റിയാദ് - സൗദിയില്‍ കൊറോണ വാക്‌സിന്‍ വിതരണം ഒരു ഡോസ് കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവില്‍ 587 വാക്‌സിന്‍ സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്കു സമീപമുള്ള വാക്‌സിന്‍ സെന്ററുകള്‍ അറിയാനും അനുയോജ്യമായ സമയത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും 'സിഹതീ' ആപ്പ് എളുപ്പത്തില്‍ അവസരമൊരുക്കുന്നു. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ അടക്കം രാജ്യത്തെ മുഴുവന്‍ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
സൗദി യുവതി മുനീറയാണ് ഒരു കോടി പൂര്‍ത്തിയാകുന്ന ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വാക്‌സിന്‍ സ്വീകരിക്കാന്‍ താന്‍ മുന്നോട്ടുവരികയായിരുന്നെന്ന് മുനീറ പറഞ്ഞു. ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുക്കള്‍ക്കും വാക്‌സിന്‍ സുരക്ഷിതമാണെന്ന വസ്തുതയും രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതുമാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞയുടന്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തനിക്ക് പ്രചോദനമായത്. സാധാരണയില്‍ ഗര്‍ഭിണികളുടെ പ്രതിരോധ ശേഷി ദുര്‍ബലമായിരിക്കും. വാക്‌സിന്‍ സ്വീകരിക്കാന്‍ ബന്ധുക്കള്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കിംവദന്തികളില്‍ കുടുങ്ങാതെ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും മുനീറ ആവശ്യപ്പെട്ടു.
ഒരു കോടി ഡോസ് പൂര്‍ത്തിയാകുന്ന വാക്‌സിന്‍ സ്വീകരിച്ച മുനീറക്ക് ഇക്കാര്യം വ്യക്തമാക്കുന്ന കാര്‍ഡ് അധികൃതര്‍ കൈമാറി. വാക്‌സിന്‍ സെന്ററില്‍ ഇരു ഭാഗത്തുമായി നിലയുറപ്പിച്ച് ഹര്‍ഷാരവം മുഴക്കി ആരോഗ്യ പ്രവര്‍ത്തകര്‍ മുനീറയെ സെന്ററില്‍ നിന്ന് യാത്രയാക്കി. ഇതിന്റെ ദൃശ്യങ്ങളും മുനീറയുടെ അഭിമുഖവും അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.