Sorry, you need to enable JavaScript to visit this website.

ലീഗ് നേതൃത്വം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണം; മൂന്ന് നിര്‍ദേശങ്ങളുമായി യുവ ബുദ്ധിജീവികള്‍

കോഴിക്കോട്- നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഎഫിനുണ്ടായ തുടര്‍ച്ചയായ പരാജയത്തോടൊപ്പം മുസ്ലിം ലീഗിനും തിരിച്ചടിയേറ്റത് പാര്‍ട്ടി അണികളില്‍ വ്യാപക അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്. പ്രത്യേകിച്ച് യുവനിരയില്‍ നിന്നും ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ ലീഗ് അനുഭാവികളായ യുവ ബുദ്ധിജീവികളും മൂന്ന് നിര്‍ദേശങ്ങളടങ്ങളുന്ന സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ദല്‍ഹി സര്‍വകലാശാല, ജാമിഅ മില്ലിയ സര്‍വകലാശാല,  അലിഗഢ് മുസ്ലിം സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല, മൗലാനാ ആസാദ് ദേശീയ സര്‍വകലാശാല, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തുടങ്ങി കേന്ദ്ര സര്‍വകലാശാലകളിലേയും സംസ്‌കൃത യൂണിവേഴ്‌സിറ്റി, കണ്ണൂര്‍, കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളിലേയും എംഎസ്എഫ് ഘടങ്ങളും നിരവധി ലീഗ് അനുഭാവമുള്ള സംഘടനകളുമാണ് സംയുക്ത പ്രസ്താവ ഇറക്കിയത്. 

മുസ്‌ലിം ലീഗ് നേതൃത്വം വിമർശനങ്ങൾ ഉൾക്കൊള്ളണം. തിരുത്തൽ നടപടികൾ കൈക്കൊള്ളണം- സംയുക്ത പ്രസ്താവന

2021 കേരള നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പിൽ യു.ഡി.എഫ് നേരിട്ട പരാജയം രാഷ്ട്രീയ മണ്ഡലത്തിൽ വലിയ തോതിൽ ചർച്ചകൾക്ക് ഹേതുവായിരിക്കുകയാണ്. ലീഗ് ചരിത്രത്തിലെ തിളക്കം കുറഞ്ഞ പ്രകടനമെന്ന രീതിയിൽ മുസ്‌ലിം ലീഗ് പാർട്ടിയും വ്യാപകമായ വിമർശനങ്ങൾ നേരിടുകയാണ്. ഇടതുമുന്നണിക്ക് ഭരണത്തുടർച്ചാ സാഹചര്യം നിലവിലില്ലെന്നും യുഡിഎഫ് അനുകൂല സാഹചര്യം ഉണ്ടായിരുന്നെന്നും മുന്നണി പതിവിലും കെട്ടുറപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പാർട്ടി തന്നെ വിലയിരുത്തിയതാണ്. വിജയം കൈവരിച്ച ചില സ്ഥാനാർഥികളുടെയെങ്കിലും പ്രകടനം അത് തെളിയിക്കുന്നുമുണ്ട്. എന്നാൽ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നത്. ഈ പാശ്ചാത്തലത്തിലാണ് സംഘടനാ പ്രവർത്തകർ തന്നെ വിമർശനങ്ങൾ ഉന്നയിക്കുന്ന സ്ഥിതവിശേഷം ഉണ്ടായിരിക്കുന്നത്. പാർട്ടി തിരിച്ചടി നേരിട്ടത് ചിലയിടങ്ങളിൽ തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾ പിഴച്ചതും ഒപ്പം നമ്മുടെ നയനിലപാടുകളോട് പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറയിൽ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. നിർഭാഗ്യവശാൽ ജനാബ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെയടക്കം നവമാധ്യമങ്ങളിൽ അതിരൂക്ഷമായ പരസ്യ പ്രതിഷേധങ്ങൾ നാം കണ്ടു. ജനാബ് സയ്യിദ് മുനവറലി തങ്ങൾക്കു വരെ അണികളോട് സംയമനം പാലിക്കാൻ ആവശ്യപ്പെടേണ്ടി വന്നു.

സംഘടനയുടെ നയനിലപാടുകളെയും നേതൃത്വത്തിന്റെ പാടവത്തെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ പ്രതിഷേധങ്ങൾ രൂപപ്പെട്ടത്. ഈ സംഭവ വികാസങ്ങളെ മുൻനിർത്തി പാർട്ടിക്ക് മുൻപിൽ മൂന്നു പ്രധാന ആവശ്യങ്ങൾ മുന്നോട്ട് വെക്കുകയാണ്.

1. പാർട്ടിയുടെ സമീപകാല രാഷ്ട്രീയ നിലപാടുകൾ, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിൽ സംഭവിച്ച വീഴ്ചകൾ, ഭരണപരമായ വിജയപരാജയങ്ങൾ, സംഘടനാപരമായ ദൗർബല്യങ്ങൾ, രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിലെ വീഴ്ചകൾ, നേതൃത്വത്തിന്റെ ശരിതെറ്റുകൾ, തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്മവും സമഗ്രവുമായ തലത്തിൽ പഠനവിധേയമാക്കണം

2. ഗൗരവതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും മുൻപേ പ്രവർത്തകളുടെ പ്രതിഷേധത്തെ പാർട്ടി മുഖവിലക്കെടുക്കുകയും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണം. അണികൾക്കും കീഴ്ഘടകങ്ങൾക്കും ബോധ്യമാവുന്ന തരത്തിൽ വിശദീകരണം നൽകാൻ തയ്യാറാവണം.

3. ഈ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോൽവിയേറ്റ കോഴിക്കോട് സൌത്ത്, താനൂർ, കുറ്റ്യാടി, അഴീക്കോട്‌, കളമശ്ശേരി, ഗുരുവായൂർ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകൾ, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണം.

ഭദ്രമായ സംഘടനാ ശക്തിയോടെയും ശോഭനമായ അധികാര രാഷ്ട്രീയ ഭാവിയോടെയും മുസ്‌ലിം ലീഗ് പാർട്ടി ഇനിയും കരുത്താർജ്ജിക്കട്ടെ.

പ്രാർത്ഥനാപൂർവ്വം.

May be an image of text that says "Parties CPI(M) Total seats INC 62 Seats won Seats leading Gain/Loss 62 CPI 21 21 IUML - 17 17 - KEC(M) 15 2 RSP 15 5 5 3 BJP - 0 0 0 Other parties 0 0 0 - 20 20 വിമർശനങ്ങൾ ഉൾകൊണ്ട് മുസ്ലിം ലീഗ് നേതൃത്വം തിരുത്തൽ നടപടികൾ കൈക്കൊള്ളുക സംയുക്ത പ്രസ്താവന"

Latest News