റിയാദ്- ഹൂത്തി മിലീഷ്യകൾ സൃഷ്ടിക്കുന്ന വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിന് അമേരിക്കയും ബ്രിട്ടണും സൗദി അറേബ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. റിയാദിനു നേരെ ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌യും പിന്തുണ പ്രഖ്യാപിച്ചത്. ഇരുവരുമായും സൽമാൻ രാജാവ് ഫോണിൽ ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങൾ അറിയിക്കുകയായിരുന്നു. മിസൈൽ ആക്രമണത്തെ അപലപിക്കുന്നതായി സൽമാൻ രാജാവിനോട് ട്രംപ് പറഞ്ഞു. ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തുന്നതിനുള്ള ശ്രമം സൗദി അറേബ്യയുടെ പരമാധികാരത്തിനെതിരായ ആക്രമണമാണ്. ദേശീയ സുരക്ഷക്ക് നേരിടുന്ന ഭീഷണികൾ ചെറുക്കുന്നതിന് അമേരിക്ക സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
യെമൻ സംഘർഷവുമായി ബന്ധപ്പെട്ട യു.എൻ രക്ഷാ സമിതി തീരുമാനങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ചും സൗദി അറേബ്യയുടെയും മേഖലാ രാജ്യങ്ങളുടെയും സുരക്ഷക്ക് ഭീഷണിയായി ഹൂത്തികൾക്ക് ബാലിസ്റ്റിക് മിസൈൽ നൽകുന്ന ഇറാൻ ഭരണകൂടത്തോട് കണക്കു ചോദിക്കുന്നതിനെ കുറിച്ചും സൽമാൻ രാജാവും ട്രംപും ചർച്ച നടത്തി. യെമൻ ജനതയുടെ ദുരിതങ്ങളകറ്റുന്നതിന് ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതിന്റെ അനിവാര്യതയും ഫോൺ സംഭാഷണത്തിൽ ഇരുവരും പ്രത്യേകം എടുത്തുപറഞ്ഞു.
റിയാദിനു നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും അപലപിച്ചു. മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്ന ഇറാന്റെ നശീകരണ പ്രവർത്തനങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ഉണർത്തേണ്ടത് അനിവാര്യമാണെന്ന് തെരേസ മെയ് സൽമാൻ രാജാവിനോട് പറഞ്ഞു.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി പിന്നീട് ഫോണിൽ ബന്ധപ്പെട്ടു. യെമൻ ജനതക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനായി യെമനിലെ തുറമുഖങ്ങൾ വീണ്ടും തുറക്കുന്നതിന് സഖ്യസേന സ്വീകരിച്ച നടപടികളെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ആയുധങ്ങളും മിസൈലുകളും യെമനിലേക്ക് കടത്തുന്നത് തടയുന്നതിന് റിലീഫ് വസ്തുക്കൾ വഹിച്ച കപ്പലുകൾ പരിശോധിക്കുന്നത് തുടരണമെന്നും തെരേസ മെയ് പറഞ്ഞു. യെമന്റെയും അയൽ രാജ്യങ്ങളുടെയും സുരക്ഷാ ഭദ്രത സൗദി അറേബ്യയും സഖ്യസേനയും ഉറപ്പു വരുത്തുമെന്നും യെമൻ ജനതക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും റിലീഫ് വസ്തുക്കളും ലഭ്യമാക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പറഞ്ഞു.