Sorry, you need to enable JavaScript to visit this website.

മുന്‍ കേന്ദ്ര മന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ- മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്റെ മകനും പലതവണ കേന്ദ്ര മന്ത്രിയുമായ രാഷ്ട്രീയ ലോക് ദള്‍ അധ്യക്ഷന്‍ അജിത് സിങ്(82) കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രില്‍ 20നാണ് അജിത് സിങിന് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാവിലെ ആണ് മരണം സംഭവിച്ചതെന്ന് മകന്‍ ജയന്ത് ചൗധരി അറിയിച്ചു. ഏഴു തവണ എംപിയായ അജിത് സിങ് മാറിമാറി വന്ന പല കേന്ദ്ര സര്‍ക്കാരുകളിലും മന്ത്രിയായിട്ടുണ്ട്. പ്രധാനമന്ത്രിമാരായ വിപി സിങ്, നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളില്‍ വിവിധ വകുപ്പുകളിലായി മന്ത്രിപദവി അലങ്കരിച്ചിട്ടുണ്ട്. 

ഖരക്പൂര്‍ ഐഐടി, ഇലിനോയ് ഇന്റ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് സിങ് ജാട്ട് സമുദായത്തിന് ഭൂരിപക്ഷമുള്ള പടിഞ്ഞാറന്‍ യുപിയില്‍ ഏറെ സ്വാധീനമുള്ള രാഷ്ട്രീയ നേതാവായിരുന്നു. ഐടി രംഗത്തായിരുന്ന അജിത് സിങ് അച്ഛന്‍ മുന്‍പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ് രോഗബാധിതനായതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തി രാഷ്ട്രീയ രംഗത്തിറങ്ങിയത്. 1986ല്‍ രാജ്യസഭാംഗമായി. തൊട്ടടുത്ത വര്‍ഷം ചരണ്‍ സിങ് അന്തരിച്ചു. അതോടെ ലോക് ദളിന്റെ അധ്യക്ഷനായി. ഇത് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹത്തിനിടയാക്കി. ഒടുവില്‍ രാഷ്ട്രീയ ലോക് ദള്‍ എന്ന പേരില്‍ അജിത് സിങ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. പിതാവിന്റെ മണ്ഡലമായിരുന്ന പടിഞ്ഞാറന്‍ യുപിയിലെ ബാഗ്പതില്‍ നിന്നും നിരവധി തവണ ലോക്‌സഭയിലെത്തി. 1998ലും 2014ലും മാത്രമെ ഇവിടെ അദ്ദേഹം പരാജയപ്പെട്ടുള്ളൂ. 2019ല്‍ മുസഫര്‍പൂരിലേക്ക് മാറി മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടു. 

1987ലും 1988ലും ലോക് ദള്‍ (എ), ജനതാ പാര്‍ട്ടി എന്നീ കക്ഷികളുടെ പ്രസിഡന്റായിട്ടുണ്ട്. 1989ല്‍ വിവി സിങിന്റേ നേതൃത്വത്തിലുള്ള ജനതാ ദളില്‍ പല പാര്‍ട്ടികളും ലയിച്ച് കോണ്‍ഗ്രസിനെതിരെ പൊരുതാന്‍ രംഗത്തിറങ്ങിയപ്പോള്‍ അദ്ദേഹം ജനതാ ദളില്‍ ചേര്‍ന്നു. വിപി സിങ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു അജിത് സിങ്. പിന്നീട് ജനതാ ദള്‍ വിട്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. നരസിംഹറാവു മന്ത്രിസഭയിലും അംഗമായി. 1996ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജിത് സിങ് ആ വര്‍ഷം തന്നെ പാര്‍ട്ടി വിട്ട് രാഷ്ട്രീയ ലോക് ദളിന് രൂപം നല്‍കി. വാജ്‌പേയി സര്‍ക്കാരില്‍ കൃഷി മന്ത്രിയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയുമായി.
 

Latest News