Sorry, you need to enable JavaScript to visit this website.

സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രീം കോടതി; മറാത്ത സംവരണം റദ്ദാക്കി

ന്യൂദല്‍ഹി- സംവരണം 50 ശതമാനത്തില്‍ കൂടരുതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. 2018ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കിയ 16 ശതമാനം മറാത്ത സമുദായ സംവരണം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. സംവരണത്തിന് അടിസ്ഥാനം സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ ആണെന്നും സംവരണം നല്‍കാനായി മറാത്ത സമുദായത്തെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

സംവരണത്തിന് 50 ശതമാനമെന്ന പരിധി നിശ്ചയിച്ച 1992ലെ മണ്ഡല്‍ കേസിലെ വിധിയില്‍ മാറ്റംവരുത്തേണ്ട സ്ഥിതിയില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത സമുദായത്തിന് 16 ശതമാനം സംവരണം നടപ്പിലാക്കിയത് 50 ശതമാനമെന്ന പരിധി മറികടക്കുന്നതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവു, എസ് അബ്ദുല്‍ നസീര്‍, ഹേമന്ദ് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

മറാത്ത സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ എസ്.ഇ.ബി.സി നിയമം സമത്വത്തിന്റെ തത്വങ്ങളെ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി റദ്ദാക്കി. അതേസമയം 2020 സെപ്തംബര്‍ ഒമ്പത് വരെ നല്‍കിയ മറാത്ത സംവരണത്തെ ഈ വിധി ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 

മറാത്ത സംവരണത്തെ ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു പറ്റം ഹര്‍ജികലാണ് സുപ്രീം കോടതി പരിഗണിച്ചത്. മറാത്ത സംവരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള വിഭാഗക്കാരുടെ പട്ടികയിലേക്ക് പുതുതായി ചേര്‍ക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ 102ാം ഭരണഘടനാ ഭേദഗതി തടയുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. 

എന്നാല്‍ പാര്‍ലമെന്റ് കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിഭാഗത്തെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രസ്തുത വിഭാഗത്തെ കണ്ടെത്തി അത് കേന്ദ്രത്തിന് നിര്‍ദേശിക്കാന്‍ മാത്രമെ സംസ്ഥാനങ്ങള്‍ക്ക് കഴിയൂ. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് രാഷ്ട്രപതിക്കു മാത്രമെ ഈ പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാനുള്ള അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.

Latest News