Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരുടെ അന്താരാഷ്ട്ര വിമാന യാത്രകള്‍ മുടങ്ങിയേക്കും,  ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യയിലെ 30  പേര്‍ക്ക് കോവിഡ് 

ന്യൂദല്‍ഹി-ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസിന് തിരിച്ചടിയായി ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ മുപ്പത്  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോകരാജ്യങ്ങള്‍ വിഷയം ഗൗരവത്തിലെടുക്കുന്നതോടെ ഇന്ത്യക്കാരുടെ അന്താരാഷ്ട്ര പറക്കലുകള്‍ തല്‍ക്കാലം നിലച്ചേക്കാന്‍ സാധ്യതയേറി.  ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് കൂടുതല്‍ കര്‍ശനമാക്കാന്‍ രാജ്യങ്ങള്‍ തീരുമാനിക്കും. ഇത് പ്രവാസികള്‍ക്കാണ് വലിയ തിരിച്ചടിയാവുക. ഇറ്റലിയിലെത്തിയ അമൃത്‌സര്‍- റോം എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 30 പേരില്‍ രണ്ട് പേര്‍ ഫ്‌ളൈറ്റ് ക്രൂ അംഗങ്ങളാണെന്നും ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ ഉണ്ടായിരുന്ന രോഗബാധിതര്‍ ഉള്‍പ്പെടെ 242 പേരെയും ക്വാറന്റീനിലേക്ക് മാറ്റി. 
ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഇറ്റലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ടുമായി മടങ്ങിയെത്താന്‍ അനുമതി നല്‍കിയിരുന്നു. 14 ദിവസത്തിനിടെ ഇന്ത്യയില്‍ നിന്ന് ഇറ്റലിയില്‍ മടങ്ങിയെത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഇറ്റാലിയന്‍ ആരോഗ്യ മന്ത്രി റോബര്‍ട്ട് സ്‌പെറന്‍സ അറിയിച്ചിരുന്നു. ഇങ്ങനെയെത്തിയവരാണ് പോസിറ്റിവായത്. 
അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നിവയൊക്കെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് കര്‍ശനമാക്കിയിട്ടുണ്ട്. യുകെ നേരത്തെ തന്നെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുഎഇയും ഒമാനും സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് ഇന്ന് മുതലാണ് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് . ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതുമാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമെന്ന് പ്രസ് സെക്രട്ടറി ജെന്‍ പ്‌സാക്കി പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ക്കും യു എസില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും വിലക്ക് ബാധകമല്ല. ആരോഗ്യ പ്രവര്‍ത്തകരെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ 14 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലയെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.


 

Latest News