പൂഞ്ഞാറിന്റെ നാണക്കേട് മാറ്റുമെന്ന് നിയുക്ത എം.എല്‍.എ

കോട്ടയം- പൂഞ്ഞാര്‍ ഇനി പൊതുസമൂഹത്തില്‍ അപമാനിതമാകുന്ന അവസ്ഥയുണ്ടാകില്ലെന്ന് നിയുക്ത എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. കേരള കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം മന്ത്രിസഭയില്‍ ലഭിക്കും. സി.പി.എമ്മുമായുളളത് ഊഷ്മള ബന്ധമാണെന്നും കുളത്തുങ്കല്‍ പ്രതികരിച്ചു. പൂഞ്ഞാറില്‍ പി.സി ജോര്‍ജിനെതിരെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച കുളത്തുങ്കല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്്.
കഴിഞ്ഞ കുറേ കാലങ്ങളായി പൂഞ്ഞാര്‍ ജനത കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുമ്പില്‍ അപമാനിതരാകുന്ന സാഹചര്യം ഉണ്ടായിരുന്നു. പൂഞ്ഞാര്‍, സാംസ്‌ക്കാരിക അധഃപതനത്തിന്റെയും, മൂല്യച്യുതിയുടെയും, നിലവാര തകര്‍ച്ചയുടെയും പ്രതീകമായി ചിത്രീകരിക്കപ്പെട്ടിരുന്നു. ഈ തെറ്റായ ധാരണകള്‍ തിരുത്തി പൂഞ്ഞാര്‍ ജനതയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും സാംസ്‌കാരിക മൂല്യവും അന്തസ്സും മഹത്വവും വെളിവാക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജനപ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം വികസനമാണ് എന്ന ശരിയായ കാഴ്ചപ്പാട് മുന്‍നിര്‍ത്തി എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകുന്നതിന് പരിശ്രമിക്കും. കോട്ടയം പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഇടതു മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കും. കഴിഞ്ഞ വര്‍ഷം കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ചു മത്സരിച്ചപ്പോള്‍ ആറു സീറ്റാണ് ലഭിച്ചത്. ഇത്തവണ ചിലരൊക്കെ പിരിഞ്ഞു പോയിട്ടും കേരള കോണ്‍ഗ്രസിന് അഞ്ചു സീറ്റുകള്‍ നില നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ചു വ്യക്തമായ തീരുമാനം ഇനിയും എടുത്തിട്ടില്ല. ഉചിതമായ വേദിയില്‍ ചര്‍ച്ച ചെയ്തു പാര്‍ട്ടി നേതൃത്വവും ഇടതു മുന്നണിയും വ്യക്തമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News