Sorry, you need to enable JavaScript to visit this website.

ഇനിയും എന്തിനാണ് ഉറങ്ങുന്ന ഒരു പ്രസിഡന്റ്? കുഴപ്പിച്ച് ഹൈബി ഈഡന്റെ ഫെയ്‌സ്ബുക്ക് ചോദ്യം

കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും വീണ്ടും കനത്ത പരാജയമേറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ ഒരു പ്രസിഡന്റിനെതിരെ യുവ നേതാവ് ഹൈബി ഈഡന്‍ ഫെയ്ബുക്കില്‍ ചോദ്യവുമായി രംഗത്തെത്തിയത് ഏവരേയും കുഴപ്പിച്ചു. ഇംഗ്ലീഷിലെഴുതിയ പോസ്റ്റില്‍ പരാമര്‍ശിച്ച പ്രസിഡന്റ് ആരാണെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ഫെയ്ബുക്കിലെ പ്രതികരണ ആക്ടിവിസ്റ്റുകള്‍. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, സംസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇന്ത്യയുടെ പ്രിസഡന്റ് റാം നാഥ് കോവിന്ദ് തുടങ്ങി മൂന്നു പ്രസിഡന്റുമാരിലേക്കും എത്താവുന്ന ഒളിയമ്പാണ് ഹൈബി തൊടുത്തു വിട്ടത്.

Video Report: ദല്‍ഹിയിലേക്ക് ഇനി മമത?

മോഡി സര്‍ക്കാരിന്റെ വീഴ്ച കാരണം ഇന്ത്യ കടുത്ത കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മൗനംപാലിക്കുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് ഹൈബി ഉദ്ദേശിച്ച പ്രസിഡന്റ് എന്ന് ഒരു വിഭാഗം സംശയം പ്രകടിപ്പിക്കുമ്പോള്‍ പോസ്റ്റിന് കമന്റ് ചെയ്തവരില്‍ ഏറെ പേരും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്കെതിരെയുള്ള ഒളിയമ്പായാണ് ഈ ചോദ്യത്തെ വ്യാഖ്യാനിച്ചത്.  

യുഡിഎഫിന്റെ പരാജയം കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിയാന്‍ മുല്ലപ്പള്ളിക്കുമേല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് അനൗദ്യോഗികമായി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. മുല്ലപ്പള്ളിയുടെ നിലപാട് തിരിച്ചടിച്ചുവെന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പരസ്യമായി പറയുകയുണ്ടായി. പല നേതാക്കളും മുല്ലപ്പള്ളിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട് എന്നതിനാല്‍ ഹൈബിയുടെ ഒളിയമ്പ് മുല്ലപ്പള്ളിയെ തന്നെ ഉദ്ദേശിച്ചാണെന്ന് ഒരു കൂട്ടര്‍. 

ഹൈബി ലക്ഷ്യമിട്ടത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് സോണിയാ ഗാന്ധിയാണോ എന്നും മറ്റൊരു കൂട്ടര്‍ സംശയം പ്രകടിപ്പിക്കുന്നു. പോസ്റ്റ് ഇംഗ്ലീഷിലാണെന്നതിനാല്‍ പലരും ഇത് സോണിയാ ഗാന്ധിക്കെതിരെയുള്ള ഒളിയമ്പ് ആയും കാണുന്നു. ദേശീയ തലത്തില്‍ ബംഗാളില്‍ ബിജെപിക്കെതിരെ മമത ബാനര്‍ജി നേടിയ മിന്നും ജയവും മോഡിക്കും അമിത് ഷാക്കുമെതിരെ അവര്‍ കാഴ്ചവച്ച ഉജ്വലമായ പോരാട്ടവീര്യവും ചൂണ്ടിക്കാട്ടിയാണ് പലരും ഇങ്ങനെ സംശയം പ്രകടിപ്പിക്കുന്നത്. 

പാര്‍ട്ടി കാര്യം പാര്‍ട്ടി വേദികളില്‍ പറയണം എന്ന് അണികളെ ഉപദേശിക്കാറുള്ള ഹൈബി ഇതെന്തിന് പരസ്യമായി പറഞ്ഞുവെന്ന് കോണ്‍ഗ്രസിന്റെ സജീവ സൈബര്‍ ആക്ടിവിസ്റ്റ് ശീബ രാമചന്ദ്രന്‍ കമന്റ് ചെയ്തു. ഹൈബിയുടെ ചോദ്യത്തില്‍ കാര്യമില്ലാതില്ലെന്നും ശീബ കൂട്ടിച്ചേര്‍ത്തു. ഏതായാലും ഹൈബി ഉദ്ദേശിച്ച പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ കുഴങ്ങിയിരിക്കുകയാണ് ഈ പോസ്റ്റിനു താഴെ കമന്റുമായി രംഗത്തെത്തിയവര്‍.

Latest News