Sorry, you need to enable JavaScript to visit this website.

ബംഗാളിലെ വ്യാപക അക്രമം; പ്രധാനമന്ത്രി മോഡി ഗവര്‍ണറെ വിളിച്ചു, ബിജെപി സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയ വിജയം നേടിയതിനു പിന്നാലെ വ്യാപകമായി ഉണ്ടായ അക്രമ സംഭവങ്ങളില്‍ കടുത്ത ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ മോഡി ആശങ്ക പ്രകടിപ്പിച്ചു. ഈ ആശങ്ക താനും പങ്കുവയ്ക്കുന്നതായും അതിക്രമങ്ങളും കൊള്ളയും തീവെപ്പും കൊലയും തുടരുകയാണെന്നും ഗവര്‍ണര്‍ ട്വീറ്റിലൂടെ അറിയിച്ചു. ബന്ധപ്പെട്ടവര്‍ ഉടന്‍ ഇത് അവസാനിപ്പക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വക്താവ് മുതിര്‍ന്ന അഭിഭാഷകനായ ഗൗരവ് ഭാട്ടിയ സുപ്രീം കോടിതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്. 24 പര്‍ഗാനാസ് ജില്ലയില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും നഡ്ഡ സന്ദര്‍ശിക്കും.

പുതിയ തൃണമൂല്‍ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായ മമത ബാനര്‍ജി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന മേയ് അഞ്ചിന് ബിജെപി രാജ്യവ്യാപകമായി ധര്‍ണ പ്രഖ്യാപിച്ചിട്ടുണ്ട്. മമത അധികാരമേല്‍ക്കുന്നതു വരെ ഗവര്‍ണര്‍ക്കാണ് സംസ്ഥാനത്തിന്റെ ഭരണചുമതല. പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രം കൂടി ഇടപെട്ടതോടെ ഗവര്‍ണര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

ബിജെപിയുടെ വന്‍പ്രചരണങ്ങളെ തറപ്പറ്റിച്ച് 213 സീറ്റു നേടി തൃണമൂല്‍ വിജയിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായി രാഷ്ട്രീയാതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിനു പിന്നില്‍ തൃണമൂലാണെന്ന് ബിജെപി ആരോപിക്കുന്നു. ബിജെപി ആണെന്ന് തൃണമൂലും ആരോപിക്കുന്നു. തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായ് തൃണമൂല്‍ പറയുന്നു. തങ്ങളുടെ ആറു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപി പറയുന്നു. നിരവധി ബിജെപി ഓഫീസുകള്‍ തകര്‍ത്തെന്നും മമതയെ തോല്‍പ്പിച്ച സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമിലെ ഓഫീസും തകര്‍ത്തെന്നും ബിജെപി ആരോപിച്ചു. അധികാരിയുടെ കാറും ആക്രമിക്കപ്പെട്ടതായി അവര്‍ പറയുന്നു. 24 പര്‍ഗാനാസ് ജില്ലയില്‍ തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി കോണ്‍ഗ്രസ്-ഇടത് സഖ്യകക്ഷിയായ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും അറിയിച്ചു.

Latest News