Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്കെല്ലാം രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍

ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധി രൂക്ഷമായ ദല്‍ഹിയില്‍ അടുത്ത രണ്ടു മാസത്തേക്ക് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചു. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഒറ്റത്തവണ സാമ്പത്തിക സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനര്‍ത്ഥം ലോക്ഡൗണ്‍ രണ്ടു മാസത്തേക്ക് നീളും എന്നല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ലോക്ഡൗണ്‍ നീട്ടുന്നതായി ദുര്‍വ്യാഖ്യാനം ചെയ്യരുത്. കോവിഡ് കേസുകള്‍ കുറയുന്നതോടെ വൈകാതെ വീണ്ടും എല്ലായിടവും തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാഴ്ച മുമ്പ് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഓരോ ആഴ്ചയും സര്‍ക്കാര്‍ നീട്ടുകയായിരുന്നു. കോവിഡ് വ്യാപന ശൃംഖല മുറിക്കുന്നതിനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ദിവസക്കൂലിക്കാരായ നിരവധി പേരുടെ വരുമാനം നിലച്ചിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്ത എല്ലാ നിര്‍മാണ തൊഴിലാളികള്‍ക്ക് 5000 രൂപയുടെ ധനസഹായം കഴിഞ്ഞയാഴ്ച നല്‍കിയിട്ടുണ്ട്. രോഗികളാകുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. ഇതൊന്നും മതിയായതാണെന്ന് പറയാനാവില്ലെങ്കിലും സാമ്പത്തിക ഭാരം കുറക്കാന്‍ സഹായിക്കും. കഴിഞ്ഞ വര്‍ഷം 1.56 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ ഈ സഹായം നല്‍കിയിട്ടുണ്ടെന്നു കേജ്‌രിവാള്‍ പറഞ്ഞു. 

ദല്‍ഹിയില്‍ ദിനംപ്രതി കാല്‍ലക്ഷം കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ടെസ്റ്റിങ് കുറച്ചതോടെ ഇത് 18,043 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമെന്ന ഉയര്‍ന്ന തോതിലാണ്.
 

Latest News