ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്കയിലും വിലക്ക്

കൊളംബോ- കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ രാജ്യത്ത് ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്കയുടെ സിവിയില്‍ വ്യോമയാന ഡയറക്ടര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നടക്കമുള്ള ഗള്‍ഫ് യാത്രക്കാരുടെ ഇടത്താവളമായിരുന്നു ശ്രീലങ്ക. ഇവിടെ 14 ദിവസ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ഗള്‍ഫിലേക്ക് തുടര്‍ന്ന് യാത്ര ചെയ്യാമായിരുന്നു. ശ്രീലങ്ക ടൂറിസം വകുപ്പും ഈ യാത്രയ്ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. 

ആരോഗ്യ അധികൃതരുടെ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള വിലക്ക് ഉടനടി പ്രാബല്യത്തിലാകുമെന്നും ദേശീയ വിമാന കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സിഇഒക്ക് അയച്ച കത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി. 

ശ്രീലങ്കയിലും കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. ഇപ്പോള്‍ പ്രതിദിനം രണ്ടായിരത്തിനടുത്ത് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ മധ്യത്തില്‍ ഇത് ശരാശരി 200 കേസുകളായിരുന്നു. ബ്രിട്ടീഷ് വൈറസ് വകഭേദമാണ് ഇപ്പോള്‍ ലങ്കയില്‍ പടരുന്നത്.


 

Latest News