പ്രണയത്തിലെതിര്‍പ്പ്; മദ്യപിക്കുന്നതിനിടെ  യുവാവിനെ കൂട്ടുകാര്‍ തീകൊളുത്തി

ഹൈദരാബാദ്- കൂട്ടുകാര്‍ തീ കൊളുത്തിയതിനെ തുടര്‍ന്ന് മാരകമായി പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ നെലത്തുരു സ്വദേശി അങ്കമ്മ റാവു(24)വാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. യുവാവിന് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും ആരോഗ്യനില അതീവഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഞായറാഴ്ചയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ അങ്കമ്മ റാവുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഇവര്‍ അങ്കമ്മ റാവുവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പിന്നീട് തീയണച്ച് ആശുപത്രിയില്‍ എത്തിച്ചത്. ഗ്രാമത്തിലെ ഒരു യുവതിയുമായി അങ്കമ്മ റാവു പ്രണയത്തിലായിരുന്നുവെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. യുവതിയുമായുള്ള ബന്ധത്തെ യുവാവിന്റെ സുഹൃത്തുക്കള്‍ പല തവണ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി നേരത്തെ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിന്റെ ബാക്കിയായാണ് ഞായറാഴ്ച രാത്രി യുവാവിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന അങ്കമ്മ റാവുവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ്  കേസെടുത്തു. 
 

Latest News