യാസിര്‍ കൊലക്കേസ് പ്രതിയെ വധിച്ച കേസില്‍ പ്രതികളെ വെറുതെവിട്ടു

മഞ്ചേരി- ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ തിരൂര്‍ ആമപ്പാറക്കല്‍ യാസിറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തിരൂര്‍ ബി.പി. അങ്ങാടി തലക്കാട് പൂക്കൈത തിരുനിലത്ത് കണ്ടി രവീന്ദ്രനെ (35)വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു.
ഒമ്പത് പ്രതികളുള്ള കേസില്‍ വിചാരണക്ക് ഹാജരായ ആറുപേരുടെയും മേല്‍ കുറ്റം തെളിയിക്കാവുന്ന തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് മഞ്ചേരി ജില്ലാ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
തിരൂര്‍ മംഗലം കറുകപ്പറമ്പില്‍ ആദില്‍ (46)തിരൂര്‍ തലക്കാട് ഉള്ളാട്ടില്‍ സക്കീര്‍ ഹുസൈന്‍ (45)തിരൂര്‍ തലക്കാട് അലവി എന്ന അഹമ്മദ് നസീം (49), നിറമരുതൂര്‍ അലിഹാജിന്റെ പുരക്കല്‍ റഷീദ് (35)നിറമരുതൂര്‍ അഴുവളപ്പില്‍ ഇസ്മയില്‍ (39)തിരൂര്‍ കണ്ണങ്കുളം പുഴവക്കത്ത് യാഹു എന്ന ബാവ (47) എന്നിവരെയാണ് വെറുതെവിട്ടത്. എന്‍.ഡി.എഫ് പ്രവര്‍ത്തകരാണ് പ്രതികള്‍.
കേസിലെ രണ്ടാം പ്രതി കാളാത്ത് മുഹമ്മദ് ജാസിം രണ്ടു മാസം മുമ്പ് മരിച്ചിരുന്നു. നാലാം പ്രതി മീനടത്തൂര്‍ മുഹമ്മദ് മുസ്തഫ, ഒമ്പതാം പ്രതി കുറ്റിപ്പിലാക്കല്‍ കുഞ്ഞീതു എന്നിവര്‍ വിചാരണക്ക് ഹാജരായിട്ടില്ല. 2007 ജനുവരി 20 ന് തിരൂര്‍ തലക്കാട് ഗേള്‍സ് ഹൈസ്‌കൂളിനു മുമ്പില്‍ വെച്ച് രാത്രി 8.15 നാണ് രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന തിരൂര്‍ കടവത്തിയേല്‍ ബാബുവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
അഡ്വ. മാഞ്ചേരി കെ.നാരായണനായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍. പ്രൊസിക്യൂഷന്‍ 38 സാക്ഷികളെ വിസ്തരിച്ചു. സംശയാതീതമായി കേസ് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി കണ്ടെത്തിയത്. അഡ്വ. സി.കെ.ശ്രീധരന്‍, അഡ്വ.എം.പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി.
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലെ വിരോധം കാരണം വര്‍ഷങ്ങള്‍ മുമ്പ് തിരൂര്‍ ആമപ്പാറക്കല്‍ യാസിറിനെ(39) വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് 2007 ല്‍ കൊല്ലപ്പെട്ട തിരുനിലത്ത് കണ്ടി രവീന്ദ്രന്‍. ഒമ്പത് പ്രതികളാണ് യാസിര്‍ വധക്കേസിലുണ്ടായിരുന്നത്. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ട കേസില്‍ പിന്നീട് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചെങ്കിലും അപ്പീലില്‍ സുപ്രീംകോടതി വെറുതെവിട്ടു.

 

Latest News