Sorry, you need to enable JavaScript to visit this website.

മരുന്ന് നിർമിക്കാനുളള അവകാശം

കോവിഡ് മഹാമാരി 32 ലക്ഷം പേരുടെ ജീവനെടുത്തിരിക്കെ വാക്‌സിൻ പേറ്റന്റ് ഒഴിവാക്കാൻ സമ്മർദം ശക്തം
ലോകവ്യാപാര സംഘടന ചർച്ച തുടങ്ങിയെങ്കിലും സമവായം അകലെ നിർദേശം മുന്നോട്ടുവെച്ചത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും 

കോവിഡ് വാക്‌സിനു പിന്നിലെ സാങ്കേതിക ജ്ഞാനം എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കണമെന്ന ആവശ്യവുമായി സമ്പന്ന രാജ്യങ്ങളിൽ സമ്മർദം ശക്തമായതിനിടെ, ഇക്കാര്യം ലോക വ്യാപര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) പ്രതിനിധികൾ ചർച്ച ചെയ്യുന്നു. കോവിഡ് സാങ്കേതിക ജഞാനത്തിന് സംരക്ഷണം നൽകുന്ന വ്യാപാര ചട്ടങ്ങളിൽ ഇളവു വരുത്താനാണ് വികസിത രാജ്യങ്ങളിൽ സമ്മർദം ശക്തമായിരിക്കുന്നത്. 
ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ താൽക്കാലിക ഇളവ് നൽകുന്നതിനെ കുറിച്ചാണ് ലോക വ്യാപര സംഘടനയുടെ ജനറൽ കൗൺസിൽ ആലോചിക്കുന്നത്. കോവിഡ് മഹാമാരിയെ ചെറുക്കാൻ പകർപ്പവകാശത്തിൽ ഇളവ് അനിവാര്യമാണെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ ഒക്ടോബറിൽ നിർദേശിച്ചിരുന്നു. വികസ്വര രാജ്യങ്ങളിൽ വലിയ പിന്തുണ നേടിയ ആവശ്യത്തെ അനകൂലിച്ച് പാശ്ചാത്യ, വികസിത രാജ്യങ്ങളിലെ ചില ജനപ്രതിനിധികളും രംഗത്തുവന്നിരുന്നു. 
അതേസമയം, മരുന്ന് വ്യവസായത്തിന്റെ സ്വാധീനം കാരണം പലരാജ്യങ്ങളിലും ഈ നിർദേശം എതിർക്കപ്പെട്ടു. ഇന്ന് സമാപിക്കുന്ന ഡബ്ല്യു.ടി.ഒ അംബാസഡർമാരുടെ യോഗത്തിൽ സമവായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ചട്ടങ്ങളിൽ മാറ്റം വരുത്താൻ സമാവയത്തിലൂടെ മാത്രമേ വ്യാപാര സംഘടനക്ക് സാധിക്കുകയുള്ളൂ. 
കോവിഡ് വാക്‌സിന്റെ കാര്യത്തിൽ പകർപ്പവകാശത്തിലും ബൗദ്ധിക സ്വത്തവകാശത്തിലും ഇളവ് വേണമെന്ന ആവശ്യവുമായി രംഗത്തുള്ളവർ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് ഊർജിത ശ്രമം നടത്തി വരികയാണ്. ചർച്ചകൾ സ്തംഭനാവസ്ഥയിലാണെന്നും ഇരു ഭാഗവും ബഹൂദരം അകലത്തിലാണെന്നുമാണ് ജനീവ ആസ്ഥാനമായുളള ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. 
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട കാര്യത്തിൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ അസമത്വം പാടില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉന്നത വ്യാപാര പ്രതിനിധി കാതറീൻ ടായി പ്രസ്താവിച്ച സാഹചര്യത്തിൽ പൗരാവകാശ ഗ്രൂപ്പുകൾ പ്രതീക്ഷ കൈവിട്ടിട്ടില്ല. എച്ച്.ഐ.വി മഹാമാരിയെ നേരിട്ടപ്പോൾ ഉണ്ടായതു പോലുള്ള ആഗോള പ്രതികരണം ആവർത്തിക്കരുതെന്നും വികസിത-വികസ്വര രാജ്യങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകരുതെന്നുമാണ് യു.എസ് വക്താവ് പറഞ്ഞിരുന്നത്.
പലരാജ്യങ്ങളിലും കോവിഡ് വാക്‌സിന് ക്ഷാമം ഗുരുതരമായിരിക്കെയാണ് പേറ്റന്റുകളും പകർപ്പകാശങ്ങളും ഒഴിവാക്കി എല്ലായിടത്തും വാക്‌സിൻ നിർമിക്കാൻ അവസരമൊരുക്കണമെന്ന ആവശ്യം. മഹാമാരിയെ നിയന്ത്രിക്കാനാകുന്നതുവരെയെങ്കിലും ഇക്കാര്യത്തിൽ ഇളവ് വേണമെന്നാണ് പൗരാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. ചിലപ്പോൾ വർഷങ്ങളോളം കോവിഡ് വാക്‌സിനുള്ള പേറ്റന്റ് ഒഴിവാക്കേണ്ടിവരും. 
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കോവിഡ് രോഗബാധ പിടിവിട്ട് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് വാക്‌സിൻ നിർമാണം സ്വതന്ത്രമാക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പാശ്ചാത്യ ടെക്‌നോളജി ഉപയോഗിച്ച് നിലവിൽ ഇന്ത്യയിൽ വാക്‌സിൻ ഉൽപാദനം നടക്കുന്നുണ്ട്. 
ഇത്തരത്തിലുള്ള ഇളവ് നൽകാൻ ഡബ്ല്യു.ടി.ഒ ടൂൾ ബോക്‌സിൽതന്നെ സംവിധാനമുണ്ടെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവിയടക്കം കോപ്പിറൈറ്റ് നീക്കണമെന്ന ആവശ്യത്തെ പിന്തുണക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. 32 ലക്ഷം പേരുടെ ജീവനെടുക്കുകയും 437 ദശലക്ഷം ജനങ്ങളെ ബാധിക്കുകയും നിരവധി രാജ്യങ്ങളുടെ സമ്പദ്ഘടനയെ തകർത്തെറിയുകയും ചെയ്തിരിക്കുന്ന കോവിഡ് മഹാമാരിയെ ചെറുക്കാനല്ലാതെ പിന്നെ എപ്പോഴാണ് ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയെന്ന് അവർ ചോദിക്കുന്നു. എന്നാൽ പകർപ്പവകാശം എടുത്തു മാറ്റുന്നത് ഒറ്റമൂലിയല്ലെന്നാണ് എതിർക്കുന്നവരുടെ വാദം. കോവിഡ് വാക്‌സിൻ നിർമാണം സങ്കീർണമാണെന്നും പകർപ്പവകാശം നീക്കുന്നത് ഈ മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 

Latest News