മക്ക- ഇറാഖിലെ കൂഫയെ മക്കയുമായി ബന്ധിപ്പിക്കുന്ന 'ദർബ് സുബൈദ'യെ (സുബൈദ പാത) യുനെസ്‌കോയുടെ ലോക പൈതൃക പട്ടിയിൽ രജിസ്റ്റർ ചെയ്യുന്നതിന് ഇറാഖുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സൗദി സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
1,400 കിലോമീറ്റർ നീളമുള്ള 'ദർബ് സുബൈദ' അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതനമായ വാണിജ്യ പാതകളിൽ ഒന്നും അക്കാലത്തെ പ്രധാന ഹജ് പാതകളിൽ ഒന്നുമാണ്.
സാമ്പത്തിക, സാംസ്‌കാരിക വിനിമയ മേഖലകളിലും ഈ പാതക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. 27 പ്രധാന ഇടത്താവളങ്ങളും നിരവധി ശാഖാ ഇടത്താവളങ്ങളും ഈ പാതയിലുണ്ടായിരുന്നു.
പുരാതന പാത സാംസ്‌കാരികമായും പൈതൃകപരമായും സജീവമാക്കാൻ ഹെരിറ്റേജ് അതോറിറ്റി പ്രവർത്തിക്കും. ഈ പുരാതന പാതയുടെ സേവനത്തിനും പരിചരണത്തിനും നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് അബ്ബാസി ഖലീഫ ഹാറൂൻ അൽറശീദിന്റെ പത്‌നി സുബൈദ ബിൻത് ജഅ്ഫറിന്റെ നാമധേയമാണ് പാതക്ക് നൽകിയിരിക്കുന്നത്. ഇറാഖിലെ കൂഫയിൽനിന്ന് മക്കയിലേക്ക് ഉത്തര അതിർത്തി പ്രവിശ്യ, ഹായിൽ, അൽഖസീം, മദീന, മക്ക എന്നീ അഞ്ചു സൗദി പ്രവിശ്യകളിലൂടെയാണ് 'ദർബ് സുബൈദ' കടന്നുപോകുന്നതെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു.