മോഡി വിരാട് രൂപം പുറത്തെടുക്കണമെന്ന്; കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ എന്നന്നേക്കുമായി പൂട്ടി

ന്യൂദല്‍ഹി- ബംഗാളില്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് വിദ്വേഷം പ്രചരിപ്പിച്ചതിന് നടി കങ്കണ റണൗത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ എന്നന്നേക്കുമായി പൂട്ടി. വിദേഷ്വപരവും മോശവുമായ പെരുമാറ്റം തടയുന്ന ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി എന്ന് ട്വിറ്റര്‍ അറിയിച്ചു. ട്വിറ്ററിന് വംശീയ മുന്‍വിധിയാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം. തന്റെ ശബ്ദം കേള്‍പ്പിക്കാന്‍ വേറെയും പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടെന്നും കങ്കണ തിരിച്ചടിച്ചു. ബംഗാളില്‍ മമത ബാനര്‍ജിയെ 'ഒതുക്കാന്‍' രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ കാണിച്ച തന്റെ 'വിരാട് രൂപം' പ്രധാനമന്ത്രി മോഡി പുറത്തെടുക്കണം എന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. വിദ്വേഷപരമായ ഈ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. കങ്കണയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

ഇതിനു പിന്നാലെയാണ് ട്വിറ്ററിന്റെ ചട്ടങ്ങള്‍ പലതവണ ആവര്‍ത്തിച്ച് ലംഘിച്ചതിന് കങ്കണയുടെ അക്കൗണ്ട് എന്നത്തേക്കുമായി പൂട്ടിയിരിക്കുകയാണെന്ന് ട്വിറ്റര്‍ വക്താവ് വ്യക്തമാക്കിയത്. ഓഫ്‌ലൈനായി ദോശംചെയ്യുന്ന പെരുമാറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

നിരന്തരം പ്രകോപനപരവും വിദ്വേഷപരവുമായി ട്വീറ്റുകളിടുന്ന കങ്കണ ഈ പേരില്‍ സമൂഹമാധ്യമങ്ങളില്‍ കുപ്രസിദ്ധി നേടിയ ആളാണ്. ട്വിറ്ററില്‍ അടികിട്ടിയ കങ്കണ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ചെന്നാണ് കലിപ്പ് തീര്‍ത്തത്. ബംഗാളില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്നും ബാലാത്സംഗത്തിനിരയാകുകയും വീടുകള്‍ തീയിട്ട് നശിപ്പിക്കുകയാണെന്നും അവിടെ രാഷ്ട്രപതി ഭരണം വേണമെന്നുമാണ് കങ്കണ ഇന്‍സ്റ്റയില്‍ ആവശ്യപ്പെട്ടത്.

Latest News