മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് നിലമെച്ചപ്പെടുത്തിയത് ഏഴ് മണ്ഡലങ്ങളില്‍

മലപ്പുറം- തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച മലപ്പുറം ജില്ലയില്‍ മുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താനായത് ഏഴ് മണ്ഡലങ്ങളില്‍. ജില്ലയില്‍ ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 എണ്ണത്തില്‍ വിജയിച്ച യു.ഡി.എഫിന് അഞ്ചു മണ്ഡലങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു. നില മെച്ചപ്പെടുത്തിയ ഏഴ് മണ്ഡലങ്ങളും മുസ്്‌ലിം ലീഗ് വിജയിച്ചവയാണ്.
വള്ളികുന്ന്, തിരൂരങ്ങാടി, കോട്ടക്കല്‍,കൊണ്ടോട്ടി, വേങ്ങര, മങ്കട, ഏറനാട് മണ്ഡലങ്ങളിലാണ് 2016 തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ യു.ഡി.എഫിന് കഴിഞ്ഞത്. വള്ളികുന്നില്‍ മുസ്്‌ലിം ലീഗിന്റെ പി.അബ്ദുള്‍ ഹമീദിന്റെ ഭൂരിപക്ഷത്തില്‍ 1506 വോട്ടുകളുടെ വര്‍ധനവുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍ ഹമീദ് വിജയിച്ചത് 12610 വോട്ടുകള്‍ക്കായിരുന്നു. ഇത്തവണ അത് 14116 ആയി വര്‍ധിച്ചു. ഇത്തവണ കടുത്ത മത്സരമുണ്ടായതിനെ തുടര്‍ന്ന് യു.ഡി.എഫിന് സീറ്റ് നഷ്ടപ്പെടുമെന്ന് കണക്കുകൂട്ടലുകളുണ്ടായിരുന്ന തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്്‌ലിം ലീഗിന്റെ കെ.പി.എ.മജീദ് നിലമെച്ചപ്പെടുത്തിയതാണ് വിജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.കെ.അബ്്ദുറബ്ബ് ഇവിടെ വിജയിച്ചത് 6043 വോട്ടുകള്‍ക്കായിരുന്നെങ്കില്‍ ഇത്തവണ കെ.പി.എ മജീദിന്റെ വിജയം 9578 വോട്ടുകള്‍ക്കാണ്. രണ്ടു തവണയും പരാജയപ്പെട്ടത് ഇടതുസ്വതന്ത്രനായ നിയാസ് പുളിക്കലകത്തായിരുന്നു.
കോട്ടക്കല്‍ മണ്ഡലത്തില്‍ മുസ്്‌ലിം ലീഗിലെ ആബിദ് ഹുസൈന്‍ തങ്ങള്‍ വിജയം ആവര്‍ത്തിച്ചത് ഭൂരിപക്ഷത്തില്‍ വര്‍ധനവുണ്ടാക്കിയാണ്.1545 വോട്ടുകളുടെ  ഭൂരിപക്ഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ലഭിച്ചത്.2016 ലെ ഭൂരിപക്ഷം15043 ആയിരുന്നെങ്കില്‍ ഇത്തവണ അത് 16588 ആയി വര്‍ധിച്ചു.
കൊണ്ടോട്ടിയില്‍ മുസ്്‌ലിം ലീഗിലെ ടി.വി.ഇബ്രാഹിം ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് 17713 വോട്ടുകള്‍ക്കാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.വി.ഇബ്രാഹിം തന്നെ ഇവിടെ വിജയിച്ചത് 10654 വോട്ടുകള്‍ക്കായിരുന്നു.
വേങ്ങരയില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷമാണ് മുസ്്‌ലിം ലീഗ് കുഞ്ഞാലികുട്ടിക്ക് ഇത്തവണ ലഭിച്ചത്. 2017 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദര്‍ വിജയിച്ചത് 23310 വോട്ടുകള്‍ക്കായിരുന്നു. ഇത്തവണ കുഞ്ഞാലികുട്ടിയുടെ വിജയം 30522 വോട്ടുകള്‍ക്കും.അതേസമയം 2016 ലെ പൊതുതെരഞ്ഞെടുപ്പില്‍ കുഞ്ഞാലികുട്ടിക്ക് വേങ്ങരയില്‍ നിന്ന് ലഭിച്ചത് 38057 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു.
ഇത്തവണ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നിന്ന് മങ്കടയിലേക്ക് മാറി മല്‍സരിച്ച മഞ്ഞളാകുഴി അലിയും മങ്കടയില്‍ യു.ഡി.എഫിന്റെ നിലമെച്ചപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എ.അഹമ്മദ് കബീര്‍ ഇവിടെ വിജയിച്ചത് 1508 വോട്ടുകള്‍ക്കായിരുന്നു. ഇത്തവണ മഞ്ഞളാകുഴി അലിയുടെ വിജയം 6246 വോട്ടുകള്‍ക്കും.ഏറനാട് മണ്ഡലത്തില്‍ മുസ്്‌ലിം ലീഗിലെ പി.കെ ബഷീറും ഇത്തവണ നിലമെച്ചപ്പെടുത്തി.കഴിഞ്ഞ തവണത്തെ 12893 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 22546 ആക്കി വര്‍ധിപ്പിച്ചാണ് പി.കെ.ബഷീര്‍ വിജയിച്ചത്.
പെരിന്തല്‍മണ്ണ,വണ്ടൂര്‍,മലപ്പുറം,മഞ്ചേരി,തിരൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിക്കാനായില്ല.പെരിന്തല്‍മണ്ണയില്‍ ഇത്തവണ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം നേരിയ ഭൂരിപക്ഷത്തിലാണ് കടന്നു കൂടിയത്. വെറും 38 വോട്ടുകള്‍ക്കാണ് വിജയം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം  579 വോട്ടുകളായിരുന്നു. വണ്ടൂരില്‍ എ.പി.അനില്‍കുമാറും മലപ്പുറത്ത് പി.ഉബൈദുള്ളയും നേടിയത് മികച്ച വിജയമാണെങ്കിലും ഭൂരിപക്ഷം ഉയര്‍ത്താനായില്ല. വണ്ടൂരില്‍ അനില്‍ കുമാറിന് കഴിഞ്ഞ തവണ ലഭിച്ച 23864 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 15563 ആയി കുറഞ്ഞു. മലപ്പുറം മണ്ഡലത്തില്‍ പി.ഉബൈദുള്ളയുടെ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 35672  വോട്ടുകളുടെ വന്‍ഭൂരിപക്ഷം ഇത്തവണ 35208 വോട്ടുകളായി ചുരുങ്ങിയെന്ന് മാത്രം. മഞ്ചേരിയില്‍ അയ്യായിരത്തിലേറെ വോട്ടുകളുടെ കുറവാണുണ്ടായത്. മുസ്്‌ലിം ലീഗിലെ അഡ്വ.യു.എ.ലത്തീഫ് ഇത്തവണ വിജയിച്ചത് 14573 വോട്ടുകള്‍ക്കാണ്.അഡ്വ.എം.ഉമ്മര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് 19616 വോട്ടുകള്‍ക്കായിരുന്നു. തിരൂരിലും യു.ഡി.എഫിന്റെ വോട്ടുകളില്‍ കുറവുണ്ടായി.കഴിഞ്ഞ  തവണ സി.മമ്മൂട്ടിക്ക് 7061 വോട്ടുകളാണ് കൂടുതല്‍ ലഭിച്ചതെങ്കില്‍ ഇത്തവണ കുറുക്കോളി മൊയ്തീന് ലഭിച്ചത് 4264 വോട്ടുകളുടെ ഭൂരിപക്ഷമാണ്.
ഇടുതുമുന്നണി ജില്ലയില്‍ നിലനിര്‍ത്തിയ നാലു സീറ്റുകളില്‍ പൊന്നാനിയില്‍ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട വിജയുണ്ടായത്. ഇടതുസ്വതന്ത്രന്‍മാര്‍ വിജയിച്ച നിലമ്പൂര്‍,താനൂര്‍,തവനൂര്‍ മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവുണ്ടായി. പൊന്നാനിയില്‍ സി.പി.എം.സ്ഥാനാര്‍ഥി പി.നന്ദകുമാറിന്റെ വിജയം തിളക്കമുളള്ളതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ശ്രീരാമകൃഷ്ണന്‍ 15640 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ ഇത്തവണ നന്ദകുമാറിന്റെ വിജയം 17043 വോട്ടുകള്‍ക്കാണ്. നിലമ്പൂരില്‍ പി.വി.അന്‍വറിന്റെ ഭൂരിപക്ഷം കഴിഞ്ഞ വര്‍ഷത്തെ 11504 ല്‍ നിന്ന് 2700 ആയി കുറഞ്ഞു. കടുത്ത മല്‍സരം നടന്ന തവനൂരില്‍ അഡ്വ.കെ.ടി.ജലീലിന്റെ ഭൂരിപക്ഷം വലിയ തോതില്‍ ഇടിഞ്ഞു.കഴിഞ്ഞ തവണ 17064 വോട്ടുകള്‍ക്ക് വിജയിച്ച ജലീലിന് ഇത്തവണ 2564 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.താനൂരില്‍ സിറ്റിംഗ് എം.എല്‍.എ. വി.അബ്്ദുറഹ്‌മാന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 6043 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 985 ആയാണ് കുറഞ്ഞത്.

 

 

 

Latest News