ദാരുണം ഈ കാഴ്ച! കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ ചിതയിലേക്ക് മകള്‍ എടുത്തുചാടി

ബാര്‍മര്‍- രാജസ്ഥാനിലെ ബാര്‍മറില്‍ കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ മൃതദേഹം സംസ്‌ക്കരിക്കവെ ദുഃഖം താങ്ങാനാകാതെ മകള്‍ ചിതയിലേക്ക് എടുത്തു ചാടി. ഗുരുതരമായി പൊള്ളലേറ്റ് 34കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ 73കാരനായ ദാമോദര്‍ദാസ് ശര്‍ദ ചൊവ്വാഴ്ചയാണ് ബാര്‍മറിലെ ഒരു ആശുപത്രിയില്‍ മരിച്ചത്. മൂന്ന് പെണ്‍മക്കളില്‍ ഇളയ ആളായ ചന്ദ്ര ശര്‍ദയാണ് ശവസംസ്‌ക്കാര ചടങ്ങിനിടെ പൊടുന്നനെ ചിതയിലേക്ക് എടുത്തുചാടിയത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ തീയില്‍ നിന്നും യുവതിയെ വലിച്ചു പുറത്തെടുത്തു. ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് തുടര്‍ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. 

ചന്ദ്രയ്ക്ക് 70 ശതമാനം പൊള്ളലേറ്റതായി പോലീസ് പറഞ്ഞു. സംസ്‌ക്കാരചടങ്ങിനായി നിര്‍ബന്ധം പിടിച്ചാണ് ചന്ദ്ര ശ്്മശാനത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു. ഇവരുടെ അമ്മ നേരത്തെ മരിച്ചിരുന്നു. കോവിഡ് പോസിറ്റീവായ ദാമോര്‍ദാസിനെ ഞായറാഴ്ചയാണ് ബാര്‍മറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Latest News