പരിഷ്‌കരണങ്ങളുടെ നവയുഗം

റിയാദ്- ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക, സൈനിക ശക്തികളിൽ ഒന്നും ലോക മുസ്‌ലിംകളുടെ അച്ചുതണ്ടുമായ സൗദി അറേബ്യയുടെ ഭരണസാരഥ്യം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഏറ്റെടുത്തിട്ട് ഇന്നേക്ക് മൂന്നു വർഷം പൂർത്തിയാകുന്നു. അബ്ദുല്ല രാജാവിന്റെ വിയോഗത്തെ തുടർന്ന് 1436 റബീഉൽ ആഖിർ മൂന്നിനാണ് സൽമാൻ രാജാവ് ആധുനിക സൗദി അറേബ്യയുടെ ഏഴാമത്തെ ഭരണാധികാരിയായി ചുമതലയേറ്റത്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെയും പുതുയുഗപ്പിറവിക്കാണ് സൽമാൻ രാജാവിന്റെ ഭരണത്തിനു കീഴിൽ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. 
ഏതാനും വർഷം മുമ്പ് ആർക്കും സ്വപ്‌നം കാണാൻ പോലും കഴിയാത്ത നിലക്കുള്ള പരിഷ്‌കരണങ്ങളാണ് ഭരണാധികാരികൾ മുൻകൈയെടുത്ത് രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം വനിതാ ശാക്തീകരണ മേഖലയിലെ സുധീരമായ ചുവടു വെപ്പുകളാണ്. വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ജൂൺ 24 മുതൽ ഇത് നിലവിൽവരും. സൗദി വനിതകളുടെ നിയമാനുസൃതമായ ഒരു നടപടിക്രമങ്ങൾക്കും സേവനങ്ങൾക്കും രക്ഷാകർത്താക്കളുടെ അനുമതി ആവശ്യമില്ലെന്ന പ്രഖ്യാപനം വനിതാ ശാക്തീകരണ മേഖലയിലെ മറ്റൊരു സുപ്രധാന തീരുമാനമാണ്. ഇതിനു മുമ്പ് നിയമാനുസൃതമായ പല സേവനങ്ങൾക്കും നടപടിക്രമങ്ങൾക്കും വനിതകൾക്ക് പിതാവോ ഭർത്താവോ സഹോദരനോ അടക്കമുള്ള രക്ഷാകർത്താക്കളുടെ അനുമതി ആവശ്യമായിരുന്നു. അടുത്ത വർഷാദ്യം മുതൽ സ്‌പോർട്‌സ് സ്റ്റേഡിയങ്ങളിലേക്ക് വനിതകൾക്കും ഫാമിലികൾക്കും പ്രവേശനം നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. സൗദിയിൽ സിനിമാ തിയേറ്ററുകൾക്ക് ലൈസൻസ് നൽകുന്നതിനും സിനിമാ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മൂന്നു മാസത്തിനുള്ളിൽ തിയേറ്ററുകൾക്ക് ലൈസൻസ് നൽകും. സൗദിയിൽ സാമൂഹിക ജീവിത മണ്ഡലത്തിൽ വലിയ പ്രതിഫലനങ്ങളുണ്ടാക്കുന്ന തീരുമാനങ്ങളാണിവ. 
കഴിഞ്ഞയാഴ്ച ശൂറാ കൗൺസിലിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും പരിഷ്‌കരണങ്ങളുമായി മുന്നോട്ടു പോകുമെന്ന് അർഥശങ്കക്കിടമില്ലാത്ത വിധം രാജാവ് വ്യക്തമാക്കി. മിതവാദത്തെ ജീർണതയും അധഃപതനവുമായി കാണുകയും തങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് മതത്തെ ദുരുപയോഗിക്കുകയും ചെയ്യുന്ന തീവ്രവാദികൾക്കും, തീവ്രവാദ വിരുദ്ധ പോരാട്ടത്തെ ജീർണതകൾ പ്രചരിപ്പിക്കുന്നതിനുള്ള മാർഗവും അവസരവുമായി കാണുന്ന അധമന്മാർക്കും രാജ്യത്ത് സ്ഥാനമില്ലെന്ന് രാജാവ് പറഞ്ഞു. കാലാകാലങ്ങളായി പിന്തുടരുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമല്ലാത്ത നിലക്ക് വികസനത്തിന്റെയും നവീകരണത്തിന്റെയും പാതയിൽ മുന്നോട്ടു പോകുന്നതിനാണ് രാജ്യം ശ്രമിക്കുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു. 
വിഷൻ-2030 പദ്ധതി സാമ്പത്തിക രംഗത്തെ നേട്ടങ്ങളുടെ തുടക്കമാണ്. ആഗോള വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച ഘട്ടത്തിലാണ് എണ്ണ വരുമാനം ആശ്രയിക്കുന്നത് കുറക്കുന്നതിനും പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകളുട വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ട് വിഷൻ-2030 പദ്ധതി ആസൂത്രണം ചെയ്തത്. അഴിമതിക്കെതിരായ സന്ധിയില്ലാ സമരം സാമ്പത്തിക രംഗത്ത് രാജ്യം ദർശിച്ച സമാനതയില്ലാത്ത മറ്റൊരു സുധീരമായ ചുവടുവെപ്പായിരുന്നു. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് നിരവധി വൻകിട പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും പ്രധാനം അര ലക്ഷം കോടി ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്ന നിയോം പദ്ധതിയാണ്. ചെങ്കൽ വിനോദ സഞ്ചാര പദ്ധതി, ഖിദ്‌യ പദ്ധതി, ഹജ്, ഉംറ തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിന് അനുസൃതമായി മക്ക, മദീന നഗരങ്ങളിൽ തീർഥാടകർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള കമ്പനികൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെട്ടതാണ്. ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സും മൂല്യവർധിത നികുതിയും വിദേശികൾക്കുള്ള പുതിയ ലെവികളും സബ്‌സിഡികൾ എടുത്തു കളയുന്നതും സ്വകാര്യവൽക്കരണം ഊർജിതമാക്കുന്നതും എണ്ണയിതര മേഖലയിൽ നിന്നുള്ള വരുമാനം പലമടങ്ങ് വർധിപ്പിക്കുന്നതിന് സഹായിക്കും. സബ്‌സിഡികൾ എടുത്തു കളയുന്നത് കുറഞ്ഞ വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമായ സൗദി കുടുംബങ്ങളെ ബാധിക്കാതെ നോക്കുന്നതിന് അർഹരായവർക്ക് സബ്‌സിഡി ഇനത്തിലുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലം ചെയ്യുന്നതിന് തുടങ്ങിയതിന് തെളിവാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ബജറ്റ്. സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് ചൊവ്വാഴ്ച രാജാവ് പ്രഖ്യാപിച്ചത്. ബജറ്റ് വരുമാനത്തിന്റെ പകുതിയോളം പെട്രോളിതര മേഖലയിൽ നിന്നാണ്. ആദ്യമായാണ് പെട്രോൾ വരുമാനത്തെ ആശ്രയിക്കുന്നത് ഇത്രത്തോളം കുറയ്ക്കുന്നതിന് സൗദി അറേബ്യക്ക് സാധിക്കുന്നത്. 
അഴിമതിക്കെതിരായ തുറന്ന യുദ്ധം ചരിത്രത്തിൽ ഇന്നു വരെ സൗദി അറേബ്യ കാണാത്തതാണ്. മന്ത്രിമാരും രാജകുമാരന്മാരും വ്യവസായ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് ഒറ്റ രാത്രി കൊണ്ട് കാരാഗൃഹത്തിലായത്. ഇത് സൗദി ജനതയെ മാത്രമല്ല, ആഗോള സമൂഹത്തെ തന്നെ ഞെട്ടിച്ചു. അഴിമതിയിലൂടെ സമ്പാദിച്ച പണം തിരിച്ചുനൽകി കേസുകൾ ഒത്തുതീർക്കുന്നതിന് അറസ്റ്റിലായവരിൽ 95 ശതമാനം പേരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിലൂടെ 10,000 കോടി ഡോളർ (37,500 കോടി റിയാൽ) എങ്കിലും പൊതുഖജനാവിൽ തിരിച്ചെത്തിക്കുന്നതിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. അടുത്ത കൊല്ലം ആദ്യ പാദത്തിൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ചു തുടങ്ങും. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്ന പ്രധാന മേഖലയായി വിനോദ സഞ്ചാര വ്യവസായ മേഖലയെ പരിവർത്തിപ്പിക്കുന്നതിനാണ് ശ്രമം.  കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ നിയോഗിച്ചത് രാഷ്ട്രീയ രംഗത്ത് നടപ്പാക്കിയ പ്രധാന പരിഷ്‌കാരമായിരുന്നു. സൗദിയിൽ കിരീടാവകാശിയായി അവരോധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഭരണചക്രത്തിന് യുവത്വത്തിന്റെ ചടുലതയും പ്രസരിപ്പും ഗതിവേഗവും നൽകുന്നതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിയോഗം വഴിവെച്ചു. രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പും ഭദ്രതയും ലക്ഷ്യമിട്ട് നിരവധി പരിഷ്‌കാരങ്ങളാണ് കിരീടാവകാശി അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി ആസൂത്രണം ചെയ്തത്. ജീവിതം ഹ്രസ്വമാണെന്നും ഇഹലോക വാസം വെടിയുന്നതിനു മുമ്പായി ലക്ഷ്യങ്ങളെല്ലാം സാക്ഷാൽക്കരിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് പുതിയൊരു രാജ്യം കെട്ടിപ്പടുക്കുന്നതിന് അതിവേഗതയിൽ നീങ്ങുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ വെളിപ്പെടുത്തി. 
ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ ബഹുമുഖ പോരാട്ടമാണ് രാജ്യം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത്. ഭീകരർക്ക് പിന്തുണ നൽകുന്നതും മേഖലയെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഇറാനുമായുള്ള ബന്ധവുമാണ് ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധം വിച്ഛേദിക്കുന്നതിന് കാരണം. യെമനിൽ ഇറാന്റെ വിപുലീകരണ നയവും യെമൻ ഇറാന്റെ വരുതിയിലാക്കുന്നതിനുള്ള ശ്രമങ്ങളും പരാജയപ്പെടുത്തുന്നതിന് യെമനിൽ ഹൂത്തികൾക്കെതിരായ സൈനിക നടപടിയിലൂടെ സാധിച്ചു. റഷ്യയും അമേരിക്കയും അടക്കമുള്ള ലോക ശക്തികളുമായി കൂടുതൽ ശക്തമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും സൽമാൻ രാജാവിന്റെ ഭരണത്തിനു കീഴിൽ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്. ഒക്‌ടോബറിൽ സൽമാൻ രാജാവ് നടത്തിയ റഷ്യൻ സന്ദർശനം ഉഭയകക്ഷി ബന്ധത്തിലെ പുതുയുഗപ്പിറവിക്ക് നാന്ദ്യം കുറിച്ചു. അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രഥമ വിദേശ സന്ദർശനത്തിന് സൗദി അറേബ്യയെ തെരഞ്ഞെടുക്കുകയും അറബ്, ഇസ്‌ലാമിക് ലോകവുമായി സംവദിക്കുന്നതിന് റിയാദിനെ വേദിയാക്കുകയും ചെയ്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം, ഇടക്കാലത്ത് വിള്ളൽ വീണ, സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പൂർവസ്ഥിതിയിലാക്കുന്നതിൽ വലിയ പങ്കു വഹിച്ചു.
 

Latest News