Sorry, you need to enable JavaScript to visit this website.

VIDEO - ജിദ്ദയില്‍ പുരാതന കെട്ടിടം ഭാഗികമായി തകര്‍ന്നു

ഹിസ്റ്റോറിക് ജിദ്ദ ഏരിയയില്‍ ഭാഗികമായി തകര്‍ന്ന മുഹമ്മദ് സാകിര്‍ ഹൗസ്.

ജിദ്ദ - ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലെ പുരാതന കെട്ടിടം ഭാഗികമായി തകര്‍ന്നു. മുഹമ്മദ് സാകിര്‍ ഹൗസ് ആണ് തകര്‍ന്നത്. ഹിസ്റ്റോറിക് ജിദ്ദയിലെ ഏറ്റവും പഴയ ആശാരിയും ബാല്‍ക്കണി നിര്‍മാണ വിദഗ്ധനുമായ മുഹമ്മദ് സാകിര്‍ ഒരു മാസം മുമ്പാണ് അന്തരിച്ചത്. ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലെ പുരാതന വീടുകള്‍ സംരക്ഷിക്കുന്നതിനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കെട്ടിടമാണ് തകര്‍ന്നത്.
സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്നു. നഗരമധ്യത്തിലെ പ്രധാനപ്പെട്ട പുരാതന കെട്ടിടങ്ങളില്‍ ഒന്നായിരുന്നു ഇത്. 98 വര്‍ഷം മുമ്പ് ഹിജ്‌റ 1344 ല്‍ ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് ജിദ്ദയിലെത്തിയപ്പോള്‍ തങ്ങിയ നസീഫ് ഹൗസിനു സമീപത്തായാണ് സാകിര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
അപകടത്തില്‍ ആര്‍ക്കെങ്കിലും ആളപായമോ പരിക്കോ ഇല്ലെന്ന് ഹിസ്റ്റോറിക് ജിദ്ദ ഡെവലപ്‌മെന്റ് പ്രോഗ്രാം അറിയിച്ചു. ഈ കെട്ടിടത്തിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാരെ മാസങ്ങള്‍ക്കു മുമ്പ് ഒഴിപ്പിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി കെട്ടിടത്തിനു ചുറ്റും വേലി സ്ഥാപിക്കുകയും മുഴുവന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ജിദ്ദയില്‍ ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളുടെ കൂട്ടത്തില്‍ പെട്ട കെട്ടിടമാണ് ഇതെന്നും ഹിസ്റ്റോറിക് ജിദ്ദ ഡെവലപ്‌മെന്റ് പ്രോഗ്രാം പറഞ്ഞു.


 

 

 

Latest News