ഒ.ഐ.സി.സി സൗദി ദേശീയ പ്രസിഡന്റ് പി.എം നജീബ് അന്തരിച്ചു

ദമാം - കോണ്‍ഗ്രസ് നേതാവ് പരേതനായ കെ.സാദിരിക്കോയയുടെ മകനും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സൗദി നാഷനല്‍ പ്രസിഡന്റുമായ പുതിയങ്ങാടി പാലക്കട റോഡ് സുലൈഖാസില്‍ പി.എം.നജീബ് (61) നാട്ടില്‍ നിര്യാതനായി.

കോവിഡ് ബാധിച്ച് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക കേരള സഭ അംഗം കൂടിയായ നജീബ് കോവിഡ് കാലത്ത് ഉള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഫാറൂഖ് കോളജ് യൂണിയന്‍ ഭാരവാഹി, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാതാവ്. പി.എം.ബീവി. ഭാര്യ. സീനത്ത്. മക്കള്‍: സന നജീബ് (സൈക്കോളജിസ്റ്റ്), സാദ് നജീബ് (എന്‍ജിനീയറിങ് വിദ്യാര്‍ഥി). മരുമകന്‍: മുനവ്വര്‍ ഹുസൈന്‍ (ദമാം). സഹോദരങ്ങള്‍: പി.എം.നിയാസ് (കെ.പി.സി.സി ജനറല്‍ സെക്രട്ടറി), പരേതനായ പി.എം.അബ്ദുല്‍ നാസര്‍, പി.എം.ഷാജ്‌ന (റിയാദ്), പി.എം.ഷക്കീല. മയ്യിത്ത് നമസ്‌കാരം ബുധന്‍ രാവിലെ ഏഴരക്ക് കണ്ണംപറമ്പ് ജുമഅത്ത് പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, എ.പി അനില്‍ കുമാര്‍,  എം.കെ രാഘവന്‍ എം.പി, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അനുശോചിച്ചു.

 

 

Latest News