്റ് നാസ്ദാഖ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് അറൈവൽ.
ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ ആഗോള തലത്തിൽതന്നെ മുന്നിട്ടുനിൽക്കുന്ന ടെക്‌നോളജി കമ്പനിയായ അറൈവൽ ഊബറുമായി സഹകരിക്കുന്നതിലൂടെ ഓൺലൈൻ ടാക്‌സി സേവനം നൽകുന്ന ഡ്രൈവർമാർക്ക് താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് വാഹനം നൽകാനാകുമെന്ന് ഇരുകമ്പനികളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കാർ ഷെയറിംഗ് സേവനങ്ങളിലും ഓൺലൈൻ കാറുകളിലും അനിവാര്യമായിരിക്കുന്ന മാറ്റമാണ് അറൈവൽ ഏറ്റെടുത്തിരിക്കുന്നതെന്നും നഗരങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും കാർബൺ ബഹിർഗമനം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നും കമ്പനികൾ അവകാശപ്പെട്ടു. 2025 ഓടെ ലണ്ടനിൽ തങ്ങളുടെ മുഴുവൻ കാറുകളും പൂർണമായും ഇലക്ട്രിക്കിലേക്ക് മാറ്റുമെന്നാണ് ഊബർ വാഗ്ദാനം. തുടർന്ന് അഞ്ച് വർഷത്തിനകം നോർത്ത് അമേരിക്കയിലും യൂറോപ്പിലും തങ്ങളുടെ വാഹനങ്ങൾ പൂർണമായും ഇലക്ട്രിക് വാഹനങ്ങളാക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. നഗരങ്ങളിലെ വാഹന ഗതാഗതം പൂർണമായും ശുദ്ധമാക്കാനുളള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഊബർ നോർത്തേൺ ആന്റ് ഈസ്റ്റൺ യൂറോപ്പ് റീജ്യണൽ ജനറൽ മാനേജർ ജാമീ ഹെയ്‌വുഡ് പറഞ്ഞു. സൗകര്യപ്രദവും എന്നാൽ ഡ്രൈവർമാർക്ക് താങ്ങാനാവുന്ന വിലയ്ക്ക് നൽകുന്നതുമാകണം പുതിയ ഇലക്ട്രിക് കാറുകളെന്നും അത്തരത്തിലായിരിക്കും ഡിസൈൻ ചെയ്യുകയെന്നും അറൈവൽ മൊബിലിറ്റി യു.കെ സീനിയർ വൈസ് പ്രസിഡന്റ് ടോം എൽവിഡ്ജ് പറഞ്ഞു.   

Latest News