കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 292 അംഗ സഭയില്‍ 213 സീറ്റുകളുമായാണ് മമതയുടെ പാര്‍ട്ടി തൂത്തുവാരിയ വിജയം നേടിയത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ തന്റെ പതിവു വേഷത്തിലെത്തിയ മമത ബംഗാളിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ടാഗോറിന്റെ ജന്മവാര്‍ഷിക ദിനമായ മേയ് ഒമ്പതിന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.
കോവിഡ് സാഹചര്യവും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളുമായി മമതയ്ക്ക് ആദ്യമായി നേരിടാനുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തന്റെ ഓഫീസായ നബന്നയിലെത്തി. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകളുമായാണ് മമത ജോലി ആരംഭിച്ചത്.
സംസ്ഥാനത്തെ വ്യാപക അക്രമ സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഇതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ ജഗ്ദീപ് ദന്‍കര്‍ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പ്രതികരിച്ചു.