Sorry, you need to enable JavaScript to visit this website.

നെഹ്‌റു കുടുംബത്തിന്റെ പ്രതാപം വോട്ടാകില്ല 

മത്സ്യത്തൊഴിലാളികൾക്കൊപ്പം ഒരു ആവേശത്തിന് കടലിൽ ചാടിയാലോ ഓട്ടോയിൽ കയറി ചുറ്റിയടിച്ച് ഷോ നടത്തിയാലോ ഒന്നും തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാക്കളിൽ ആരെങ്കിലും രാഹുൽ ഗാന്ധിയോട് ഒന്ന് പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. കാലം മാറിയത് അദ്ദേഹം അറിഞ്ഞില്ലെന്ന് തോന്നുന്നു. തെരുവിലെ ചെപ്പടി വിദ്യക്കാരന്റെ കൺകെട്ട് പരിപാടികളുമായി നടന്നാൽ തെരഞ്ഞെടുപ്പ് ജയിക്കാനാകില്ല. അതിന് വേണ്ടത് കൃത്യമായ രാഷ്ട്രീയ അജണ്ടകളും ജനകീയ ഇടപെടലുകളുമാണ്. പാർട്ടിയെ ഒന്നിച്ച് നിർത്താനും എണ്ണയിട്ട യന്ത്രം പോലെ അതിനെ ചലിപ്പിക്കാനുമുള്ള പ്രാപ്തിയാണ്  വേണ്ടത്. അതില്ലാതെ പോയതു കൊണ്ടാണ് താൻ ലോക്‌സഭയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്രയും വലിയ കനത്ത തിരിച്ചടി കോൺഗ്രസിനും ആ പാർട്ടി നേതൃത്വം നൽകുന്ന യു.ഡി.എഫിനും ഏൽക്കേണ്ടി വന്നത്. പശ്ചിമ ബംഗാളിലും പുതുച്ചേരിയിലുമെല്ലാം സംഭവിച്ചതും അത് തന്നെയാണ്. ആൾക്കൂട്ടങ്ങളെല്ലാം വോട്ടായി മാറുകയില്ലെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. 


നെഹ്‌റു കുടുംബത്തിൽ നിന്ന് ആരെയെങ്കിലും ഒരാളെ രണ്ടു ദിവസത്തേക്ക് കവല പ്രസംഗങ്ങളിൽ നാലു വാക്ക് പറയാൻ കിട്ടിയാൽ തെരഞ്ഞെടുപ്പുകൾ ജയിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യയുടെ  ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിനോടും പിൻഗാമികളായ ഇന്ദിരാഗാന്ധിയോടും രാജീവ് ഗാന്ധിയോടുമെല്ലാമുള്ള ആരാധനയും സ്‌നേഹവും അവരുടെ കഴിവുകളിലും നിലപാടുകളിലുമൊക്കെയുള്ള വിശ്വാസവുമായിരുന്നു വോട്ടുകളെ സ്വാധീനിച്ചത്. നെഹ്‌റു കുടുംബത്തോടുള്ള ജനങ്ങളുടെ സ്‌നേഹം ഇളം തലമുറക്കാരായ രാഹുലും പ്രിയങ്കയുമെല്ലാം ഇപ്പോഴും ഏറ്റുവാങ്ങുന്നുമുണ്ട്. എന്നാൽ നെഹ്‌റു കുടുംബത്തിന്റെ പഴയ പ്രതാപം മാത്രം പറഞ്ഞ് വോട്ട് പിടിക്കാനും തെരഞ്ഞെടുപ്പിൽ ജയിക്കാനുമൊക്കെ കഴിയുമെന്ന വ്യാമോഹം ഇനിയെങ്കിലും കോൺഗ്രസുകാർ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. 


ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയുമൊന്നും കാലത്തെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. ഫാസിസത്തിന്റെ വെല്ലുവിളികളിലൂടെ കടന്നു പോകുന്ന ഇന്ത്യയിൽ നെഹ്‌റു കുടുംബത്തിന്റെ പഴയ രാഷ്ട്രീയ മഹിമ ഉയർത്തിക്കൊണ്ട് മാത്രം കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ല. ഒരു കാലത്ത് ഇന്ത്യ അടക്കി ഭരിച്ചിരുന്ന കോൺഗ്രസ് പ്രസ്ഥാനം ഇന്ന് നാലോ അഞ്ചോ സംസ്ഥാനങ്ങളിലെ ഭരണ നേതൃത്വത്തിലേക്ക് ചുരുങ്ങിയതിന് കാരണം കാലത്തിനനുസരിച്ച് നിലപാടുകൾ എടുക്കാൻ കഴിയാതെ പോയതാണ്. രാഹുലും പ്രിയങ്കയുമൊന്നും പഴയ കുടുംബ മഹിമയുടെ വക്താക്കളായല്ല മാറേണ്ടത്. മറിച്ച് രാജ്യത്തെ നയിക്കാൻ ശേഷിയുള്ള ഉറച്ച നിലപാടുകളുള്ള നേതാക്കളായി തന്നെ അവർ ജനങ്ങൾക്കു മുമ്പിൽ നിലയുറപ്പിക്കേണ്ടതുണ്ട്. എന്നാൽ അത്തരമൊരു സമീപനമല്ല കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ പദവി വഹിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ദേശീയ അധ്യക്ഷന്റെ പദവി വഹിക്കാൻ താൽപര്യക്കുറവ് ഉണ്ടായിട്ടുപോലും  കുടുംബത്തിന്റെ രാഷ്ട്രീയമായ പഴയ പ്രതാപം നിലനിർത്തുന്നതിനായി നിർബന്ധിതമായി ആ പദവിയിൽ ഇരിക്കേണ്ടി വന്ന അവസ്ഥയാണ് രാഹുൽ ഗാന്ധിക്കുള്ളത്. അത് തന്നെയാണ് വിവിധ സംസ്ഥാനങ്ങളിലെ തുടർച്ചയായ തോൽവികൾക്കുള്ള കാരണവും. 


നിലവിലുള്ള ഭരണകൂടത്തിൽ നിന്ന് രാജ്യം വലിയ വെല്ലുവിളികൾ നേരിടുമ്പോഴും അതിനെ ചെറുത്ത് കൊണ്ട് ക്രിയാത്മകമായ പ്രതിപക്ഷ ദൗത്യം നിർവഹിക്കാൻ കോൺഗ്രസിനും അവർ നേതൃത്വം നൽകുന്ന കൂട്ടായ്മക്കും കഴിയാതെ പോകുന്നതും ഇതുകൊണ്ട് തന്നെയാണ്. രാഷ്ട്രീയ പ്രതാപം പേറുന്ന പഴയ കുപ്പായം ഊരിമാറ്റി പുതിയ കാലത്തിന്റെ രാഷ്ട്രീയ ഊർജം പേറുന്ന നേതാവാകാനാണ് രാഹുൽ ശ്രമിക്കേണ്ടത്. അതാണ് പുതിയ ഇന്ത്യക്ക് വേണ്ടത്. അതിന് കഴിയുന്നില്ലെങ്കിൽ കഴിവുള്ളവരെ കണ്ടെത്തി നിയോഗിക്കണം. അല്ലാത്തപക്ഷം വലിയ താമസമില്ലാതെ രാജ്യത്ത് നിന്ന് കോൺഗ്രസ് പാർട്ടി നാമാവശേഷമാകും. അതിന്റെ സൂചനകളാണ് കേരളത്തിൽ അടക്കമുള്ള ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. 
രാഷ്ട്രീയത്തിൽ ഒരു കാലത്ത് എല്ലാ അധികാരങ്ങളും കൈയടക്കിവെച്ചിരുന്ന പഴയ പടക്കുതിരകൾക്ക് സുഖിച്ച് വിശ്രമിക്കാനുള്ള സത്രമല്ല കോൺഗ്രസ് ദേശീയ കമ്മറ്റിയെന്ന ബോധ്യം ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബി.ജെ.പി അടക്കമുള്ള പാർട്ടികളെല്ലാം കഴിവും പ്രാപ്തിയുമുള്ളവരെ ദേശീയ നേതൃത്വത്തിലേക്ക് പ്രതിഷ്ഠിക്കുമ്പോൾ വൃദ്ധസദനമായി മാത്രം കോൺഗ്രസിന്റെ ദേശീയ കമ്മിറ്റി മാറുകയാണ്. ഇളക്കി പ്രതിഷ്ഠ അവിടെ നിന്ന് തുടങ്ങണം.


നെഹ്‌റു കുടുംബത്തിലെ തലമുറകൾക്ക് വീതിച്ചെടുക്കാനുള്ളതാണ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വ പദവി എന്ന നിലപാട് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. കുടുംബ മഹിമയല്ല പ്രസ്ഥാനത്തെ നയിക്കാനുള്ള കഴിവ് തന്നെയാണ് ഒരു നേതാവിന് വേണ്ട ഏറ്റവും വലിയ ഗുണം. സ്തുതിപാഠകരല്ല, മറിച്ച് സംഘടനാ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സ്വയം വിമർശനം നടത്തുന്നവരാണ് ഏത് പ്രസ്ഥാനത്തെയും മുന്നോട്ട് നയിക്കുന്നത്. അധികാരത്തിന്റെ അന്തപ്പുരത്തിലിരുന്ന് ഉപജാപം നടത്തുന്നവർ ആരും തന്നെ ജനങ്ങളുമായി ബന്ധമില്ലാത്തവരാണ്.

 

തങ്ങളുടെ നേട്ടങ്ങളിൽ മാത്രമാണ് അവർക്ക് നോട്ടമെന്നത് തിരിച്ചറിയാൻ പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക് കഴിയണം. ഇത്തരം അന്തപ്പുരവാസികളാണ് കോൺഗ്രസിന്റെ എക്കാലത്തെയും ശാപം.
ബി.ജെ.പിയെയും അവരുടെ വർഗീയ അജണ്ടയെയും  ചെറുക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന വിശ്വാസം പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അവരുടെ മുന്നണി സംവിധാനങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് വലിയ പ്രാധാന്യം കൽപിക്കപ്പെടാത്തത്. 
ബി.ജെ.പിയെ ദേശീയമായി ചെറുക്കാൻ കോൺഗ്രസിന് കരുത്ത് നഷ്ടപ്പെട്ടെന്ന തിരിച്ചറിവിൽ പ്രാദേശികമായുള്ള ചെറുത്ത് നിൽപാണ് അഭികാമ്യമെന്ന ജനങ്ങളുടെ വിശ്വാസമാണ് പ്രാദേശിക പാർട്ടികൾക്ക് കരുത്ത് പകരുന്നത്. സംഘ്പരിവാർ ശക്തികളെ  വെല്ലുവിളിക്കാൻ അത്തരം കക്ഷികൾ ധൈര്യം കാട്ടുന്നുമുണ്ട്.


രാഹുലും പ്രിയങ്കയും ഇപ്പോഴും ക്രൗഡ് പുള്ളർമാരാണെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഇത് തന്നെയാണ് ദൃശ്യമായത്. ചരിത്രത്തിൽ ഇത് വരെ ഉണ്ടാകാത്ത രീതിയിലാണ് രാഹുലും പ്രിയങ്കയും ഇത്തവണ കേരളത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. അവരുടെ പ്രചാരണങ്ങളിലെ വലിയ ആൾക്കൂട്ടം വോട്ടായി മാറുമെന്നും അത് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുമെന്നുമുള്ള  കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തകർന്നടിഞ്ഞത്. ഒരു വേള സി.പി.എം പോലും രാഹുലിന്റെയും പ്രിയങ്കയുടെയും പ്രചാരണത്തെ അൽപം ആശങ്കയോടെ തന്നെ കണ്ടിരുന്നു. എന്നാൽ ഈ ആൾക്കൂട്ടങ്ങൾ വോട്ടായില്ലെന്ന് മാത്രം. ആൾക്കൂട്ട രാഷ്ട്രീയത്തിന് ആത്മാർത്ഥതയുണ്ടാകണമെന്നില്ല.


കോൺഗ്രസിന്റെ തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങൾ രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ പാർട്ടിയിലെ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നുണ്ട്. പാർട്ടി ദേശീയ കമ്മിറ്റിയിലെ രണ്ടു ഡസനോളം നേതാക്കൾ രാഹുലിന്റെ രീതികൾക്കും നിലപാടുകൾക്കുമെതിരെ ശബ്ദമുയർത്തിക്കഴിഞ്ഞു. ജൂൺ മാസത്തിൽ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് പാർട്ടി കടക്കുന്ന വേളയിൽ കേരളത്തിലെയും ബംഗാളിലെയും പുതുച്ചേരിയിലെയുമെല്ലാം തെരഞ്ഞെടുപ്പ് പരാജയം  വലിയ ചർച്ചയ്ക്ക് വഴി തുറന്നേക്കാം.
പ്രാദേശിക തലം മുതൽ ദേശീയ തലം വരെ സംഘടനാപരമായി ഒരു വലിയ ഉടച്ചുവാർക്കലിന് കോൺഗ്രസ് തയാറായില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പാരമ്പര്യത്തിന്റെയും പ്രതാപത്തിന്റെയുമൊന്നും പഴയ കണക്കുകൾക്ക് ഇനി ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയൊന്നുമില്ല. 
നിലപാടുകളിൽ സത്യസന്ധതയും പോരാട്ട വീര്യവും പ്രകടിപ്പിക്കുന്നവർക്ക് മാത്രമേ ഇനി നിലനിൽപുള്ളൂ. അതിന് കോൺഗ്രസിന് കഴിയുമോയെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Latest News