Sorry, you need to enable JavaScript to visit this website.

കോവിഡ്: വിദേശ സഹായത്തിലും മോഡി സർക്കാരിന്റെ പക്ഷപാതം

ന്യൂദൽഹി- കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങൾ അയച്ച സഹായങ്ങൾ  കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന് വേർതിരിവും അലംഭാവവും. വിദേശത്ത് നിന്നെത്തിയ മരുന്നുകളും ഓക്‌സിജൻ സംവിധാനങ്ങളും ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അയച്ചു കൊടുത്തു. എന്നാൽ, കേരളം, രാജസ്ഥാൻ, ജാർഘണ്ഡ്്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഇവയിലൊന്നു പോലും ഇതുവരെ എത്തിയിട്ടുമില്ല. കോവിഡ് അതിരൂക്ഷമായതോടെ വെന്റിലേറ്ററുകൾ ഉൾപ്പടെ കൂടുതൽ സഹായം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു. 
    എന്നാൽ, കേരളത്തിലേക്ക് വിദേശത്തു നിന്നെത്തിയ സഹായം ഇതിനോടകം അയച്ചിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നാണ്് സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ആന്റിജൻ കിറ്റുകളും പിപിഇ കിറ്റുകളും ഉൾപ്പടെ കഴിഞ്ഞ ആഴ്ച കേന്ദ്രം കൈമാറിയവ വിദേശ സഹായത്തിന്റെ ഭാഗമാണോ എന്നു സംസ്ഥാനത്തോട് വ്യക്തമാക്കിയിട്ടുമില്ല. 
    കോവിഡ് അതിരൂക്ഷമായതിന് പിന്നാലെയും വിദേശ സഹായ സ്വീകരണ നയത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെയും മൂവായിരം ടണ്ണോളം വിദേശ സഹായമാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയത്. മരുന്നുകൾ ഉൾപ്പടെ 24 വ്യത്യസ്ഥ വിഭാഗങ്ങളിൽ പെട്ട മെഡിക്കൽ സാമഗ്രികൾ ഇത്തരത്തിൽ എത്തിയതായി തിങ്കളാഴ്ച കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 38 മെഡിക്കൽ സ്ഥാപനങ്ങളിലേക്ക് ഇവ അയച്ചു കഴിഞ്ഞതായും പറഞ്ഞു. 
    1656 ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സ്, 20 വലിയ ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സ്, 965 വെന്റിലേറ്ററുകൾ, 350 വലിയ ഓക്‌സിജൻ സിലിണ്ടറുകൾ, ബൈ പാപ് മെഷീനുകൾ, പിഎസ്എ ഓക്‌സിജൻ പ്ലാന്റുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, പിപിഇ കിറ്റുകൾ, റെംഡിസീവർ ഉൾപ്പടെയുള്ള മരുന്നുകൾ വിവിധ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു എന്നാണ് കേന്ദ്രം നൽകിയ വിശദീകരണം. എന്നാൽ, ഏതൊക്കെ സംസ്ഥാനങ്ങൾക്ക് എന്തൊക്കെ സംവിധാനങ്ങൾ നൽകി എന്ന് കേന്ദ്രം വ്യക്തമാക്കുന്നില്ല. 
    1500 ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സും അഞ്ചു ക്രയോജനിക് ഓക്‌സിജൻ ടാങ്കറുകളും ലഭിച്ചുവെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. വെന്റിലേറ്ററുകളും ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സും ഉൾപ്പടെ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ലഭിച്ചുവെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി നിതിൻ പട്ടേലിന്റെ ഓഫീസ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ സഹായത്തിനൊപ്പം വിദേശത്തു നിന്നെത്തിയ സഹായവും കേന്ദ്രം എത്തിച്ചുവെന്ന് മധ്യപ്രദേശ് സർക്കാരും വ്യക്തമാക്കി. കേന്ദ്ര സർക്കാർ അയച്ച വിദേശ സഹായം കർണാടകയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന ഉപമുഖ്യമന്ത്രി അശ്വന്ത്‌നാരായൺ പറഞ്ഞത്. 
    എന്നാൽ, ജാർഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വിദേശത്തു നിന്നെത്തിയ കോവിഡ് സഹായം അയച്ചിട്ടുണ്ടോ എന്നോ എന്നെത്തിച്ചേരുമെന്നോ വിവരമില്ല. ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും വകയിരുത്തിയിട്ടുണ്ടോ എന്നു പോലും അറിയില്ലെന്നുമാണ് ജാർഖണ്ഡ് ആരോഗ്യ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞത്. സഹായ സാമഗ്രികൾ ഉണ്ടെന്ന കാര്യം മഹാരാഷ്ട്ര സർക്കാരിനെ കസ്റ്റംസിൽ നിന്ന് വിളിച്ച് അറിയിച്ചിരുന്ന. എന്നാൽ, ഇവ എന്താണെന്നോ എപ്പോൾ എത്തുമെന്നോ വിവരമില്ല. 
    വിദേശത്ത് നിന്നെത്തുന്ന സഹായങ്ങൾ സ്വികരിച്ച് വിതരണം ചെയ്യാൻ റെഡ്‌ക്രോസ് സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സർക്കാരുകൾ നൽകുന്ന സഹായങ്ങൾക്കു പുറമേ സ്വകാര്യ വ്യക്തികളുടെയും സംഘനകളുടെയും സഹായം ഇത്തരത്തിൽ എത്തുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും അടക്കമുള്ള സഹായങ്ങൾ റെഡ് ക്രോസ് വാങ്ങി ആരോഗ്യമന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യുന്നത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള എച്ച്എൽഎല് ലൈഫ് കെയറാണ് റെഡ് ക്രോസിന്റെ കസ്റ്റംസ് ഏജന്റ്. വിദേശത്ത് നിന്നെത്തുന്ന സഹായങ്ങൾ സംഭരിച്ചു വെക്കാൻ മതിയായ സംവിധാനങ്ങൾ ഇല്ലെന്നതാണ് പ്രധാന പോരായ്മയെന്ന് റെഡ്‌ക്രോസ് അധികൃതർ പറയുന്നു. അതിനാൽ  തന്നെ വിദേശ സഹായം എത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ ഇവ ഡൽഹിയിൽ ഉൾപ്പടെ പ്രാദേശികമായി വിതരണം ചെയ്യുകയാണ് ചെയ്തത്.
 

Latest News